നരബലി കേസിലെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് കുറ്റപത്രം.
ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു.
തുടർന്ന് ലൈലയും ഷാഫിയും ഭഗവലിനെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമാക്കും മുൻപേ തന്നെ ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം പൊലീസ് കേസായി. തുടർന്ന് അന്വേഷണം ഷാഫിയിലേക്കും ദമ്പതികളിലേക്കും എത്തി.


