ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു തട്ടിലായതോടെ രാഷ്ട്രീയ വിവാദം കടുക്കുന്നു. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനത്തിന് ബലമേകുന്നതായി പ്രശ്നം മാറിയിരിക്കയാണ്.
കഴിഞ്ഞ ദിവസം കൊളീജിയം തർക്കത്തില്‍ പാർലമെന്റില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നല്‍കിയിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു.
കൊളീജിയം തർക്കം കേന്ദ്ര സർക്കാരിൻ്റെ ജനാധപത്യ സംവിധാനങ്ങളെ പിടിച്ചടക്കുന്ന നയത്തിന് പ്രത്യക്ഷ ഉദാഹരണായി തീരുകയാണ് എന്നു പറയുമ്പോഴും പാർലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിഷയത്തില്‍ സമവായം ഉണ്ടായില്ല. മല്ലികാർജ്ജുന്‍ ഗർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചർച്ചയായില്ല.
വരും ദിവസങ്ങളില്‍ പാർലമെന്റിന് പുറത്ത് കൊളീജിയം വിഷയത്തില്‍ ശക്തമായ ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജഡ്ജി നിമന വിവാദം തുടരുന്നതിനിടെ കൊളീജിയം ചർച്ച പരസ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹർജി എത്തിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.
സുപ്രീം കോടതി നൽകിയത് കനത്ത താക്കീത്
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്കി സുപ്രീംകോടതി. കൊളീജിയം എന്നത് ഈ രാജ്യത്തിന്റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്. കൊളീജിയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ അത്ര നല്ലനിലയ്ക്കല്ല എടുക്കുന്നത്. അതിരുവിട്ട വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള അനിഷ്ടം രൂക്ഷമായി പ്രകടിപ്പിച്ചത്. നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.


