പാര്‍ലമെൻ്റ് മന്ദിര വളപ്പില്‍ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്ക്. വിലക്ക് വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് സമര വിലക്ക്.
സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. അഴിമതി, ഏകാധിപതി, വെട്ടിപ്പ്, ദാദാഗിരി, തുടങ്ങിയ സർക്കാരിനെ വിമർശിക്കുന്ന വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങളും വിലക്കിയത്.
രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ.സി. മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശങ്ങളോട് പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള പുതിയ നടപടി.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് മുമ്പ് പ്രതിപക്ഷം സഭയ്ക്ക് മുമ്പില്‍ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ധര്‍ണ നടത്താറുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികളില്‍ ഇരുന്നോ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ ആണ് പതിവായി പ്രതിഷേധ പ്രകടനങ്ങൾ നടത്താറുള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷകാല സമ്മേളന കാലത്ത് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളൊന്നും അനുവദിക്കില്ല.


