ചങ്ങനാശ്ശേരിയില്‍ സിനിമാ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയത് പൊലീസ് കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിൻ്റെ വീടിൻ്റെ തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു.
ആലപ്പുഴ സ്വദേശി ബിന്ദുകുമാറാണ്(41) കൊല്ലപ്പെട്ടത് എന്നു കരുതുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടെന്നും പിന്നീട് കോണ്‍ക്രീറ്റ് ചെയ്തതാണെന്നും പോലീസ് കരുതുന്നു.
ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
ബൈക്കിൽ തുടങ്ങി, മൊബൈൽ ലൊക്കേഷനിലൂടെ പ്രതിയിലേക്ക്
പോലീസ് അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ല. എങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിൻ്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇത് എന്തിനാണെന്ന് വ്യക്തമായില്ല. തുടർന്നാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് ആര്.ഡി.ഒ.യുടെ അനുമതിയോടെ പോലീസ് വീട്ടിലെ തറ പൊളിച്ച് പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
അതേസമയം, ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി ഇവരെ വീടിന് പുറത്ത് കണ്ടിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. മുത്തുകുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മുത്തുകുമാറിനെ പൊലീസ് വലയിലാക്കിയതായാണ് വിവരം.


