പ്രാദേശിക സി.പി.എം. നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വ്യവസായം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടയം മാങ്ങാനത്തെ മാടപ്പള്ളി ടയര്‍ ട്രേഡിങ് കമ്പനി നടത്തുന്ന ടോണി എന്ന യുവവ്യവസായിയാണ് ഭീഷണിയുടെ കഥ വെളിപ്പെടുത്തിയത്.
വിജയപുരം പഞ്ചായത്തംഗവും സി.പി.എം. മാങ്ങാനം ലോക്കല്‍ സെക്രട്ടറിയുമായ ബിജു പി.ടി. നിരന്തരം ഭീഷണിപ്പെടുത്തിയും വ്യാജപരാതി നല്‍കിയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതിപ്പെട്ടത്. ഡിസംബര്‍ 31-ന് കമ്പനിയില്‍ കയറി ബിജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാരെ ആക്രമിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു.
‘ബിജു കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിക്കെതിരെ പരാതിയും അക്രമവുമായി മുന്നോട്ട് പോവുകയാണ്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി അയച്ചുമാണ് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്. തുടക്കം മുതലേ പരാതി അയച്ച് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.’- എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് വ്യവസായം നടത്തുന്നത് എന്നും ടോണി പറയുന്നു.
31-ന് വൈകീട്ട് ലോഡുമായി വന്ന വണ്ടി പിടിച്ചുവെച്ച് സൂപ്പര്‍വൈസറെ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സൂപ്പര്‍വൈസര്‍ ഓടി കെട്ടിടത്തിനകത്തേക്ക് കയറിയപ്പോള്‍ അമ്പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന് കസേരയും കല്ലുമടക്കം ഉപയോഗിച്ച് വീണ്ടും മര്‍ദ്ദിച്ചു. സര്‍ക്കാരിന്റെ മാനദണ്ഡം പാലിച്ചുള്ള എല്ലാ ലൈസന്‍സുമുണ്ട്. പോലീസില്‍ നിലവില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോണി പ്രതീക്ഷ പ്രകടിപ്പിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സ്ഥാപനം ഉണ്ടാക്കിയത്. 60ഓളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ടോണി പറയുന്നു.