Friday, February 20, 2026

വിസ്മയ കേസിൽ കിരൺ കുമാറിന് 10 വർഷം തടവ്

തടവ് ശിക്ഷയ്ക്ക് പുറമെ 12.55 ലക്ഷം രൂപ പിഴയും അടയ്കണം.

സ്ത്രീധനത്തെച്ചൊല്ലിയുള്ള കടുത്ത പീഡനം താങ്ങാനാവാതെ വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും പിഴയും.

സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവ് അനുഭവിക്കണം. ഇതിനു പുറമെ ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ ഗാർഹിക പീഡന പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ഒടുക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാലാണ് 10 വർഷം ആവുന്നത്.

കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.

ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിൻ്റെ ഏക ആശ്രയം താനാണെന്നും പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ അഭ്യർത്ഥിച്ചു.

സാമൂഹിക വിപത്തിനെതിരായ കേസ്

ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ് എന്നത് പ്രത്യേകം ശ്രദ്ധയിൽ പെടുത്തി. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ തുടർന്ന് വാദിച്ചു.

സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരൺ കുമാർ. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ജാമ്യത്തിലിറങ്ങി എങ്കിലും കുറ്റം കണ്ടെത്തിയതോടെ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ 2020 ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്മയ.

വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന പീഡന ഭീഷണി ഉൾപ്പെടുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

2020 മേയ് 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് പീഡനങ്ങൾ തുടങ്ങി.

വിസ്മയ, അച്ഛന്‍ ത്രിവിക്രമന്‍ നായരോട് ‘ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യചെയ്തുപോകുമെന്നും’ കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു.

സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകരുത് – വിസ്മയയുടെ അമ്മ

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനെടുക്കിയ കേസില്‍ കോടതിയില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. പ്രതിയായ കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അമ്മ പറഞ്ഞു.

കേസില്‍ കിരണിന്റെ ബന്ധുക്കളായ കുറ്റക്കാര്‍ വേറെയുമുണ്ട്. ഇനിയൊരു വിസ്മയമാരും സമൂഹത്തില്‍ ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേയുള്ളു. സ്ത്രീധനം ചോദിച്ചുവരുന്നവരെ മക്കളെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും അമ്മ സജിത പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വാങ്ങിയത് 100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും കാറും, എന്നിട്ടും പോരാഞ്ഞ് പീഡനം

ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.

വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം.  ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...