സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് സർചാർജ് ഇനത്തിൽ കൂടുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക.
കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടി ഈടാക്കുന്നത്. 87.7 കോടി രൂപ ഇങ്ങനെ ഉപഭോക്താക്കളിൽ നിന്നും വസൂലാക്കും.
കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി വർധിപ്പിക്കയാണ് ചെയ്തത്.
ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മേയ് കഴിഞ്ഞും നിരക്കിൽ വർധനയുണ്ടാകും.


