തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പിന്നാലെ ധനമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വീണ്ടും രംഗത്ത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നപേരിൽ ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നു എന്ന് പരിചയപ്പെടുത്തിയാണ് വെളിപ്പെടുത്തൽ.
ഡി എം കെ ഫയൽസ് എന്ന പേരിലുള്ള വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഏജൻസികൾ പരിശോധന ആരംഭിച്ചിരുന്നു. ഇതിന് ശക്തിപകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചത് എന്ന പേരിലാണ് സംഭാഷണം പരിചയപ്പെടുത്തുന്നത്.. കഴിഞ്ഞയാഴ്ച ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം അണ്ണാമലൈ പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അണ്ണാമലൈ നേരത്തെ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണമാണ് അണ്ണാമലൈ നേരത്തെ പുറത്തുവിട്ടത്. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾക്കാണ് അണ്ണാമലൈ തുടക്കമിട്ടത്.


