ഏകനാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കുന്നത് തന്റെ നിർദേശപ്രകാരമാണെന്ന് ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു
‘ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്’, ഫഡ്നാവിസ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും ഏക്നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷിന്ദേയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. അന്പത്തൊന്നുകാരനായ ഫഡ്നാവിസ്, മുന്‍പ് രണ്ടുവട്ടം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ അധികാരത്തിലിരുന്ന വ്യക്തിയാണ്.


