Saturday, February 21, 2026

“രാജ്യം സാമ്പത്തിക തകർച്ചയിൽ, ഇപ്പോൾ ആരാണ് പപ്പു” എന്ന് മഹുവ മൊയ്ത്ര

രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ദയനീയ സ്ഥിതി മുൻനിർത്തി കേന്ദ്ര സർക്കാർരിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ എംപിയുടെ പരിഹാസം. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് നരേന്ദ മോദി സര്‍ക്കാരിനെതിരെ അവർ ചോദ്യം ഉന്നയിച്ചത്.

സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇന്ത്യയുടെ വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്.

സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്ന് അവർ കണക്കുകൾ സഹിതം ചൂണ്ടികാട്ടി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ലോക് സഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്‍ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. വിമർശിക്കയും വഴങ്ങാൻ കൂട്ടാക്കാതിരിക്കയും ചെയ്യുന്ന വ്യവസായികളുടേയും സമ്പന്നന്‍മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ചൂണ്ടികാട്ടി.

രാജ്യധർമ്മം പറയുന്നവർക്ക് പ്രതിപക്ഷ ശബ്ദം കേൾക്കാനുള്ള ബാധ്യത കൂടിയുണ്ട് എന്ന് ഓർമ്മിപ്പിച്ചായിരുന്നു വിമർശനം. പ്രതിപക്ഷ ശബ്ദത്തിനും വഴങ്ങാത്ത വ്യവസായികൾക്കും മുകളിൽ ഭീകരതയുടെ വാൾ തൂക്കിയിട്ടിരിക്കയാണെന്നും അവർ പറഞ്ഞു. 5422 അന്വേഷണങ്ങൾ പ്രതിപക്ഷത്തുള്ളവർക്ക് എതിരെ ഇ ഡി നടത്തി. പക്ഷെ 23 പേരെയാണ് ഇതു പ്രകാരം കുറ്റക്കാരായി കണ്ടെത്തിയത്.

ആരാണ് പപ്പു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നിന്ദിക്കാനും അയോഗ്യനാണെന്ന് ആക്ഷേപിക്കാനും വേണ്ടി സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് കണ്ടുപിടിച്ചതാണ് പപ്പു എന്ന വാക്ക്. എന്നാല്‍ ഇപ്പോള്‍ പപ്പുവെന്ന വാക്കിന് മോദി സര്‍ക്കാരിനാണ് അര്‍ഹതയുള്ളത് എന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

2022-23 കാലയളവില്‍ അധിക ഗ്രാന്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ നടന്ന പ്രത്യേകചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. ചൊവ്വാഴ്ച വൈകുന്നേരം തന്റെ പ്രസംഗത്തിന്റെ ലിങ്ക് മഹുവ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ടിന്‍ടിന്‍ എന്ന കോമിക് ബുക് സീരീസിന്റെ കവറില്‍ മാറ്റം വരുത്തി ദ അഡ്വെന്‍ചേഴ്‌സ് ഓഫ് ടിന്‍ടിന്‍: ദ ഡിസ്‌കവറി ഓഫ് റിയല്‍പപ്പു എന്ന തലക്കെട്ടോടെയായിരുന്നു മഹുവയുടെ ട്വീറ്റ്.

ബംഗാളിലേക്ക് പിൻതിരിഞ്ഞ് നോക്കൂ പപ്പുവിനെ കാണാം

എന്നാൽ ഈ വാദങ്ങളെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരിട്ടു. ബംഗാളിലേക്ക് പിന്തിരിഞ്ഞു നോക്കൂ പപ്പുവിനെ കാണാം എന്നായിരുന്നു പ്രതികരണം. സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കലാണ് ഇതെന്നും അവർ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...