ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കോവിഡിന് മുൻപ് തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗം തളർച്ചയിലായിരുന്നു. സമ്പന്നർ മാത്രമാണ് സുരക്ഷ അനുഭവിച്ചത്. ഏറ്റവും കഷ്ടത അനുഭവിച്ചത് ഇടത്തരക്കാരാണ്.
പലിശ നിരക്കുകള്‍ ഉയരുകയും കയറ്റുമതി കുറയുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത കൊല്ലം അഞ്ചു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ടും. അടുത്തകൊല്ലം അഞ്ചുശതമാനം വളര്‍ച്ച കൈവരിച്ചാല്‍ അത് നമ്മുടെ ഭാഗ്യം.
ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് പരാമര്‍ശം.
കുത്തക നൽകുന്നത് രാജ്യത്തെ തകർക്കും
മൂലധന താത്പര്യങ്ങളെ പഴിക്കാൻ കഴിയില്ല. എന്നാൽ മത്സരം നിലനിർത്തണം. പകരം കുത്തകകളെ മാത്രം വളർത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല.
വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളെ കുറിച്ചും രഘുറാം രാജന്‍ സംസാരിച്ചു. കോവിഡ് 19 മഹാമാരി, വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന് മാത്രമാണ്. മഹാമാരിക്ക് മുന്‍പേ തന്നെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മന്ദഗതിയിലായിരുന്നു. വളര്‍ച്ചയ്ക്ക് ആവശ്യമായ പരിഷ്‌കാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം വളരെ വലുതാണ്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയാണ്. മഹാമാരിക്കാലത്ത് സാമ്പത്തിക അസമത്വത്തിലുണ്ടായിരുന്ന ഈ വിടവ് വര്‍ധിച്ചു. പണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് റേഷനും മറ്റും ലഭിച്ചു.
ലോവര്‍ മിഡില്‍ ക്ലാസിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. തൊഴിലുകളുണ്ടായിരുന്നില്ല, തൊഴിലില്ലായ്മ വര്‍ധിച്ചു. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമുണ്ടായിരുന്നതിനാല്‍ അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിന്റെ വരുമാനം വര്‍ധിച്ചു. എന്നാല്‍ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വരുമാന നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് വന്‍തിരിച്ചടി നേരിട്ട ലോവര്‍ മിഡില്‍ ക്ലാസിനെ മനസ്സില്‍വെച്ചു വേണം നയരൂപവത്കരണം നടത്താനെന്ന ഓർമ്മപ്പെടുത്തലും രഘുറാം രാജന്‍ മുന്നോട്ടുവെച്ചു.


