Saturday, February 21, 2026

മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് മറുപടിയുമായ് മന്ത്രി നിർമല സീതാരാമൻ

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ സ്ഥിതിവിവര കണക്കുകൾ ഉന്നയിച്ചുള്ള പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന് ചോദിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ സ്ഥിതികൾ മുൻനിർത്തി മഹുവ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് മുഖം തിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാർ എന്ന നിലയ്ക്കായിരുന്നു ലോക് സഭയില്‍ നിര്‍മല സീതാരാമന്റെ മറുപടി.

“ആരാണ് പപ്പു എന്നും എവിടെയാണ് പപ്പുവെന്നും ബഹുമാനപ്പെട്ട അംഗം മഹുവ മൊയ്ത്ര ചോദിക്കുകയുണ്ടായി. അവര്‍ സ്വന്തം സ്വന്തം നാട്ടിലേക്ക് തന്നെ നോക്കണം. പശ്ചിമബംഗാളില്‍ തന്നെ അവര്‍ക്ക് പപ്പുവിനെ കണ്ടെത്താം. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മികച്ച പദ്ധതികള്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ബംഗാള്‍ പക്ഷെ അവ വിതരണം ചെയ്യുന്നില്ല. നിങ്ങള്‍ മറ്റെവിടെയും പപ്പുവിനെ തിരയേണ്ടതില്ല.”. ലോക്‌സഭയില്‍ അധിക ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആരാണ് തീപ്പെട്ടി ഭ്രാന്തനെ ഏല്പിച്ചത്

“ആരാണ് തീ കൊളുത്തിയത് എന്നതല്ല ചോദ്യം, ആരാണ് തീപ്പെട്ടി ഒരു ഭ്രാന്തനെ ഏല്‍പ്പിച്ചത് ?”എന്ന മഹുവയുടെ ചോദ്യം നിലവാരമില്ലാത്തതാണെന്ന്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. നേതാക്കള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച് ജനങ്ങളെ തരംതാഴ്ത്തരുത്. ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രസംഗം. വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. മഹുവ കണക്കുകൾ നിരത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്‍ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നതിനിടെയാണ് ഇപ്പോള്‍ പപ്പു ആരാണ് എന്ന് മഹുവ ചോദ്യമുയര്‍ത്തിയത്. വ്യവസായികളുടേയും സമ്പന്നന്‍മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ചൂണ്ടി കാട്ടി. 32 കേസുകളിൽ മാത്രമാണ് കുറ്റം കണ്ടെത്തിയത്. 5422 കേസുകളിലായി ഇ ഡി അന്വേഷണം നടത്തിയപ്പോഴാണ് ഇത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...