Friday, February 20, 2026

സ്വർണ്ണക്കടത്തു സംഘങ്ങൾ പുത്തൻ അധോലോകമാവുന്നു, പ്രവാസിയെ മർദ്ദിച്ചു കൊന്നവർ പിടിയിൽ

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റിലായി.

സ്വര്‍ണക്കടത്ത് അധോലോക സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം തീയതി മുതല്‍ 18-ാം തീയതി വരെ ഇയാള്‍ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. ദേഹം മുഴുവന്‍ മുറിവുകളാണ്. വടിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് പ്രതികള്‍ ജലീലിനെ ആക്രമിച്ചത്.

അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് കരുതുന്ന യഹിയ ഒളിവിലാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.

ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്താഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

15-ാം തീയതി ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലി(42)നെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അബ്ദുള്‍ ജലീലിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിലായ ജലീലിനെ വ്യാഴാഴ്ച രാവിലെയാണ് യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍നിന്നും രക്ഷപെട്ടു.

ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ ജലീല്‍ 15-ാം തീയതി രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. വിമാനമിറങ്ങിയെന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. വീട്ടുകാര്‍ ജലീലിനെ കൂട്ടാനായി പുറപ്പെട്ടെങ്കിലും അവരോട് തിരികെ മടങ്ങാനാണ് ജലീല്‍ പറഞ്ഞത്. കൂട്ടുകാരനൊപ്പം വീട്ടിലെത്താമെന്നും അറിയിച്ചു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

കാണാതായതോടെ വീട്ടുകാര്‍ അഗളി പോലീസില്‍ പരാതി നല്‍കി. പിറ്റേദിവസം വീട്ടുകാര്‍ ജലീലിനെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കുകയും പരാതി നല്‍കിയ കാര്യം അറിയിക്കുകയും ചെയ്തു. പരാതി പിന്‍വലിക്കാനും അടുത്തദിവസം വീട്ടില്‍ വരുമെന്നുമായിരുന്നു ജലീലിന്റെ മറുപടി.

എന്നാല്‍ ഇതിനുശേഷം ജലീലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അജ്ഞാതന്‍ ഫോണ്‍വിളിച്ച് അറിയിച്ചത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് ഒളിവില്‍പോയ യഹിയ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...