ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം മുതല്‍തന്നെ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും തീര്‍ഥാടകരുടെ സഞ്ചാരം പ്രയാസരഹിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി.
ഹജജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇത് പ്രയോജനപ്പെടും. സൗദിക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള പത്തു ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഹജജ് കര്‍മ്മത്തിന് അനുമതിയുള്ളത്.
തീര്‍ത്ഥാടകരുടെ താമസം, യാത്ര തുടങ്ങിയവയെല്ലാം ഇ-സേവനം വഴി മുന്‍കൂട്ടിതന്നെ തീര്‍ത്ഥാടകര്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. യാത്രയ്ക്കും താമസത്തിനും കമ്പനികളുമായി ധാരണയിലെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.
ഒരേ സമയം തിരിച്ചറിയൽ കാർഡും യൂടിലിറ്റി കാർഡുമായിരിക്കും ഇത്. സൌദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പരിഷ്കാരങ്ങളാണ്.
ഉംറ വിസ കാലാവധി മൂന്നു മാസമാക്കി, നേരിട്ട് അപേക്ഷിക്കാം
ഉംറ കര്‍മ്മത്തിനുള്ള വിസ കാലാവധി ഒരു മാസത്തില്‍നിന്നും മൂന്നു മാസമാക്കി ഉയര്‍ത്തി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൗദി ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്.
മുമ്പ് ഉംറ വിസയിലുള്ളവര്‍ക്ക് മക്ക, മദീന പുണ്യ നഗരങ്ങളില്‍ മാത്രമാണ് സഞ്ചരിക്കുവാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് സൗദിയിലെ എല്ലാഭാഗത്തും സഞ്ചരിക്കാമെന്ന് ഡോ. തൗഫീഖ് അല്‍റബീഅ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള വ്യക്തിഗത ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാന്‍ ഇലക്ട്രോണിക് സേവനം ആരംഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ കമ്പനികളെ ആശ്രയിക്കാതെതന്നെ സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു.


