ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെ രാജ്യം വിട്ടു. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും രക്ഷപെട്ടിരിക്കുന്നത്.
രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രസിഡന്റ് ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
മാലദ്വീപിലെത്തിയ ഗോതാബയയെയും ഒപ്പമുള്ളവരെയും പോലീസ് സുരക്ഷയോടെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഗോതാബയ രാജപക്സയുടെ അനിയനും മുന്‍ ധനമന്ത്രിയുമായിരുന്ന ബേസില്‍ രാജപക്സെയും രാജ്യംവിട്ടെന്നാണ് സൂചന.


