വളപട്ടണം ഐ.എസ്. കേസില്‍ കുറ്റക്കാരായി എന്‍.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ഏഴുവര്‍ഷവും ഒരുപ്രതിക്ക് ആറുവര്‍ഷവും കഠിനതടവ് വിധിച്ചു.
ഒന്നാംപ്രതി കണ്ണൂര്‍ ചക്കരക്കല്ല് മണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവര്‍ക്കാണ് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ചുമത്തിയത്. രണ്ടാംപ്രതി വളപട്ടണം ചെക്കികുളം അബ്ദുല്‍റസാഖിനു (28) ആറുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയുമാണ് വിധിച്ചത്. വിചാരണത്തടവുകാരായി അഞ്ചുവര്‍ഷം ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ജഡ്ജി അനില്‍ കെ. ഭാസ്കറാണ് ശിക്ഷവിധിച്ചത്.
ഭീകരസംഘടനയില്‍ അംഗമായി ഇന്ത്യയുടെ സൗഹൃദരാജ്യമായ സിറിയയ്ക്കെതിരേ പോരാടുക, ഭീകരസംഘടനയെ സഹായിക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. മിഥിലജിനും ഹംസയ്ക്കും 21 വര്‍ഷം കഠിനതടവാണു വിധിച്ചതെങ്കിലും ഒരുമിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍മതി.
ഇവരെ സഹായിച്ച കുറ്റത്തിനും ഗൂഢാലോചനയ്ക്കും റസാഖിനു 12 വര്‍ഷം കഠിനതടവു വിധിച്ചെങ്കിലും ഒരുമിച്ച് ആറുവര്‍ഷം ശിക്ഷ അനുഭവിച്ചാല്‍മതി. പ്രതികൾ കഴിഞ്ഞ അഞ്ചു വർഷമായി തടവിലാണ്.
യുദ്ധം ചെയ്യാൻ സിറിയയിലേക്ക്
15 പേരെ തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച(12.07.2022) കോടതി കണ്ടെത്തിയിരുന്നു. ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു, ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു, മറ്റുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തത്.
കൂടാതെ പ്രതികള്‍ക്ക് എതിരെ ചുമത്തിയ യു.എ.പി.എയും രാജ്യത്തിന് എതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ പ്രതികൾക്കുള്ള പങ്കാണ് കോടതിക്ക് വ്യക്തമായത്. കണ്ണൂർ വളപട്ടണം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. 2017ല്‍ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
2017 ഒക്ടോബർ 25 നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 234 രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു. 143 സാക്ഷികളെയും കോടതി വിസ്തരിച്ചു.


