ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിൻ്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. അദ്ദേഹം നല്ല പോരാളിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വം തന്നെയാവും എന്നും ജാവഡേക്കര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമാണ് മാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ചിലര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. എന്നു പറഞ്ഞു കൊണ്ട് സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരും ഉണ്ടെന്ന സൂചനയും ജാവഡേക്കര്‍ നല്‍കി. അവർക്കുള്ള മുന്നറിയിപ്പു കൂടി നൽകിയായിരുന്നു പ്രഖ്യാപനം. കേരളത്തിൻ്റെ ചുമതലക്കാരൻ എന്ന നിലയ്ക്കാണ് പറയുന്നത് എന്നും ഓർമ്മപ്പെടുത്തി. ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജാവഡേക്കർ.
കഴിഞ്ഞ മാസം 31-ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റുമെന്ന ചർച്ചകൾ ഉയര്‍ന്നത്.
മോദിയുടെ പ്രഭാവം കേരളത്തിലും വിജയം കാണുമെന്ന് ഭയന്നാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പിന്നിലെന്നും ജാവഡേക്കര്‍ അവകാശപ്പെട്ടു.


