ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസും നാടും മുഴുവൻ ആശങ്കയോടെ തിരച്ചിൽ തുടരുന്നതിനിടെ ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതശരീരമാണെന്ന് സ്ഥിരീകരിച്ചു.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് ചാന്ദ്‌നി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പ്രതി പറഞ്ഞതെല്ലാം കള്ളം കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളി
കുട്ടിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് ആലം തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മാര്‍ക്കറ്റിന് പിറകിലെ കാടു മൂടിയസ്ഥലത്ത് ചാക്കില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോയ വ്യക്തിയെ കണ്ടെത്തി പക്ഷെ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാൻ വൈകി
ബിഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്നി കുമാരിയെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍നിന്ന് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വ്യക്തമായ മൊഴികള്‍ ലഭിച്ചില്ല.
ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്. ഈ സംഭവങ്ങള്‍ക്കിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു.ഏറ്റവും ഇളയ കുട്ടിയാണ് ചാന്ദ്‌നി. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്.
പ്രതി എന്തിനു വന്നു
പ്രതിയായ അസ്ഫാഖ് ആലം പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. കഴിഞ്ഞദിവസം താമസിക്കുന്ന മുറിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷന്‍ വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. അയല്‍വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാര്‍ സ്വദേശികളുടെ മകളെ വീട്ടില്‍നിന്ന് കാണാതായത്.
അവധി ദിനത്തിൽ ഒരു ജൂസിൻ്റെ പ്രലോഭനവുമായി എത്തിയ ക്രൂരത

സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോകുന്ന ദൃശ്യവും ലഭിച്ചു. ബസില്‍ കയറി ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തിയാതായും കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നത് വ്യക്തമല്ല.
പ്രതിയായ അസ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വിവരം ലഭിച്ചില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് പ്രതി പറഞ്ഞത് എല്ലാം കള്ളമാണെന്ന് കണ്ടെത്തി.


