Saturday, February 21, 2026

ഹിജാബ് നിരോധന കേസിൽ ഭിന്ന വിധി, വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി

കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്.

കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി.

രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിൽ എത്തിയിരുന്നത്. 10 ദിവസത്തോളം ഈ ഹർജികളിൽ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാൻശു ധൂലിയയും ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. കർണാടക ഹൈക്കോടതി വിധി തള്ളി, ജസ്റ്റിസ് സുധാൻശു ധൂലിയ അപ്പീലുകൾ ശരി വച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കിയത്. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമർശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തെത്തിയ 26 അപ്പീലുകളും അദ്ദേഹം തള്ളി. 

ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും കപിൽ സിബൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്. 

പ്രധാന നിരീക്ഷണങ്ങൾ

ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരം അല്ല.
  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.
  • സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല.
  • ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ തള്ളുന്നു.

ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നു.
  • ഹൈക്കോടതി വിധിയും റദ്ദാക്കുന്നു.
  • ഹിജാബ് ധരിക്കല്‍ അനിവാര്യമായ മതാചാരമാണോ എന്ന കാര്യം ഹൈക്കോടതി പരിഗണിച്ചതിനോട് യോജിക്കുന്നില്ല.
  • തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണിത്. അതിന് അപ്പുറം ഒന്നുമില്ല.
  • ഹിജാബ് നിരോധനം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ എന്തെങ്കിലും മെച്ചമുണ്ടാക്കുമോ? പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ് പരമമായ കാര്യം. അതുകൂടി കണക്കിലെടുത്താണ് വിധി

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...