മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യ എന്നിവരാണ് ഒതളൂരില്‍ പാടശേഖരത്തില്‍ മുങ്ങിമരിച്ചത്.
ഒതളൂരിലെ തറവാട് വീട്ടില്‍ ഓണാവധിക്ക് എത്തിയതായിരുന്നു കുടുംബം. അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ കുടുംബത്തോടൊപ്പം പോയതാണ് ഇവര്‍. പാടശേഖരത്തില്‍ കുളിക്കാൻ ഇറങ്ങിയതിനിടെ മകള്‍ വെള്ളത്തില്‍ വീണു. രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മ.
ഷൈനിയും എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യയും ഒതളൂര്‍ പള്ളിക്കര ബണ്ട് റോഡ് വെമ്പുഴ കോൾ പാടശേഖരത്തിലാണ് മുങ്ങിമരിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നിലവിളിച്ച് സമീപത്തുള്ള ആളുകളെ കൂട്ടിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അച്ചൻകോവിലാറിലും രണ്ട് മരണം
അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.

