സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട സംഭവത്തിൽ ഗൂഡാലോചനാ കേസ് എടുത്തതിന് എതിരായി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും സ്വപ്നയെ ഹൈക്കോടതി അറിയിച്ചു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്, പാലക്കാട് കസബ സ്റ്റേഷന് എന്നിവിടങ്ങളിലായിരുന്നു കേസ്. കെ.ടി ജലീലിന്റെ പരാതിപ്രകാരമായിരുന്നു കേസെടുത്തത്. പരാതി പ്രകാരം ഗൂഢാലോചന, കലാപാഹ്വാന വകുപ്പുകളാണ് ചുമത്തിയത്.
ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സ്വപ്ന ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്ന നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്നാണ് കേസില്‍ ചില വസ്തുതകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നല്കിയ രഹസ്യ മൊഴി പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു കേരളത്തില്‍ നടന്നത്. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലടക്കം പ്രതിഷേധം നടന്നു. കേസുകളില്‍ പി.സി ജോര്‍ജും പ്രതിയാണ്.


