കരുത്തോടെ മുന്നേറിയ ശ്രീലങ്ക ഞായറാഴ്ചത്തെ ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ തകർത്തു. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും കരുത്തുറ്റ പോരാട്ടം പുറത്തെടുത്ത് 23 റണ്‍സിനാണ് പാക്കിസ്ഥാനെ മറികടന്നത്. രാജ്യത്തെ വറുതികൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഇടയിലും അങ്ങിനെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ ശ്രീലങ്ക മുത്തമിട്ടു.
ഒടുവിൽ 2014ലും പാകിസ്ഥാനെ തോൽപ്പിച്ചാണ് ജേതാക്കളായത്. എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മുൻ ലോക ചാമ്പ്യൻമാർ ഒരു പ്രധാന ടൂർണമെന്റ് ജയിക്കുന്നത്. സ്കോർ: ശ്രീലങ്ക 6–-170, പാകിസ്ഥാൻ 147.
ദുബായിൽ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും പാകിസ്ഥാന് മുന്നേറ്റം സാധിച്ചില്ല. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 147 റണ്‍സിന് ഓള്‍ഔട്ടായി.
നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയും വിജയത്തിലേക്ക് മുതൽക്കൂട്ടി.
അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാകിസ്ഥാൻ്റെ ടോപ് സ്കോറര്‍. 49 പന്തുകള്‍ നേരിട്ട റിസ്വാന് ഒരു സിക്സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി.
ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനു വേണ്ടി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറില്‍ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ ഫഖര്‍ സമാനെയും (0) മധുഷാന് മടക്കി.

