കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ താമസത്തിൽ വീണ്ടും വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിൻ്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചത്. അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയതെന്നും ചിന്ത ജെറോം പറഞ്ഞു.
അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തൻ്റെ സ്വകര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു
അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിക്കുന്നതിന്റെ അപാർട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നൽകിയത്. കുറച്ചു മാസം തന്റെ കയ്യിൽ നിന്നും കുറച്ചു മാസം അമ്മയുടെ പെന്‍ഷനിൽ നിന്നുമാണ് പണം നൽകിയത്. റിസോർട്ടുകാർ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നൽകിയത്. മാതാപിതാക്കളുടെ പെൻഷൻ ഉണ്ട്’.
വിവാദത്തിന് തീ പകർന്ന്
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഈ കണക്ക് നോക്കിയാൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, എന്നിവർ വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.


