Monday, August 18, 2025

ഒരു കഥയും അവസാനിക്കുന്നില്ല, അല്ലെങ്കില്‍ എഴുതി അവസാനിപ്പിക്കാനാകില്ല

അഭിമുഖം
നകുൽ വി.ജി / സൽമാൻ റഷീദ്

ആശയങ്ങളിലെയും അവതരണത്തിലെയും പരീക്ഷങ്ങളാണ് നകുൽ വി.ജി എന്ന കഥാകൃത്തിന്റെ കാതൽ. മുമ്പേ പോയവരുടെയോ ഒപ്പം നടക്കുന്നവരുടെയോ രീതികൾ കടമെടുക്കാതെ, ഭാഷയുടെ ഉപയോഗത്തിലും ആഖ്യാനത്തിന്റെ ഘടനയിലും നിയമങ്ങള്‍ക്കപ്പുറം പോകുന്ന പുതുമകളെ അയാൾ എപ്പോഴും അന്വേഷിക്കുന്നു…. ‘ഈ രീതിയിൽ എഴുതിയാലേ കഥയാകു’ എന്ന ചിന്തയെ, സങ്കൽപ്പങ്ങളെ പൊളിച്ചു കളയുന്നു… ഒന്നിൽ കുടുങ്ങി നിൽക്കാതെ മറ്റൊന്നിലേക്കു പറന്നെത്താൻ കൊതിക്കുന്ന ഇത്തരമൊരു പരീക്ഷണ വ്യഗ്രത നകുലിന്റെ മിക്ക കൃതികളിലും കാണാം.
പൊകയില, സെൽഫി ഫിഷ്, ദൈവത്തിന്റെ പെൻഡ്രൈവ്, കാമുകിമാരുടെ ലൈബ്രറി, ഉടൽ തിയറ്റർ (കഥ), ഗോസ്റ്റ് റൈറ്റർ, നോവൽ മാഫിയ, ചീങ്കണ്ണി ബാർ (നോവെല്ല) എന്നിവയടക്കം വിവിധ വിഭാഗങ്ങളിൽ നകുൽ വി.ജിയുടെ കൃതികൾ വായനക്കാരുടെ മുമ്പിലുണ്ട്.
തന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘കഥ – നകുൽ വി.ജി’യുടെ പശ്ചാത്തലത്തിൽ അദ്ദേഹം സംസാരിക്കുന്നു…

ആദ്യ സമാഹാരമായ ‘പൊകയില’യിലെ കഥകളിൽ നിന്നു, അടുത്തിടെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യർ’ എന്ന കഥയിലേക്കെത്തുമ്പോൾ,കഴിഞ്ഞ 9 വർഷത്തിനിടെ, സ്വന്തം എഴുത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് തോന്നുന്നത് ?

അങ്ങനെ ചിന്തിക്കാറുണ്ട്. എങ്കിലും ഗ്രാഫ് മുകളിലേക്കാണോ താഴേക്കാണോ എന്നു തീരുമാനിക്കേണ്ടത് വായിക്കുന്നവരാണല്ലോ. എന്നെ സംബന്ധിച്ച് ‘പൊകയില’യിൽ നിന്നു ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യരി’ലേക്കെത്തുമ്പോൾ തൃപ്തി നൽകുന്ന നിരവധി പുരോഗതികളുണ്ടെന്നതാണ് സത്യം. ‘പൊകയില’യിലെ കഥകൾ അവയെഴുതിയ കാലത്തെ എന്റ വായനയുടെയും ചിന്തകളുടെയും പ്രതിഫലനം കൂടിയാണ്. ദുരൂഹവും സങ്കീർണവുമായ അവതരണമാണ് നല്ലതെന്നായിരുന്നു അക്കാലത്തെ തോന്നൽ. എന്നാൽ പിന്നീടു വന്ന ‘സെൽഫി ഫിഷ്’, ‘ദൈവത്തിന്റെ പെൻഡ്രൈവ്’, ‘കാമുകിമാരുടെ ലൈബ്രറി’ എന്നീ സമാഹാരങ്ങളിലൂടെ ഞാനത്തരം ആലോചനകൾക്ക് പുറത്തു കടക്കാനും പരമാവധി തെളിച്ചമുള്ള ആഖ്യാനം സൃഷ്ടിക്കുവാനും ശ്രമിക്കുകയായിരുന്നു. അതിന്റെ ഭാഗമായി, അവതരണത്തില്‍ പുതിയ മാതൃകകൾ പരീക്ഷിക്കാനും കൂടുതൽ മുറുക്കത്തോടെ ഭാഷ ഉപയോഗിക്കാനും തുടങ്ങി. എന്നാൽ, എത്ര മിനക്കെട്ടാലും ചില കഥകൾ മറ്റേതെങ്കിലുമൊന്നിനോട് തട്ടി നിൽക്കുമെന്നതാണ് യാഥാർഥ്യം. കൊല്ലാമല, കുളത്തുവയൽ പ്രണയകാലങ്ങൾ തുടങ്ങി, ‘കൊല്ലാമല’ പരമ്പരയിലുള്ള കഥകൾ ഉദാഹരണം. ഹിംസയും പകയും വിഭ്രാത്മകമായ സന്ദർഭങ്ങളുമൊക്കെയാണ് അവയിലുള്ളത്. പലതും ഒരേ മീറ്ററിലുള്ള ആഖ്യാനങ്ങൾ.
വർഷങ്ങൾക്കു ശേഷം ‘പൊകയില’യുടെ രണ്ടാം പതിപ്പ് തയാറാക്കിയപ്പോൾ അതിലെ എല്ലാ കഥകളും ഞാൻ പുതുക്കിയെഴുതി. ചില കഥകള്‍ ചേർത്ത് ഒരു കഥയാക്കി. പലതിന്റെയും പേരും ആശയവും മാറി. ഫലത്തില്‍, ആദ്യ പതിപ്പിനെ മൊത്തത്തിൽ അസാധുവാക്കുന്ന പുതിയ പുസ്തകമാണ് ‘പൊകയില’യുടെ രണ്ടാം പതിപ്പ്.
എന്റെ ഓരോ കഥയും എപ്പോഴും എഡിറ്റിങ്ങിനു വിധേയമാകാൻ തയാറാകുന്നവയാണ്. പേരും തുടക്കവും ഒടുക്കവും ആഖ്യാനവും ആശയവും മറ്റൊന്നാകാം. ‘സെൽഫി ഫിഷി’ലെ പല കഥകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടപോലെയല്ല പുസ്തകത്തിൽ ഉള്ളത്. സമാഹാരത്തിൽ ഉൾപ്പെടുത്തിയപ്പോൾ പലതിന്റെയും രൂപവും പേരും മാറ്റി.
എന്റെ ചില കവിതകളും അത്തരത്തിൽ കഥകളായിട്ടുണ്ട്. നോവെല്ലകളിലും സന്ദർഭാനുസരണം ചില കഥകള്‍ കൊരുത്തു ചേർത്തിട്ടുണ്ട്.

ഒരേ സമാഹാരത്തിൽ ഉൾപ്പെടുന്ന, കുളത്തുവയൽ പ്രണയകാലങ്ങൾ, ലിംഗപനി എന്നീ കഥകളുടേത് പരസ്പര ബന്ധമില്ലാത്ത അവതരണ ശൈലിയാണ്. ‘ഇതിങ്ങനെയാകണം’ എന്ന ധാരണയോടൊടെയാണോ ഓരോ കഥകളും എഴുതുക ? അതോ, ആശയം ആവശ്യപ്പെടുന്നതിനനുസരിച്ച് ആഖ്യാനം ഉരുത്തിരിയുകയാണോ ?

‘ഇങ്ങനെ ആരംഭിച്ച്, ഇങ്ങനെ അവസാനിക്കണം’ എന്ന ‘പ്രീ പ്ലാനിങ്ങ്’ അനുസരിച്ചല്ല എന്റെ ഒരു കഥയും എഴുതപ്പെട്ടിട്ടുള്ളത്. നേരത്തേ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, ഒരു വാക്കോ വരിയോ മനസ്സിൽ തെളിയും. അവിടെ നിന്നു തുടങ്ങുന്ന എഴുത്ത് അപ്പപ്പോഴുണ്ടാകുന്ന തോന്നലുകളിലൂടെ വികസിക്കുകയാണ്. കഥ അവസാനിക്കുമ്പോഴാണ് ഞാനും അതിന്റ വികാസത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും മനസ്സിലാക്കുക. ചിലപ്പോൾ ഒരു പേരിൽ നിന്നാണ് കഥ തുടങ്ങുക. ആ പേര് മൊത്തം കഥയെയും തരും. അത്തരം അനുഭവങ്ങൾ ധാരാളം.
എഡിറ്റിങ്ങിൽ‌ ചില കഥകളുടെ രൂപം പരിഷ്കരിക്കുകയോ, പൊളിച്ചു പണിയുകയോ ചെയ്തിട്ടുണ്ട്. വളരെയധികം ചിന്തിച്ച്, യോജിക്കുമെന്നുറപ്പിച്ചിട്ടാണ് അതിനു തയാറാകുക. ‘ഭാഷാപോഷിണി’യിൽ പ്രസിദ്ധീകരിച്ച ‘കുളത്തുവയൽ പ്രണയകാലങ്ങൾ’ മൂന്നു കഥകളായി എഴുതിത്തുടങ്ങി ഒന്നിൽ അവസാനിച്ച ആശയമാണ്. ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യർ’ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ എഴുതിത്തുടങ്ങി, അധികം തിരുത്തുകളില്ലാതെ പ്രസിദ്ധീകരിച്ചതാണ്.

‘ചീങ്കണ്ണിബാർ’ എന്ന നോവെല്ലയുടെ ആഖ്യാനഘടനയിലുള്ള പരീക്ഷണങ്ങളും ഇങ്ങനെയുണ്ടായതാണോ ?

സാധാരണ ആഖ്യാനത്തിലല്ല, എന്തെങ്കിലുമൊരു കൗതുകത്തിനുള്ളിലാകുമ്പോഴാണ് ആ കഥ നന്നാകുക എന്നു തോന്നി. എഴുതിപ്പോകുമ്പോഴേ, ‘ഇങ്ങനെയാകണം ഇത്, അങ്ങനെയാകണം അത്’ എന്നൊക്കെ ചിന്തിച്ചുറപ്പിച്ചിരുന്നു.
ഒരു ചിത്രത്തോടോ, ശിൽപ്പത്തോടെ ഉള്ള അടുപ്പം സാഹിത്യസൃഷ്ടിയോടും ആസ്വാദകർക്കുണ്ടാകണം എന്നതാണ് എന്റെ ആഗ്രഹം.
വിദേശത്തൊക്കെ ഇക്കാര്യത്തിൽ അതിശയങ്ങൾ സംഭവിക്കുമ്പോഴും നേർരേഖയിൽ കഥ പറഞ്ഞവസാനിപ്പിക്കുന്നതാണ് മലയാളത്തിലെ ‘സേഫ് സോൺ’. മേതിൽ രാധാകൃഷ്ണന്റെ നോവലുകൾ, ബെന്യാമിന്റെ ‘തരകൻസ് ഗ്രന്ഥവരി’, വി.എച്ച് നിഷാദിന്റെ ‘ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി’, സുരേഷ് പി തോമസിന്റെ ‘1100 കി.മി’, വി.എം ദേവദാസിന്റെ ‘ഡിൽഡോ’, രാകേഷ് നാഥിന്റെ ‘ഞാൻ എക്സ്പ്രസ്’ എന്നിവയുൾപ്പടെ ചുരുക്കം ചില കൃതികളാണ് അപവാദം. എം.നന്ദകുമാറിന്റെ ‘പ്രണയം കുറുക്കുവഴികൾ’, കരുണാകരന്റെ ‘പരസ്യജീവിതം’ തുടങ്ങിയ നോവലുകളും മറക്കുന്നില്ല. ഇവയുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ ‘ചീങ്കണ്ണിബാർ’ ഒരു പരീക്ഷണമേയല്ല.
ഇപ്പോൾ, പ്രസിദ്ധീകരണത്തിനു തയാറാകുന്ന രണ്ട് നോവെല്ലകളിലും ആഖ്യാനത്തിലെ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

താങ്കളുടെ പല കഥകളും ‘അപൂർണം’ എന്ന തോന്നലിലാണ് അവസാനിക്കുന്നത്. അവിടെ വായനക്കാരന്റെ ചോദ്യങ്ങളും സംശയങ്ങളും ആരംഭിക്കുന്നു. പല കഥകൾക്കും ഈ സാമ്യതയുണ്ട്. എന്താണങ്ങനെ ? വിശദീകരിക്കാമോ ?

ഒരു കഥയും അവസാനിക്കുന്നില്ല, അല്ലെങ്കില്‍ എഴുതിയവസാനിപ്പിക്കാനാകില്ല, എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതു കഥയുടെയും അന്ത്യത്തിൽ നിന്നു ഭാവനാസമ്പന്നനായ ഒരു വായനക്കാരന്‍ മറ്റൊരു പുതിയ കഥ കണ്ടെത്തും. ഇല്ലെങ്കിൽ നോവലുകൾക്കും സിനിമകൾക്കുമൊന്നും തുടർ ഭാഗങ്ങളുണ്ടാകില്ലല്ലോ. എന്റെ പല കഥകളും വായനക്കാർക്ക് അവരുടെ ഭാവനയനുസരിച്ച് പൂരിപ്പിക്കാവുന്ന തരത്തിലാണ് അവസാനിക്കുന്നത്. വായനക്കാരെക്കൂടി സങ്കൽപമെന്ന പ്രക്രിയയിൽ പങ്കാളിയാക്കിക്കൊണ്ടാണ് അവ വളരുന്നതും. എഴുത്തിൽ സ്പൂൺ ഫീഡിങ് എന്ന ഏർപ്പാട് വേണ്ടതാണോ എന്ന് ചിന്തിക്കണം. ഞാനതിന് എതിരാണ്. ഈ ഉത്തരം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.

വിചിത്രമായ കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കുമ്പോഴും ഭാഷ ലളിതമാക്കാൻ ശ്രദ്ധിക്കാറുണ്ടല്ലോ ?

മറ്റൊരാൾക്ക് വായിക്കാൻ കൂടിയാണല്ലോ എഴുതുന്നത്. അപ്പോൾ എന്താണോ കഥാകൃത്ത് ഉദ്ദേശിച്ചത് അത് കൃത്യമായി വായിക്കുന്നവർക്ക് മനസ്സിലാകണം. അത്രേയുള്ളൂ… പത്രപ്രവർത്തനം എന്ന തൊഴിലും അക്കാര്യത്തിൽ എന്നെ തുണയ്ക്കുന്നു. ‘വായിച്ചാല്‍ ആർക്കും മനസ്സിലാകണം’ എന്നത് മാഗസിൻ ജേണലിസത്തിന്റെ പ്രധാന പാഠങ്ങളിൽ ഒന്നാണ്. കഥയെഴുതുമ്പോഴും ഞാനത് പാലിക്കുന്നു. ‘പൊകയില’യിലെ കഥകളിൽ ദുർഗ്രഹമായ അവതരണവും ഭാഷയുടെ പരുക്കൻ സാധ്യതകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. വായിച്ചുണ്ടായ ബോധ്യങ്ങൾ എന്നെ തിരുത്തി, ‘വായിച്ചാല്‍ ആർക്കും മനസ്സിലാകണം’ എന്ന നിലപാടിലേക്കെത്തിക്കുകയായിരുന്നു.
അൻവർ അബ്ദുള്ള കഥകളിലും നോവലുകളിലും ഭാഷ ഉപയോഗിക്കുന്ന രീതി എന്നെ ആകർഷിച്ചിട്ടുണ്ട്.
ഡ്രാക്കുളയും റിപ്പബ്ലിക്കും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും കുത്സിത നീക്കങ്ങളിൽ ദൈവവും കപ്പൽചേതങ്ങളുടെ രാത്രിയും ഗതിയുമുൾപ്പെടുന്ന നോവലുകൾ…അലിഗഡില്‍ ഒരു പശുവും അമേരിക്കകളും കഥകളും ഉൾപ്പെടുന്ന കഥാസമാഹാരങ്ങൾ… ഇവയൊക്കെയെഴുതിയ – എഴുതുന്ന അൻവർ അബ്ദുള്ളയാണ് റൈറ്റർ… ദി റിയല്‍ റൈറ്റർ! അവതരണത്തിലെ പരീക്ഷണങ്ങളും ചടുലതയും ഭാഷയെ ഉപയോഗിക്കുന്ന രീതിയും ആശയങ്ങൾ തിരഞ്ഞെടുക്കുന്നതിലെ ശ്രദ്ധയും…ഗംഭീരം! എല്ലാവരും ഉപയോഗിച്ചു തേഞ്ഞ പലതും ഇവയിലെങ്ങുമില്ല. മറ്റൊന്നു കണ്ടെത്താനുള്ള കൊതി! എന്നിട്ടും കൂടുതലാളുകളും വായിക്കുന്നത് അൻവർ അബ്ദുള്ളയുടെ ഡിറ്റക്ടീവ് നോവലുകളാണ്. പ്രൈം വിറ്റ്നസ്സും കംപാർട്ടുമെന്റും കോമയുമൊക്കെ മലയാളത്തിലെ ലക്ഷണമൊത്ത എ ഗ്രേഡ് കുറ്റാന്വേഷണ കൃതികളാണെന്നതില്‍ തർക്കമില്ല. എന്നാൽ അവയുടെ പ്രഭയിൽ മറ്റുള്ളവ മറക്കരുതെന്നാണ് ഉദ്ദേശിച്ചത്.

താങ്കളുടെ കഥാപാത്രങ്ങൾ പലതും സാധാരണക്കാരല്ല. അവരുടെ പ്രവൃത്തികളും അസാധാരണമാണ്. എങ്ങനെയാണ് ഇത്തരം മനുഷ്യരെ സൃഷ്ടിക്കുന്നത് ?

ഞാൻ പലപ്പോഴായി കേട്ടും കണ്ടും മനസ്സിലാക്കിയ മനുഷ്യരെ എന്റെ സങ്കൽപ്പങ്ങളിൽ കയറ്റിയിറക്കിയാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുക. വളരെ റോ ആയ, റഫ് ആയ, റെയർ ആയ മനുഷ്യരെ സൃഷ്ടിക്കുകയെന്നത് വലിയ താൽ‌പര്യമാണ്.
എന്നാൽ അങ്ങനെയൊരാളെ ഇപ്പോഴും എനിക്ക് കഥയിലാക്കാനായിട്ടില്ല. മുൻപ് ഞാൻ പറഞ്ഞതാണ് ഈ സംഭവം. എങ്കിലും ചോദ്യവുമായി ബന്ധപ്പെട്ടതായതിനാൽ ആവർത്തിക്കാം.
‘കലാകൗമുദി’യിൽ പ്രവർത്തിക്കുന്ന കാലത്ത്, തിരുവനന്തപുരത്തെ ഒരു മെൻസ് ഹോസ്റ്റലിൽ ഞാൻ കുറച്ചു കാലം താമസിച്ചിരുന്നു. രണ്ടു നിലകളുള്ള കെട്ടിടം. താഴത്തെ ഫ്ലോറിലായിരുന്നു എന്റെ മുറി. രണ്ടു നിലകളിലും അതാതിടങ്ങളിലെ എല്ലാ താമസക്കാർക്കുമായി 2കക്കൂസും 2 കുളിമുറിയുമാണുള്ളത്.
ഞങ്ങളുടെ നിലയിലാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രത്തിന്റെ വാസം. ഇയാളുടെ പ്രത്യേകതയെന്തെന്നാൽ, ഒരു ദിവസത്തിന്റെ ഏറിയ പങ്കും കക്ഷി കുളിമുറിക്കുള്ളിലായിരിക്കുമെന്നതാണ്! ഷവർ തുറന്ന്, അതിനു കീഴെയിരുന്നു പിറുപിറുക്കുന്നതാണ് വിനോദം. രാത്രിയെന്നോ പകലെന്നോവില്ലാതെ മിക്കപ്പോഴും അയാളെ അതിനുള്ളിൽ കാണാം. കയറിയാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിയാതെ പുറത്തിറങ്ങില്ല. അപ്പോഴൊക്കെ ജലധാരയും മന്ത്രിക്കലുമുണ്ടാകും. എത്ര ശ്രദ്ധയോടെ കേട്ടാലും എന്താണു പറയുന്നതെന്നു മാത്രം മനസ്സിലാകുകയേയില്ല ! പലപ്പോഴും ഇയാളുടെ ഈ ശീലം മറ്റുള്ള അന്തേവാസികൾക്കൊരു ശല്യമാണ്. അതായത്, അത്യാവശ്യമായി രണ്ടാളുകൾക്ക് കുളിക്കണം. അവർ ചെല്ലുമ്പോള്‍ ഒരു കുളിമുറിക്കുള്ളിൽ നമ്മുടെ കഥാപാത്രമുണ്ടാകും. ഒരാള്‍ കാത്തുനിൽക്കുകയേ നിവൃത്തിയുള്ളൂ. ആദ്യമൊക്കെ പലരും വഴക്കുകളുണ്ടാക്കിയിരുന്നുവെങ്കിലും ഗുണമില്ലെന്നു കണ്ടു നിർത്തി. ഒന്നു രണ്ടു തവണ ഞാനും തർക്കിച്ചിട്ടുണ്ട്. എങ്കിലും ലോഡ്ജിന്റെ കെയർ ടേക്കര്‍ അയാളോടൊന്നും മറുത്തു പറയാറില്ലെന്നത് എന്നെ അതിശയിപ്പിച്ചിരുന്നു. പിന്നീടാണറിഞ്ഞത്, ഇരട്ടിയിലധികം വാടകയാണത്രേ ഈ ജലധാരയുടെ പേരിൽ അയാളിൽ നിന്ന് ഈടാക്കുന്നത്. അയാള്‍ ആരാണ് ? എവിടുത്തുകാരനാണ് ? എന്താണ് ജോലി ? എന്നൊന്നും ആർക്കുമറിയില്ല. മധ്യവയസ്സു പിന്നിട്ട, ദുർബലശരീരമുള്ള അയാൾ ജോലിക്കു പോകുന്നതിന്റെ ലക്ഷണങ്ങളുമില്ല. അടുത്തൂൺ പറ്റിയ ഏതെങ്കിലും സർക്കാർ സേവകനാകാം….പെൻഷൻ കിട്ടുന്നതൊക്കെ ജലധാരയ്ക്കേ തികയാൻ സാധ്യതയുള്ളൂ… അയാൾ ആരോടും മിണ്ടാറില്ല. അയാളുടെ പേരെന്താണെന്നും പലർക്കുമറിയില്ല.
ഞാൻ അവിടം വിട്ടിട്ടിപ്പോള്‍ കൊല്ലങ്ങളായി. അതിനിടെ പലപ്പോഴും അയാളെ ഒരു കഥയിലാക്കണമെന്നു കരുതിയതാണെങ്കിലും സ്വാഭാവികമായ അലസത അതിനു തടസ്സമായി.
എന്നാൽ എനിക്കു മുന്നേ സമാന സ്വഭാവമുള്ള മറ്റൊരു കഥാപാത്രത്തെ ‘സ്റ്റാച്യു പി.ഒ’ എന്ന നോവലില്‍ എസ്.ആര്‍ ലാല്‍ അവതരിപ്പിച്ചു. തികച്ചും യാദൃശ്ചികം!
ആ നോവൽ വായിച്ച ശേഷം ഇക്കാര്യം ഞാൻ ലാലേട്ടനോ‍ട് പറഞ്ഞിട്ടുണ്ട്. എങ്കിലും അയാളെ മറക്കാൻ സാധിക്കുന്നില്ല. എന്നെങ്കിലും ഒരു കഥയിലുൾപ്പടുത്തണം എന്നാഗ്രഹിക്കുന്നു.

പൊകയില, ചീങ്കണ്ണി ബാർ, ദൈവത്തിന്റെ പെൻഡ്രൈവ്, കാമുകിമാരുടെ ലൈബ്രറി, ഗോസ്റ്റ് റൈറ്റർ, ഉടൽ തിയറ്റർ, നോവൽ മാഫിയ… പുസ്തകങ്ങൾക്ക് കൗതുകകരമായ ഇത്തരം പേരുകൾ നൽകുന്നത് ബോധപൂർവമാണോ ?

തീർച്ചയായും. വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഇത്തരം പേരുകളുടെ ലക്ഷ്യം. ഒപ്പം കവർ പേജ്, ചിത്രങ്ങൾ, ലേ ഔട്ട് തുടങ്ങി ഒരു പുസ്തകത്തിന്റെ എല്ലാ വശങ്ങളും മനോഹരമായിരിക്കുകയെന്നതും പ്രധാനമാണ്. പുസ്തകം ഒരു കലാസൃഷ്ടി കൂടിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
പേരുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് മേതില്‍ രാധാകൃഷ്ണന്റെ ‘ബ്രാ’ എന്ന നോവലാണ്. അക്കാലത്ത് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിലെ ധൈര്യം സമ്മതിക്കണം. അത്രയും എത്തിയിട്ടില്ലെങ്കിലും പുസ്തകങ്ങൾക്ക് പേര് തീരുമാനിക്കുമ്പോൾ അങ്ങനെയൊരു കൗതുകം‍ ഞാനും പ്രതീക്ഷിക്കുന്നുണ്ട്.

ഉന്മാദവും സ്വപ്നങ്ങളും പല കഥകളിലും നിറഞ്ഞു തുളുമ്പുന്നു. എന്തുകൊണ്ടാണത് ?

സ്വപ്നങ്ങൾക്ക് പരിധിയില്ലല്ലോ. സ്വപ്നത്തിലാണ് എന്ന തോന്നലിൽ എന്തും എഴുതിപ്പിടിപ്പിക്കാം. ഉൻമാദവും അങ്ങനെയാണ്. എന്റെ പല കഥകളും ഫാന്റസിയിലോ മിസ്റ്ററിയിലോ വേരിറക്കി നിൽക്കുന്നവയാണ്. വിഭ്രാത്മകമായ ഒരു അവസ്ഥയിലേക്ക് വായനക്കാരെ എത്തിക്കുകയെന്നത് രസകരമായ ഒരു പ്രവൃത്തിയാണല്ലോ. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചു കുഴയുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ഒരു ട്വിസ്റ്റ് സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എല്ലാവർക്കും അത് ഇഷ്ടമാകില്ലെന്നറിയാം. എങ്കിലും ഫാന്റസി – മിസ്റ്ററി ഴോണറിൽ താൽപര്യമുള്ളവർ കുറവല്ല.
വി.ജയദേവിന്റെ കഥകളിൽ ഫാന്റസി പ്രവർത്തിക്കുന്ന രീതിയും കരുണാകരന്റെ കഥകളിലെ കിനാവുകള്‍ തുന്നുന്ന വിഭ്രാത്മക സംഭവങ്ങളും എന്നിവെ വായനക്കാരനെ ആകർഷിക്കുന്നു.

പല കഥകളിലും കോട്ടയം നഗരം കടന്നു വരുന്നുണ്ട് ?

എന്റെ പല കഥകളുടെയും പശ്ചാത്തലം കോട്ടയമാണ്. കോട്ടയം പട്ടണവും സമീപ പ്രദേശങ്ങളും അവയിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്നു. പലരും പല കുറ്റങ്ങളും ആരോപിക്കുമെങ്കിലും എനിക്ക് പ്രിയപ്പെട്ട ദേശമാണ് കോട്ടയം. മംഗളം ദിനപത്രത്തിൽ സബ് എഡിറ്റർ ട്രെയിനിയായി കോട്ടയത്ത് എത്തിയ കാലം മുതൽ ഈ നാടിന്റെ മട്ടും ഭാവവും എനിക്ക് വലിയ ഇഷ്ടമാണ്. അവിടുത്തെ ബുക്ക് ഷോപ്പുകൾ, ടീ ഷോപ്പുകൾ, സുഹൃത്തുക്കളൊക്കെ എന്നെയും എന്റെ ക്രിയേറ്റിവിറ്റിയെയും പ്രചോദിപ്പിക്കുന്നു.

കഥകളിൽ പലതിലും കവിതയുടെ സ്വാധീനമുണ്ട് ?

എഴുതിത്തുടങ്ങിയത് കവിതകളാണ്. വർഷങ്ങളോളം കവിതയിലാണ് ശ്രദ്ധിച്ചതും. അതിന്റെയാകാം…
പല കാലങ്ങളിലായി എന്റെ 5 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പെൻസിൽ ചിത്രങ്ങൾ, ഒന്നാം ക്ലാസുകാരന്റെ പ്രാർത്ഥനാപുസ്തകം, പകൽ ത്രികോണങ്ങളും മൃഗമേഘങ്ങളും, പെൺ വൃത്തം, വെള്ളത്തിൽ വരച്ച ഒരു മീൻ. ഇവയിൽ പിന്നീടുള്ള ആലോചനകളിൽ എനിക്കു തൃപ്തി നൽകിയ പേരുകൾ രണ്ടെണ്ണം – പകൽ ത്രികോണങ്ങളും മൃഗമേഘങ്ങളും വെള്ളത്തിൽ വരച്ച ഒരു മീനും. കവിത ഇപ്പോൾ എഴുതാറില്ല. ഇനി ഒരു പുതിയ കവിതാ സമാഹാരവും എന്റെതായി പ്രസിദ്ധീകരിക്കപ്പെടാനും സാധ്യതയില്ല. എങ്കിലും ഈ പേരുകൾ ഇപ്പോഴും ഓർക്കും … കവിത അങ്ങനെയാണല്ലോ … വിട്ടു പോകില്ല…

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....