മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് പള്ളിയിലെ അതിക്രമം കണ്ടെത്തുന്നത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പള്ളിക്കകത്ത് തീയിട്ടതായും കണ്ടെത്തി. ഭിത്തിയില്‍ അക്രമികൾ ‘റാം’ എന്ന് ഹിന്ദിയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
ഗോത്രവിഭാഗക്കാര്‍ കൂടുതലായുള്ള സുഖ്താവ ജില്ലയിലെ ചൗക്കിപുര ഗ്രാമത്തിലാണ് അക്രമം. ചർച്ചിലെ ജനലുകളില്‍ ഘടിപ്പിച്ചിരുന്ന വല നീക്കിയ ശേഷമാണ് അക്രമികള്‍ അകത്ത് കയറിയതെന്ന് നര്‍മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരണ്‍ സിങ് അറിയിച്ചു. മതഗ്രന്ഥങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നിർമ്മിച്ച ആരാധനാലയമാണ്. ഇവാഞ്ചലിക്കൽ ലൂഥറൻ ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ആരാധനാലയം. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇതേസമയം ഇൻഡോറിൽ സുഹൃത്തിൻ്റെ പിറന്നാൾ പാർട്ടിക്ക് പങ്കെടുക്കാനെത്തിയ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തു. ലൌ ജിഹാദ് എന്ന് ആരോപിച്ച് ബർത് ഡേ പാർട്ടിക്ക് എത്തിയ യുവാവിനെ അയൽക്കാരായ ഒരു സംഘം മർദ്ദിക്കയായിരുന്നു.
മർദ്ദനത്തിന് ശേഷം എല്ലാവരെയും ഭീഷണിപ്പെടുത്തിയ സംഘം യുവതിയെയും കൂട്ടുകാരനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ലൌ ജിഹാദിന് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി ന്യസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുവതി ഇത് നിഷേധിക്കയും സുഹൃത്തുക്കൾ ചേർന്ന് പിറന്നാൾ ആഘോഷത്തെ കുറിച്ച് അറിയിക്കയും ചെയ്തതോടെ പൊലീസ് കേസ് എടുക്കാതെ വിട്ടു. ഇതോടെയാണ് സംഭവം വാർത്തയായത്.


