മുംബൈ ഗോരേഗാവിലെ സ്‌കൂളിനകത്ത് കയറിയ പുള്ളിപ്പുലിയെ പിടികൂടി. മുംബെ പബ്ലിക് സ്കൂളിലാണ് പുലി എത്തിയത്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് പുലിയെ കുടുക്കിയത്.
മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയത്. കാവൽക്കാരൻ്റെ കണ്ണിൽ പെട്ടതിനാൽ ക്ലാസ് അവധി നൽകിയിരുന്നു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്‌കൂളിൽ കയറിയതെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബോറിവലി നാഷണൽ പാർക്കിൽ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി.
സെക്യൂരിറ്റിക്കാരുടെ ശ്രദ്ധയിൽ പെട്ടത് അപകടം ഒഴിവാക്കി
പുലിയെ പിടികൂടാൻ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇന്ന് രാവിലെയോടെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.
നാലഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡൻഷ്യൽ സൊസൈറ്റികളിൽ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. പുലി സ്‌കൂളിൽ കയറിയതോടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്. ഏതാനും മാസം മുൻപ് ഇതിനടുത്ത് അമ്മയുടെ കൂടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയും കടിച്ചെടുത്ത് പുലി ഓടിയ സംഭവം ഉണ്ടായിരുന്നു. അമ്മയുടെ ധീരമായ നടപടിയാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. മറ്റൊരു സംഭവത്തിൽ വീട്ടമ്മയെ ആക്രമിക്കയും ഉണ്ടായി.


