ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും സമനിലയ്ക്ക് ശേഷം നിർഭാഗ്യകരമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് തുണയായി.
ആദ്യ ക്വാർട്ടറിൽ ഒപ്പത്തിനൊപ്പം
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിംഗിന്റെ ഫ്ളിക്ക് ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ഡൊമിനിക് ഡിക്സണ്‍ തടഞ്ഞിട്ടു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡെടുത്തു. അകാശ്ദീപിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ലളിത് കുമാര്‍ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. പെനാല്‍റ്റി കോര്‍ണര്‍ സുഖ്ജീത് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ 28-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ന്യൂസിലന്‍ഡിനായി. സാമിന്റെ വകയായിരുന്നു ഗോള്‍.
പെനാൽറ്റിയിൽ സമനില
മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. ഇത്തവണ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയത് വരുണ്‍ കുമാര്‍. മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് മുമ്പ് ന്യൂസിലന്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. റസ്സല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഗോളാക്കി. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ഇത്തവണയും പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു കിവീസ്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ ശ്രമങ്ങളും ഇരുവരും ഗോളാക്കി മാറ്റി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ അഭിഷേകിന് പിഴച്ചു. 2-3ന് ഇന്ത്യ പിന്നിലേക്ക് എടുത്തെറിയപ്പെട്ടു. നാലാം ശ്രമത്തില്‍ ഇരുവര്‍ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. അഞ്ചാം ശ്രമത്തില്‍ ന്യൂസിലന്‍ഡ് താരം സമി ഹിഹയ്ക്ക് പിഴച്ചതോടെ സ്കോര്‍ 3-3.
സഡൻ ഡെത്തിലേക്ക് മുന്നേറിയ മത്സരം
പിന്നാലെ സഡന്‍ ഡെത്തിലേക്ക് മത്സര വിധി നിശ്ചയം മാറി. ആദ്യ ശ്രമത്തില്‍ ഇരുവരും പരാജയപ്പെട്ടു. പിന്നാലെ സ്കോര്‍ 4-4ലേക്ക് മാറി. എന്നാല്‍ സുഖ്ജീതിന്റെ ശ്രമം ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതോടെ ടീം ക്വാര്‍ട്ടറില്‍ തന്നെ വീണു
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയിട്ട് അരനൂറ്റാണ്ടിനോടടുക്കുന്നു. 1975ലാണ് ആദ്യത്തേയും അവസാനത്തേയും ലോകകിരീടം. ഇക്കുറി ഏറെ മോഹിച്ചു, സ്വപ്നം കണ്ടു. പക്ഷേ, തിങ്ങിനിറഞ്ഞ കലിംഗ സ്റ്റേഡിയത്തെ കണ്ണീരിലാഴ്ത്തി ഇന്ത്യ പുറത്തായി. ക്വാർട്ടറിലെത്താൻ ജയം അനിവാര്യമായിരുന്നു.
കഴിഞ്ഞതവണ ഇന്ത്യ ക്വാർട്ടറിലാണ് പുറത്തായത്. 1975 കിരീടം നേടിയശേഷം പിന്നീടൊരിക്കലും സെമിയിലേക്ക് മുന്നേറാനായിട്ടില്ല. ആദ്യ ലോകകപ്പിൽ (1971) ഇന്ത്യക്ക് മൂന്നാം സ്ഥാനമായിരുന്നു. 1973ൽ റണ്ണറപ്പായി.ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോട് സമനില പിണഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സ്പെയ്നിനേയും വെയ്ൽസിനേയും തോൽപിച്ചു. ഇംഗ്ലണ്ടുമായി ഗോളടിക്കാതെയാണ് സമനിലയിൽ കുരുങ്ങിയത്.
ഗോൾശരാശരിയിൽ ഇംഗ്ലണ്ട് നേരിട്ട് ക്വാർട്ടറിലെത്തി. ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ക്രോസ്ഓവർ മത്സരം കളിക്കേണ്ടിവന്നു.മലേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച സ്പെയ്ൻ ക്വാർട്ടറിലെത്തി. ഓസ്ട്രേലിയയാണ് അടുത്ത എതിരാളി. ന്യൂസിലൻഡ് നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തെ നേരിടും.ക്വാർട്ടർ 24നും 25നും നടക്കും. സെമി ഇരുപത്തേഴിന്. ഫെെനൽ 29ന് നടക്കും.


