പൊതുപരിപാടിക്കിടെ കത്തിക്കുത്തേറ്റ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.
ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ യുവാവ് ഇറാന് സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
സാറ്റാനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ സല്മാന് റുഷ്ദിക്ക് ‘ ഭീഷണിയുണ്ടായിരുന്നു. 1988ല്‍ ഇറാന് പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്മാന് റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇറാൻ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്.’സാറ്റാനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ വിമര്‍ശം നേരിട്ട റുഷ്ദി പൊതുവിടങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു.


