രാഹുൽ ഗാന്ധി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണെന്ന് പി.ജെ കുര്യൻ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നതെന്നും മുതിർന്ന നേതാവായ കുര്യൻ ആരോപിച്ചു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കടുത്ത വിമർശനങ്ങൾ.
സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുൽ പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പലിനെ ഏതുതരത്തിൽ മുന്നോട്ടു കൊണ്ടു പോകണം, അതാണ് കപ്പിത്താൻ ചെയ്യേണ്ടത്. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.
ഇതാണ് പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളിൽ അടക്കം പാർട്ടിക്ക് കനത്ത തിരിച്ചടികൾ ഉണ്ടാക്കിയത്. ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ് എന്നും പി.ജെ. കുര്യൻ പറഞ്ഞു.
കൂടിയാലോചനകളില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി ഒരു പ്രത്യേക കോക്കസുമായി മാത്രമാണ് ആലോചനകൾ നടത്തുന്നത്. മുതിർന്ന നിരവധി നേതാക്കൾ ഉണ്ടെങ്കിലും അവർക്ക് ആർക്കും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനുള്ള ഒരു വേദി ഇല്ലാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് അധപതിച്ചെന്നും കുര്യൻ പറഞ്ഞു.


