വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. പതിവ് പോലെ കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെയാണ് ആക്രമണം. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.
കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. വനപാലകരെ നാട്ടുകാർ തടഞ്ഞു. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.


