കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22-കാരൻ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത് റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് ഇർഫാൻ പുറത്ത് കടന്നത്.
ഇവിടെ നിന്ന് പുറത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോകുന്നതിനിടെ മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മോഷണക്കേസുകളില്‍ പ്രതിയായി ഇയാള്‍ കോഴിക്കോട് ജില്ലാ ജയില്‍ റിമാന്‍ഡിലായിരുന്നു. അവിടെ നിന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.