പരിഷ്ക്കരിച്ച വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി.ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിച്ചു. ഇന്‍-ചാറ്റ് പോളുകൾ സാധ്യമാണ്. 32 പേർക്ക് പങ്കെടുക്കാവുന്ന പേഴ്‌സണ്‍ വീഡിയോ കോള്‍ സൌകര്യവും ലഭ്യമാവുും.
ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും സാധ്യമാവും. ഒന്നിച്ച് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാം. വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകളും സാധ്യമാവും, അനൗണ്‍സ്‌മെന്റ് ചാനലുകളും സാധ്യമാവുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
ഒരുകൂട്ടം ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറിയായി കമ്മ്യൂണിറ്റീസിനെ പ്രയോജനപ്പെടുത്താം.
ആര്‍ക്കും അവരുടെ ആപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രം മതി. എങ്കിൽ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ ശൃംഖലയായി ചേർക്കപ്പെടും. ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ആന്‍ഡ്രോയിഡ് ആപ്പില്‍ ചാറ്റുകളുടെ മുകളിലായും ഐഒഎസ് ആപ്പില്‍ താഴെയായുമാണ് കമ്മ്യൂണിറ്റികള്‍ കാണുക. ഉപഭോക്താക്കള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാൻ കഴിയും. അഡ്മിന്‍മാര്‍ക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.
ഈ സംവിധാനത്തിലും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാൽ കമ്മ്യൂണിറ്റീസ് ടാബില്‍ ഗ്രൂപ്പുകളിലെ എല്ലാവര്‍ക്കും സന്ദേശം അയക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ലഭിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ മാത്രമേ അവ കാണുകയുള്ളൂ.
ആഗ്രഹമില്ലാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്ത് പോവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.
രണ്ട് ബില്യൺ ഉപഭോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ നിന്നാണ്.


