മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി തവിലിട്ട മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് ബാധകം ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 67 വയസ്സുകാരനായ ഇബ്രാഹിമിന്റെ മോശം ആരോഗ്യ അവസ്ഥ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
യുഎപിഎ നിയമത്തിലെ 43 D(5) പ്രകാരം ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ വാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍.ഐ.എയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
2014 ഏപ്രില്‍ 24ന് മാവോയിസ്റ്റ് രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവര്‍ വെള്ളമുണ്ടയിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആയുധം എത്തിച്ച് നല്‍കുകയും പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് ഇബ്രാഹിമിനെതിരായ കേസ്
വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2015 ജൂലായ് 13ന് ആയിരുന്നു ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു.


