Monday, August 18, 2025

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…

- ശ്രീനാഥ് രഘു

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിൻ നമ്പർ 16301/ 16302 വേണാട് എക്സ്പ്രസ്, മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടൻ എത്തി ചേരുന്നതാണ്.” ഏറ്റുമാനൂർ റെയ്ൽവേ സ്റ്റേഷനിൽ ഈ ഒരു അന്നൗൺസ്മെൻ്റ് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ കൈയിലൊരു സീസൺ ടിക്കറ്റും ഏറ്റുമാനൂർ to പിറവം റോഡ്, ഒരു ട്രാൻസ്ഫർ ഓർഡറും.

ദീർഘകാലത്തെ അവധിക്ക് ശേഷം എൻ്റെ സഹകരണ പ്രസ്ഥാനത്തിലെ വെള്ളൂർ ബ്രാഞ്ചിലാണ് എനിക്ക് ട്രാൻസ്ഫർ ഡ്യൂട്ടി.
ദൂരം, കുഞ്ഞ്, വീട്ടിലേക്ക് കാര്യങ്ങൾ, പാർട്ടി ഇനിയൊന്നും നടക്കില്ല, നേരത്തെ ഉള്ള യാത്ര, താമസിച്ചുള്ള മടക്കം ഒക്കെ ആകെക്കൂടെ ഒരു മടുപ്പ് തോന്നി, എങ്കിലും…

ഇന്ന് ആ നാടിനോടും എൻ്റെ വേണാട് യാത്രികരോടും യാത്ര പറഞ്ഞ് പോരുമ്പോൾ എന്തോ ഒരു വിങ്ങൽ ഉള്ളിൽ..തിരിച്ചുള്ള യാത്രയിൽ ഞാൻ സ്വയം തിരിച്ചറിയുകയായിരുന്നു എനിക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു, ഇനിയും തിരിച്ച് കിട്ടാത്ത ഒന്നിൻ്റെ വിങ്ങൽ പോലെ..

ഒരുപാട് area ഉള്ള വെള്ളൂർ ബ്രാഞ്ച്,
വെള്ളൂരും, തോന്ന്ല്ലൂരും, വടകരയും, കരിപ്പാടവും, ഇറമ്പയവും, ഇടതുപക്ഷ ഹൃദയമുള്ള നാട്. ഏവർക്കും രാഷ്ട്രീയമുള്ള, രാഷ്ട്രീയ നിലപാടുള്ള മനുഷ്യർ. ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഞാൻ ആ നാട്ടുകാരനായി മാറുകയായിരുന്നു.

തീവണ്ടിചൂളം വിളികളും, വെള്ളൂർ പുഴയുടെ തണുപ്പും, ഫാക്ടറി അലാറം കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരു ഗ്രാമം. ഉപജീവനത്തിനായി, അതിജീവനത്തിനായി വന്നെത്തിയവരുടെയും,അവരെ വരവേറ്റവരുടെയും നാട്, തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നാട്. അവരുടെ കഥയാണ് ഞാൻ ഇത്രയുംനാൾ കേട്ടുകൊണ്ടിരുന്നത്. അതിൽ പ്രതികാരമുണ്ട്, പ്രണയമുണ്ട്, നഷ്ടങ്ങളുടെ കുറെ സ്വപ്നങ്ങളുണ്ട്, നന്മയുള്ള കുറെ മനുഷ്യരുണ്ട്. അതിൽ ഒരുപാട് പേരെ യാത്രയാക്കിയ, ഒരുപാട് പേരോട് യാത്ര പറഞ്ഞും പറയാതെയും പോയ ഒരു റയിൽവേ സ്റ്റേഷനുണ്ട്, മുറിവുണക്കിയ വെള്ളൂർ പുഴയുണ്ട്, അതിനുമപ്പുറം ഒരുപാട് പേരുടെ കഥകൾ ഉറങ്ങുന്ന മണ്ണാണിവിടം.

ആ നാട് എന്നെ കാണിക്കാൻ തൻ്റെ മകളുടെ പേരെഴുതിയ ഓട്ടോയിൽ വിജയൻ ചേട്ടൻ, എൻ്റെ സന്തത സഹചാരിയായിരുന്നു. സമാനമനസുള്ള 2 പേർ. എഴുതാനറിയില്ലെങ്കിലും നാട്ടുകാരുടെ, നാടിൻ്റെ, നാഡീനടുപ്പ് അറിയാവുന്ന നല്ലൊരു മനുഷ്യൻ. ഒന്ന് വിട പറയാൻ പോലും ഞാൻ നിൽക്കാതെ, “പിന്നെകൂടാം വിജയൻ ചേട്ടാ” എന്ന് പറയുമ്പോൾ എൻ്റെ അച്ഛൻ്റെ അടുത്ത് പ്രായമുള്ള ആ മനുഷ്യനും ഞാനും പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

തട്ടാവേലി പാലത്തിനപ്പുറം ഒരു ചായകുടിയിൽ ഇരുന്നുകൊണ്ട് പോയകാലത്തിൻ്റെ, തൻ്റെ പാർട്ടിയുടെ ചരിത്രവും, നാടിൻ്റെ പശ്ചാത്തലവും പഠിപ്പിക്കുന്ന ഗൗതമൻ ചേട്ടൻ. പുതിയ ഒരു രാഷ്ട്രീയ സംസ്ക്കാരം ആ നാട് എനിക്ക് കാണിച്ച് തരുന്നു. അതിൽ മനുഷ്യത്വവും, മനുഷ്യനും മാത്രമേയുള്ളൂ. പിന്നെ ജീവിതത്തിൻ്റെ പ്രാരാബ്ധം വീട്ടാൻ ലോൺ എടുത്ത് കുടിശ്ശികയായ എത്രയോ പാവം മനുഷ്യർ, അവരുടെ ജീവിതങ്ങൾ.. ജീവിതം ഇങ്ങനെയൊക്കെക്കൂടെയാണ് എന്ന് എന്നെ പഠിപ്പിക്കുന്നു.

പിന്നെ എൻ്റെ പ്രിയപ്പെട്ട ട്രെയിൻ യാത്രികൻ, മുരളി. ഞാനും മുരളിയും 20 മിനിറ്റ് ഉള്ള ട്രെയിൻ യാത്രക്കിടയിൽ ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കുന്നു. സൗഹൃദത്തിന് മറ്റ് ബന്ധത്തേക്കാൾ സ്ഥാനവും മാനവും ഉണ്ടെന്ന് എന്നെ പഠിപ്പിക്കുന്നു.

പിന്നെ ജോയിയേട്ടൻ. ജോയിയേട്ടൻ്റെ കോഫി കുടിക്കാതെ വൈകിട്ട് വേണാട് ട്രെയിനിൽ കേറാനാവില്ല.സ്നേഹത്തിൽ കോഫി കലർത്തുന്ന എന്ത് മായാജാലമാണ് ജോയിയേട്ടൻ അതിൽ ചേർക്കുന്നത് എന്ന് എനിക്കറിയില്ല!
എങ്കിലും…

ഒരു ട്രാൻസ്ഫർ വരും എന്ന് കരുതി കാത്തിരിക്കുന്ന ശാസ്താംകോട്ടക്കാരി വിദ്യചേച്ചി, പിന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് സൗമ്യ. പുതിയ കാലത്തിൻ്റെ സ്ത്രീകൾ independent ആയി ജീവിക്കണമെന്നും ഒരു ചെറുപ്പക്കാരി എത്രമാത്രം bold ആയിരിക്കണമെന്നും പഠിപ്പിച്ച് തരുന്നു. എന്നും ചിരിയോടെ സംസാരിക്കുന്ന 2 പേർക്കിടയിലുള്ള സംസാരങ്ങളിൽ ഒരിക്കലും മടുപ്പ് തോന്നാത്ത പ്രിയപ്പെട്ട കൂട്ടുകാരി. പിന്നെയും എത്രയോ മനുഷ്യർ!
ഒരിക്കൽ തലകറങ്ങി വീണപ്പോൾ എന്നെ താങ്ങിയെടുത്ത സതീഷേട്ടൻ. ട്രെയിൻ യാത്രക്കിടയിൽ കണ്ടും സംസാരിച്ചും ചിരിച്ചും സമയം കളഞ്ഞ എത്രയോ മനുഷ്യർ!

മടിയാണ് എഴുതാൻ, അത്കൊണ്ട് നിർത്തുന്നു. മനുഷ്യൻ്റെ കഥ പറഞ്ഞ് തുടങ്ങിയാൽ കടൽ പോലും തോൽക്കും!

ജീവിതത്തിൽ ആദ്യമായി ലോട്ടറി അടിച്ചതും അവിടെ വെച്ചാണ്. ലോട്ടറി ശശി ചേട്ടനും ഞാനും തമ്മിൽ അധികം സംസാരിക്കാറില്ല. അപ്രതീക്ഷിതമായി കയറിവന്ന് ലോട്ടറി നീട്ടി ” ഇത് നിനക്കുള്ളതാടാ ” എന്ന് പറയുന്ന പഴയ തൊഴിലാളി നേതാവിനെ എനിക്ക് മറക്കാനാവുമോ..

യാത്ര ചോദിക്കുന്നില്ല, വാക്കുകൾ നനയുന്നു. കണ്ണീരണിയുന്നു. എങ്കിലും എന്തോ ഒന്ന് മറന്നു വെച്ചത് പോലെ ..എന്തോ ഒന്ന് തിരികെ വിളിക്കുന്നത് പോലെ…
സ്നേഹത്തിൻ്റെ വിടവാങ്ങൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല, അത്കൊണ്ട് മാത്രം നിർത്തുന്നു.
യാത്ര മുറിയുന്നു…ചില മനുഷ്യരെ, ചിലയിടങ്ങളെ ഞാൻ സ്വയം ഉപേക്ഷിക്കുന്നു..കാരണം ദേശാടനക്കിളികൾക്ക് കരയാനാവിലല്ലോ…

വീണ്ടും കാണുമ്പോൾ പറയാൻ കാലത്തിൻ്റെ കഥ ഓർത്ത് വെച്ചിരിക്കണം.
യാത്രാമൊഴി… ആ തീവണ്ടിയും ആ നാടും എൻ്റെ nostalgia ആണ്.ചില വാചകങ്ങൾക്ക് ആ പ്രയോഗം ശരിയല്ല എന്ന് എനിക്കറിയാം, എങ്കിലും… ചില വാചകങ്ങളിൽ ക്രിയകൾക്ക് ചിലപ്പോൾ ജീവിതത്തിൻ്റെ വിലയെ ഉണ്ടാകൂ…

വെള്ളൂർ പുഴയും, ആ റെയിൽവേ സ്റ്റേഷനും, ആ നാടും എൻ്റെ കാഴ്ചയിൽ നിന്നും മറയുന്നു… നന്ദി….നന്ദി….

“യാത്രപോയവരെ കണ്ടുവോ
കാത്തിരിപ്പിൻ്റെ ഗദ്ഗദം അവർ ഉൾക്കൊണ്ടുവോ”
“യാത്രപോയവരെ എങ്ങാൻ കണ്ടുവോ
കാത്തിരിപ്പിൻ്റെ ഗദ്ഗദം അവർ ഉൾക്കൊണ്ടുവോ”

നന്ദി…നന്ദി…അത്രമാത്രം!!

ശ്രീനാഥ് രഘു ❤

  • വാട്ട്സ്ആപ് പരസ്യങ്ങൾ
  • ബാനറുകൾ, ബ്രോഷറുകൾ
  • ബുക്ക് കവറുകൾ
  • Advertisements
  • Logo, Visiting Card

Share post:

spot_imgspot_img

Coffee House Talks

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....