പത്തനംതിട്ടയിൽ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തി. മൂന്നു പേർ അകത്ത് കുരുങ്ങി. ഒരാൾ ഒഴുകി പോയി. കാറിനുള്ളില്‍നിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇദ്ദേഹം പക്ഷെ രക്ഷപെട്ടു.
കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തു.