മദ്യകമ്പനികളുടെ കമ്മീഷൻ ഇടപാട് പൊളിക്കാൻ ശ്രമിച്ച ബിവറേജസ് കോർപറേഷൻ എം.ഡി. എസ്. ശ്യാംസുന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. മദ്യക്കുപ്പികളിൽ ബാർകോഡ് കൊണ്ടുവരാൻ ശ്രമിച്ചത് ഈ രംഗത്തെ കുത്തക കമ്പനികളുടെയം എക്സൈസ് തലവരുടെയും വിദ്വേഷത്തിന് കാരണമായിരുന്നു.
കൂടാതെ കമ്പനികളുടെ വിലകൂട്ടാതിരുന്നതും സ്ഥിരം ബ്രാൻഡുകൾ വിതരണം ചെയ്യുന്നവരുടെ കുത്തക അവസാനിപ്പിക്കാൻ നോക്കിയതും ശ്യാംസുന്ദറിനെ വൻകിട മദ്യക്കമ്പനികൾക്ക് അപ്രിയനാക്കിയിരുന്നു.
മദ്യക്കമ്പനി പ്രതിനിധികളും വിതരണക്കാരും സർക്കാരുമായി നടത്തിയ ചർച്ചകൾക്കുപിന്നാലെയാണ് ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി.യായി മാറ്റിയുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
സർക്കാർ നിയന്ത്രണത്തിലുള്ള മദ്യ കോർപ്പറേഷനുകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ബ്രാൻ്റ് എന്നതിന് പകരം ഇടനിലക്കാർക്ക് നേട്ടമുള്ളത് എന്ന മാനദണ്ഡമാണ് പുലരുന്നത് എന്ന് ആരോപണമുണ്ടായിരുന്നു. മാത്രമല്ല കോടികളുടെ ബിസിനസിൽ ഇടനില ലോബ വളരെ ശക്തവുമാണ്. എക്സൈസ് വകുപ്പിനും ഓവർ ടൈം പോലുള്ള നേട്ടങ്ങൾ പരോക്ഷമായും ഉണ്ട്.
പോലീസ് ആസ്ഥാനത്തെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. യോഗേഷ് ഗുപ്തയാണ് ബെവ്കോയുടെ പുതിയ എം.ഡി. യോഗേഷ് ഗുപ്ത നേരത്തേ ബെവ്കോ എം.ഡി.യായിരുന്നു. തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെത്തുടർന്നാണ് ഏഴുമാസമായപ്പോൾ അദ്ദേഹത്തെ മാറ്റിയത്.
ബാർകോഡ് നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് എക്സൈസിലെ ഉന്നതരും ശ്യാംസുന്ദറിനെതിരേ തിരിഞ്ഞു. ബാർകോഡുവന്നാൽ എക്സൈസുകാരുടെ ഇടപെടൽ കുറയുമെന്നും ഓവർടൈം ഇല്ലാതാകുമെന്നും മദ്യക്കമ്പനികളിന്മേലുള്ള പിടി അയയുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഇത്.
ശ്യാംസുന്ദറിന്റെ കാലത്ത് സമ്പൂർണ കംപ്യൂട്ടർവത്കരണം, വിൽപ്പനശാലകളിലുൾപ്പെടെ സി.സി.ടി.വി. സ്ഥാപിക്കൽ, പഞ്ചിങ് നടപ്പാക്കൽ, മദ്യക്കുപ്പികളിൽ ബാർകോഡ് നടപ്പാക്കാനുള്ള ശ്രമം, പ്രത്യേക ബ്രാൻഡുകളുടെ കുത്തക അവസാനിപ്പിച്ച് കൂടുതൽ മദ്യക്കമ്പനികളെ ഉൾപ്പെടുത്തൽ തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നു. ടേൺഓവർ ടാക്സ് മദ്യക്കമ്പനികൾ നേരിട്ട് സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവിറക്കി.

ഈ പരിഷ്കരണങ്ങളെല്ലാം മദ്യവിതരണക്കാർക്കും ഇടനിലക്കാർക്കും അസ്വസ്ഥതയുണ്ടാക്കി. വിലകുറഞ്ഞ മദ്യം നൽകുന്നതിൽനിന്ന് പ്രമുഖകമ്പനികൾ വിട്ടുനിന്നു. വിൽപ്പനശാലകളിൽ ബഹളമുണ്ടായതും എം.ഡി.ക്ക് എതിരാവുകയും ചെയ്തു.
പഞ്ചിങ് നടപ്പാക്കിയത് സംഘടനാപ്രവർത്തനം നടത്തുന്ന നേതാക്കളെയുൾപ്പെടെ വെട്ടിലാക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരെയും നേതാക്കൾ പഞ്ചിങ്ങിനെതിരേ രംഗത്തുകൊണ്ടുവന്നു.
ബാർകോഡ് നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന ലേബലിങ് തൊഴിലാളികളെ ചില്ലറ വിൽപ്പനശാലകളിലേക്കു മാറ്റാൻ നീക്കം നടത്തിയതും പ്രശ്നമായി.


