ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിന് കൃഷി ഓഫീസർക്ക് സ്ഥലം മാറ്റം. 80 കാരിയായ വയോധികയുടെ സേവനാവകാശം ലംഘിച്ചതിനാണ് കൃഷി ഓഫീസർക്കെതിരെ നടപടി. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസറെ കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്കാണ് മാറ്റിയത്.
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് രേഖക്കായെത്തിയ 80 വയസുകാരിക്ക് രേഖ നല്‍കാതിരുന്ന സംഭവത്തിലാണ് നടപടി. പായിപ്ര പഞ്ചായത്ത് കൃഷി ഓഫീസർ എംബി രശ്മിയെയാണ് കണ്ണൂർ ജില്ലയിലെ കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. പലതവണ നടത്തിച്ചു. എങ്കിലും അവകാശപ്പെട്ട രേഖ നൽകിയില്ല.
പായിപ്ര പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ താമസിക്കുന്ന എലിയാമ്മയ്ക്കാണ് ദുരനുഭവം. തുടർന്ന്, ഭൂമി തരംമാറ്റുന്നതിന് തനിക്ക് കൃഷി ഓഫീസർ രേഖകൾ നൽകുന്നില്ലെന്ന പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിക്ഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരിപ്പും നടത്തി.
ഒടുവിൽ കൃഷി വകുപ്പിലെ എറണാകുളം ജില്ലയിലെ ഡപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി രേഖ നൽകാന് തടസ്സമില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ തദ്ദേശ പ്രതിനിധികൾ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തി.


