മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്‌സോ (POCSO) കേസ്. കൊച്ചിയിലെ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെയാണ് പോക്സോ കേസ്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഷൈജുവിന്റെ സുഹൃത്തായ മറ്റൊരു യുവതിയും കേസില്‍ പ്രതിയാണ്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.