കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സൌഹാർദ്ദത്തിൻ്റെ കേന്ദ്രമായി വർത്തിച്ചിരുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ഹിന്ദു വിശ്വാസ പ്രകാരം ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി.
കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം വാരാണസി കോടതി തള്ളി. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.
അഞ്ച് ഹിന്ദുമത വിശ്വാസികളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് നിരീക്ഷണം നടത്തിയത്. കേസിന്റെ അടുത്തവാദം ഈ മാസം22ന് നടക്കും.
കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്.
1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി ആവര്‍ത്തിച്ച് വാദിച്ചിരുന്നത്. വാരണാസിയിലെ രണ്ട് കോടതികളാണ് ഗ്യാന്‍വാപി വിഷയം പരിഗണിച്ചത്. ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ പൂജയും, പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതിലായിരുന്നു വാരണാസി ജില്ലാ കോടതിയിലെ വാദം കേള്‍ക്കല്‍. മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹര്‍ജിക്കാരുടെ വാദത്തെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തിരുന്നു. 1937ലെ ദീന്‍ മുഹമ്മദ് കേസ് വിധിയില്‍ ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭൂമികള്‍ കൃത്യമായി വേര്‍തിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെനും മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു.


