അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയായിരുന്നു ആമിർഖാൻ്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഇതിനുശേഷം സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ആമിർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് അഭിനയ രംഗത്തു നിന്നും വിടുതൽ പ്രഖ്യാപിച്ചിരിക്കയാണ് താരം
ടോം ഹാങ്ക്സ് നായകനായി 1994-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കായിരുന്നു ആമിറിന്റെ കഴിഞ്ഞ ചിത്രമായ ലാൽ സിംഗ് ഛദ്ദ. റീലീസിനോടടുപ്പിച്ച് ട്വിറ്ററിൽ വ്യാപകമായ രീതിയിൽ ചിത്രത്തിനെതിരെ ബഹിഷ്കരണ പ്രചാരണം അഴിച്ചുവിടപ്പെട്ടു. അസഹിഷ്ണുതയ്ക്ക് എതിരായ നടൻ്റെ അഭിപ്രായ പ്രകടനം മുൻനിർത്തിയായിരുന്നു ആക്രമണം. ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നതിനാൽ രാജ്യം വിടണമെന്ന് മുൻഭാര്യ കിരൺ റാവു പറഞ്ഞതായി 2015-ലെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു. ഇതിന്റെ ക്ലിപ്പുകൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചാണ് ലാൽ സിങ് ഛദ്ദ വിരുദ്ധ വിദ്വേഷ പ്രചാരണം .

ഇനി മക്കൾക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കണം
ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്. അഭിനയത്തിൽ നിന്ന് തത്ക്കാലം ഇടവേളയെടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽ സിങ് ഛദ്ദയ്ക്കുശേഷം ചാമ്പ്യൻസ് എന്നൊരു ചിത്രത്തിൽ ഞാൻ അഭിനയിക്കേണ്ടിയിരുന്നു. മനോഹരമായ കഥയും തിരക്കഥയുമായിരുന്നു അതിന്റേത്. പക്ഷേ കുടുംബത്തിനൊപ്പം ചെലവിടാൻ ഒരു ഇടവേളയെടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ആമിർ പറഞ്ഞു.
35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ തുടങ്ങിയവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ എനിക്കായില്ല. മകൾക്ക് ഇപ്പോൾ 23 വയസ്സായി. കുട്ടിക്കാലം തൊട്ട് അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. പക്ഷേ അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ എല്ലാം മനസ്സിലാകുന്നു, ആമിർ പറഞ്ഞു.
നടൻ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കും എന്നു പറഞ്ഞായിരുന്നു വിടുതൽ.