പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. ഇതോടെ ബി ജെ പി സോഷ്യൽ മീഡിയ ഇടങ്ങളിൽ അനിൽ താരമായി മാറി.
ബി.ജെ.പിയോടുള്ള വലുതായ വിയോജിപ്പുകള്‍ എല്ലാം നിലനിൽക്കെ തന്നെ ബി ബി സിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അനിൽ ട്വിറ്ററില്‍ കുറിച്ചത്.
രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്‍റെ ഭിന്ന നിലപാടുമായി രംഗത്തെത്തിയത്.
ഞെട്ടിയത് കോൺഗ്രസ്
രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ദേശവ്യാപക യാത്ര നടത്തുമ്പോള്‍ ആ യാത്രയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ തന്നെ ആ ആശയത്തിന് അനുകൂലമെന്ന് പാര്‍ട്ടി വ്യാഖ്യാനിക്കുന്ന ഒരു ഡോക്യുമെന്‍ററിക്കെതിരെ രംഗത്ത് വന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. യുവ ആൻ്റണിയുടെ രാഷ്ട്രീയ ഭാവി ചിന്ത തന്നെയും ഇതിനിടെ ചർച്ചയിലെത്തി.
മോഡി വിരുദ്ധതയെ ഇന്ത്യാ വിരുദ്ധമെന്ന വിശേഷണത്തോടെയാണ് എകെ ആന്‍റണിയുടെ മകന്‍ രംഗത്തു വന്നിരിക്കുന്നത്. മാത്രമല്ല, ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ ബിബിസിയുടെ ഭിന്നിപ്പിന്‍റെ ചരിത്ര പാരമ്പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ഡോക്യുമെന്‍ററിയെ എതിര്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്.
‘ഇന്ത്യയിലുള്ളവര്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് അമിത പ്രധാന്യം കല്‍പിക്കുന്നത് അപകടകരമാണ്. ഇത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ്. മുന്‍വിധികളുടെ ദീര്‍ഘചരിത്രമുള്ളതും ബ്രീട്ടീഷ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ ചാനലാണ് ബിബിസി. എന്നാണ് അനിൽ കുറിക്കുന്നത്. ട്വീറ്റ് ചുവടെ
യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ് ഐയും അടക്കമുള്ള നിരവധി പ്രതിപക്ഷ യുവജനസംഘടനകള്‍ രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന നിലാപാടാണ് ബി.ജെ.പിക്കുള്ളത്.


