ഇന്നും നാളെയും കനത്ത ചൂട്, മഞ്ഞ അലേർട്ട്

0

ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണനിലയെക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രിവരെ അധികമാണിത്.

ഉച്ചവെയിൽ കൊള്ളരുത്

പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ പുറത്തിറങ്ങരുത്.

തൊഴിലാളികൾ സമയം ക്രമീകരിക്കുക

നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പുൽവാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാൽ മാലിക്കിന് സി ബി ഐ വഴി സമൻസ്

 ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ സാക്ഷി എന്ന നിലയിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 28-ന് അക്ബര്‍ റോഡിലെ സിബിഐ ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പുൽവാമ ആക്രമണത്തിലെ വീഴ്ച തുറന്നു പറഞ്ഞു

2019-ലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ആക്രമണത്തിന് വഴിതെളിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ദി വയര്‍ ന്യൂസ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടുവെങ്കിലും ആവശ്യം നിഷേധിച്ചു. അവര്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടിവന്നു. ഇതിനു തുടർച്ചയായാണ് ആക്രമണം ഉണ്ടാവുന്നത്. മാത്രമല്ല സുരക്ഷാ പ്രശ്നമുള്ള സ്ഥലത്താണ് സേനാ നീക്കം നടത്തിയത് എന്നും വെളിപ്പെടുത്തി. ഈ പരാമര്‍ശമാണ് വിവാദമായത്.

കേസിൽ പ്രതിയല്ല വാദിയായിട്ടും പുൽവാമ

ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018-ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ഒരു കരാര്‍ മാലിക് റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍. പദ്ധതിയില്‍ അഴിമതിയുണ്ടെന്നായിരുന്നു സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ട്രിനിറ്റി റീഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് എന്നിവയുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നു.

പദ്ധതിയില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്. കശ്മീരിലെ 3.5 ലക്ഷം ജീവനക്കാരെ ബാധിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2018 സെപ്റ്റംബറില്‍ തുടക്കമായെങ്കിലും ഒരു മാസത്തിനകം സത്യപാല്‍ മാലിക് അത് റദ്ദാക്കി.

തട്ടിപ്പ് പദ്ധതി ആയതിനാല്‍ കരാര്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് മാലിക് വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദാംശങ്ങള്‍ താന്‍ നേരിട്ട് പരിശോധിച്ചെന്നും അതിനുശേഷമാണ് കരാര്‍ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സിബിഐ അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

പോക്സോ കേസിൽ 77 കാരനായ വൈദികൻ അറസ്റ്റിൽ

 വിശുദ്ധവാരത്തിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍
റമ്പാന്‍. ഇതിനിടയിലാണ് കയ്യേറ്റം.

ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് വൈദികന്‍.

ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാൻ പിന്നെയും ഫീസ് ഈടാക്കുന്നു, പുതു രൂപത്തിൽ ആക്കാം പക്ഷെ 200 രൂപ വീണ്ടും നൽകണം

0

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.

കേരളത്തിൽ മാത്രമാണ് ഏറ്റവും പഴയ സമ്പ്രദായത്തിൽ ലൈസൻസ് സാധാരണ കടലാസിൽ ലാമിനേറ്റ് ചെയ്ത് നൽകുന്നത്. വർഷങ്ങളായി സ്മാർട്ട് ലൈസൻസ് എന്ന പേരിൽ ഫീസ് വാങ്ങിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളും വാർത്തകളും ഉണ്ടായിരുന്നു. ഇത്തരത്തിൽ കാശ് അടച്ചവരോട് വീണ്ടും തുക ആവശ്യപ്പെട്ടാണ് സ്മാർട്ട് കാർഡ് വാഗ്ദാനം.

ലൈസൻസ് എങ്ങിനെ സ്മാർട്ട് ആക്കാം

കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതി.പരിവാഹന്‍ വെബ്‌സൈറ്റിലൂടെ കാര്‍ഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നല്‍കാം.
പുതിയ ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസുംകൂടി അടയ്ക്കണം. ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടിവരും.

മേയ്മുതല്‍ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ േപഴ്സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല.

പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളില്‍െൈ മക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.

ഇതുവരെ വാങ്ങിയ കാശ് എന്തു ചെയ്തു

22 വർഷമായി ഹൈക്കോടതിയിൽ നടന്ന കേസിൽ സർക്കാരിന് അനുകൂലമായി കഴിഞ്ഞദിവസം തീരുമാനം ഉണ്ടായതോടെയാണ് 7 സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള കാർഡ് പുറത്തിറക്കാൻ മോട്ടർവാഹന വകുപ്പിനു കഴിയുന്നത്. 22 വർഷം മുൻപ് ബെംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായും (ഐടിഐ) അവർ ഇതിനായി ചുമതലപ്പെടുത്തിയ ഡൽഹി കേന്ദ്രമായ റോസ് മെർത്ത സൊല്യൂഷൻസ് എന്ന കൺസോർഷ്യവുമായിട്ടായിരുന്നു സർക്കാരിന്റെ ആദ്യ കരാർ. 198 രൂപയുടെ പിവിസി കാർഡും 395 രൂപയുടെ സ്മാർട്ട് ഒപ്റ്റിക്കൽ കാർഡുമായിരുന്നു അന്നത്തെ കരാറിൽ പറഞ്ഞിരുന്നത്. ഇൗ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി. 

ഇതിനെതിരെ റോസ് മെർത്ത സൊല്യൂഷൻസ് ഹൈക്കോടതിയിൽ കേസ് നൽകി. ഇതിനുശേഷം പല സർക്കാരുകളായി കെൽട്രോൺ, കേരള ബുക്ക് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എന്നിവർക്കു സ്മാർട് കാർഡ് നിർമിക്കാൻ കരാർ നൽകിയെങ്കിലും റോസ് മെർത്തയുടെ എതിർവാദത്തിൽ കോടതി ഇതു തടഞ്ഞു. 

ഇതെത്തുടർന്നു സർക്കാർ തന്നെ സ്മാർട് കാർഡ് പ്രിന്റിങ്ങിനു തയാറെടുത്തു. 22 വർഷം മുൻപ് 198 രൂപ വിലയിട്ട കാർഡ് ഇപ്പോൾ 60 രൂപയ്ക്കു നിർമിക്കാനാകുമെന്ന് ഉപകരണങ്ങൾ സ്വന്തം നിലയ്ക്കു വാങ്ങി പ്രിന്റ് ചെയ്ത ശേഷം സർക്കാർ കോടതിയെ അറിയിച്ചു. 

ഐസ്ക്രീം കഴിച്ച് 12 കാരൻ മരിച്ചത് കൊലപാതകം, പിതാവിൻ്റെ സഹോദരി അറസ്റ്റിൽ

കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറ (42) യെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. താഹിറ ഐസ്ക്രീം വാങ്ങിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി.

അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

കലർത്തിയത് എലിവിഷം, ലക്ഷ്യം വെച്ചത് മാതാവിനെ എന്ന് സംശയം

കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും പിതാവും മാത്രമാണുണ്ടായിരുന്നത്.

 കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താഹിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ജമ്മുകശ്മീരിൽ അഞ്ച് സൈനികർ മരിച്ചത് ആക്രമണത്തിൽ, ദേശീയപാത അടച്ചു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്  സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർക്ക് ജീവൻ നഷ്ടമായി. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. 

ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തിൽ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ ഗതാഗതം താൽകാലികമായി നിർത്തിവെച്ചു.

എസ് എസ് എൽ സി ഫലം മെയ് 20 ന്

0

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.

പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏര്‍പ്പെടുത്തും. ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതീഖ് അഹമ്മദിനെ ഇല്ലാതാക്കിയ ‘പ്രകൃതി നിയമം’ പലർക്കും ബാധകമായിരുന്നില്ലെ എന്ന് രൂക്ഷ വിമർശനവുമായ് കെ ടി ജലീൽ

ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന് ജലീല്‍ പ്രതികരിക്കുന്നു. അതിന് കഴിയില്ലെന്ന ബോധ്യമാണോ യു.പി മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘പ്രകൃതി നിയമം’ നടപ്പിലാക്കിയതിന് പിന്നിലെ രഹസ്യമെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ലിങ്ക്

കൊല്ലപ്പെട്ട എം പിയുടെ വാക്കുകൾ ഉദ്ദരിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്.

“എൻ്റെ മുന്നിൽ ഒരുപാട് യുവാക്കളുണ്ട്. നിങ്ങളിൽ വിജ്ഞാനമുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അറിവ് വളരെ പ്രധാനമാണ്. പഠിക്കാത്തവർ പഠിക്കണം. മദ്രസ്സയിലോ സ്കൂളിലോ എവിടെപ്പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് ആർജിക്കണം. വലിയ ജോലി കിട്ടാൻ വേണ്ടിയിട്ടല്ല. ട്രക്ക് ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണെങ്കിലും വിജ്ഞാനം അനിവാര്യമാണ്. എനിക്ക് ദൈവം ഒരുപാട് കഴിവുകൾ തന്നു. പക്ഷെ വേണ്ടത്ര അറിവ് നേടാൻ സാധിച്ചില്ല. ആ ഒരവസ്ഥ നിങ്ങൾക്കുണ്ടാകരുത്”.

അങ്ങിനെ എങ്കിൽ ഈ പ്രകൃതി നിയമം ആർക്കൊക്കെ ബാധകമാവണമായിരുന്നു എന്ന് ചോദ്യം

”ഗുണ്ടാ തലവൻ”എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സർക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കിൽ വിചാരണ നടത്തി തൂക്കുകയർ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?

അതിന് കഴിയില്ലെന്ന ബോദ്ധ്യമാണോ യു.പി മന്ത്രിമാരുടെ ഭാഷയിൽ പറഞ്ഞാൽ ”പ്രകൃതി നിയമം”നടപ്പിലാക്കിയതിന് പിന്നിലെ രഹസ്യം? യോഗിക്കും ബി.ജെ.പിക്കും എതിര് നിൽക്കുന്നവരെ കൊന്നുതള്ളുന്ന “ജംഗിൾരാജ്” എവിടെച്ചെന്ന് അവസാനിക്കും?

കൊലപാതക കേസുകൾ ഉൾപ്പടെ നിരവധി കേസുകൾ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും തെരുവിൽ പോലീസ് അകമ്പടിയിൽ കൈകൾ ചങ്ങലയിൽ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാൻ പ്രചോദനമെങ്കിൽ അതിനെക്കാൾ ഗുരുതര കേസുകൾ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതു തരം നീതിയാണ് നടപ്പിലാക്കേണ്ടത്? അമിത്ഷാ മാസങ്ങളോളം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല. കൊലപാതക കേസുകളിൽ പിടിക്കപ്പെട്ടതിൻ്റെ പേരിൽ. അദ്ദേഹത്തെ വിചാരണ ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികൾ “പ്രകൃതി നിയമത്തിന്” പലപ്പോഴായി വിധേയരായിട്ടുണ്ട്. കുറ്റാരോപിതരെ തെരുവിലിട്ട് ആളുകൾ കാൺകെ വെടിവെച്ച് കൊല്ലാൻ തുടങ്ങിയാൽ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കൾ ജീവനോടെ അവശേഷിക്കും?

മഹാത്മാഗാന്ധിയെ ഇക്കൂട്ടർ വെടിവെച്ച് കൊന്നത് ഏത് കൊലപാതക കേസിൽ പ്രതിയായിട്ടാണ്? ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും ഗൗരി ലങ്കേഷിനെയും ഇവർ വെടിവെച്ച് കൊലപ്പെടുത്തിയത് ഏത് കള്ളപ്പണ ഇടപാടിൻ്റെ പേരിലായിരുന്നു? പ്രത്യയശാസ്ത്ര എതിരാളികളെയും രാഷ്ട്രീയ എതിരാളികളെയും കൊന്ന് കൊലവിളിക്കാൻ സംഘ്പരിവാറുകാർക്ക് കൊലക്കേസിലൊന്നും പ്രതിയായിക്കൊള്ളണമെന്നില്ല.

അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂർ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേർ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സർക്കാർ അവർക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ട് കെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിൻ്റെ മകൻ്റെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്?

ഒരേ സമയം ഇഡിയുടെ 15 സംഘമാണ് അതീഖ് അഹമ്മദിൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചത്. തൻ്റെ എതിരാളിയായ അതീഖിൻ്റെ കുടുംബത്തെ എത്ര ക്രൂരമായാണ് യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത്! ഒരു മകനെ വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നു. രണ്ടു ആൺമക്കളെ നേരത്തെ തന്നെ പല കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭാര്യയെ കേസുകളിൽ കുടുക്കി അറസ്റ്റിന് ശ്രമിച്ചു. അവർ ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെ പോലീസ് പിടിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. എല്ലാ പഴുതുകളും അടച്ച ശേഷം കയ്യാമം വെച്ച് പോലീസ് അകമ്പടിയിൽ കൊണ്ടു പോകവെ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോയിൻ്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലാൻ “സ്വന്തക്കാർക്ക്” സാഹചര്യമൊരുക്കി. ഒരു ഏകാധിപത്യ രാജ്യത്ത് പോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യു.പി യിൽ നടന്നു കൊണ്ടിരിക്കുന്നത്.

യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പോലീസ് “ഏറ്റുമുട്ടലുകളിൽ”മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്. വിചാരണ ശരിയാംവിധം നടന്നാൽ കെട്ടിച്ചമച്ച കുറ്റങ്ങൾ തെളിയിക്കാൻ കഴിയില്ലെന്ന ശങ്കയാണോ ഇവരെയൊക്കെ വെടിവെച്ച് കൊല്ലുന്ന ”ജംഗിൾരാജി”ലേക്ക് യോഗിയെ നയിച്ചത്? യു.പി യിലെ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളും ദളിതുകളും വലിയ ഭയപ്പാടിലാണ് ജീവിക്കുന്നത്. വസ്തുതകൾ നേരിട്ടറിയാൻ ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികൾ ഒരു പ്രതിനിധി സംഘത്തെ യു.പിയിലേക്കയക്കണം

കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് സംഘി സംഘടനകൾ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങൾ സംഭാവന ചോദിക്കുക. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുക. വഴങ്ങിയില്ലെങ്കിൽ വിവിധ അന്വേഷണ സംഘങ്ങളെ വരുത്തി റെയ്ഡ് ചെയ്യിക്കുക. തുടർന്ന് കേസ് ഒതുക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരായി എത്തുക. ലക്ഷങ്ങളും കോടികളും തന്നാൽ രക്ഷപ്പെടുത്തിത്തരാം എന്ന് ഓഫർ വെക്കുക. തികച്ചും സംസ്കാര ശൂന്യമായ നെറികെട്ട പ്രവർത്തനമാണ് നാട്ടിൻപുറങ്ങളിൽ പോലും വിവിധ പേരുകളിൽ അറിയപ്പെടുന്ന സംഘി പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അനുഭവങ്ങൾ പുറത്ത് പറയാൻ പലരും ഭയപ്പെടുന്നത് കൊണ്ട് മിണ്ടാതിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മറ്റുള്ളവർക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവൻ്റെ കഴിവനുസരിച്ച് ബി.ജെ.പിക്കും കൊടുക്കാവൂ. ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്ത് പോകരുത്. ഓരോരുത്തരും സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളിൽ നിന്ന് മോചനം നേടുക. സംഘികൾക്ക് “കപ്പം” കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്.

നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രതികളായ മായാ കോഡ്നാനിയെയും കൂട്ടാളികളെയും വെറുതെ വിട്ടു

ഗുജറാത്ത് കലാപത്തിലെ ക്രൂരമായ കൂട്ടക്കൊലപാതക കേസുകളിൽ ഒന്നായ നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി വെറുതേവിട്ടത്. പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രസ്താവിച്ചത്. ഗുജറാത്ത് കലാപത്തിൽ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട നരോദ പാട്യ കേസിലും കോഡ്നാനിയെ വെറുതെ വിട്ടിരുന്നു.

ഇപ്പോൾ നരേദ ഗാം കേസിൽ മുന്‍ മന്ത്രി മായ കോഡ്നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ഗോഹില്‍ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിൽ എല്ലാവരും ജാമ്യത്തിലായിരുന്നു.

ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ.സംഭവം നടന്ന് എട്ട് വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഇതിൽ വിചാരണ വേളയിൽ 18 പേര്‍ മരിച്ചു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 13 വർഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ചു.മായ കോ‌ഡ്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികൾ നരോദ ഗാമിൽ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്.  

ഗൈനക്കോളജിസ്റ്റായ മായ കോഡ്നാനി വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്. ഈ കേസിൽ കോഡ്‌നാനിക്ക് അനുകൂലമായി നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ കോടതിയിൽ മൊഴി നൽകിയിരുന്നു. കലാപം നടന്ന ഫെബ്രുവരി 28നു രാവിലെ നിയമസഭയിലും പിന്നീട് സിവിൽ ആശുപത്രിയിലും അവരുടെ ഒപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അവർ എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമായിരുന്നു ഷായുടെ മൊഴി.

ഗോധ്രയിലെ ട്രെയിന്‍ തീവയ്പ്പിന് പിന്നാെലയാണ് നടന്ന കുരുതി

2002-ലെ ഗുജറാത്ത് കലാപത്തിൽ റെക്കോഡ് ചെയ്യപ്പെട്ട ഒൻപത് കൂട്ടക്കൊലകളിൽ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. പതിനൊന്ന് പേരെയാണ് നരോദ ഗാമില്‍ പച്ചയോടെ കത്തിച്ചത്. 86 പ്രതികള്‍ ആയിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി ഇപ്പോൾ വെറുതെ വിട്ടത്. 182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

നരേദ പാട്യ കൂട്ടക്കൊലയിലും ….

2012-ല്‍ മായാ കോഡ്നാനിയെയും ബാബു ബജ്രംഗിയെയും നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിച്ചിരുന്നു. നരോദ ഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാട്യയിൽ അരങ്ങേറിയ കൂട്ടക്കൊലയിൽ മായ കോട്നാനിയെ കോടതി ജീവപര്യന്തം തടവിനാണ് വിധിച്ചത്. പിന്നീട് കുറ്റവിമുക്തയാക്കി. ഗുജറാത്ത് കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട കലാപമായിരുന്നു നരോദാപാട്യയിലേത്. 97 പേരെ കൂട്ടക്കൊല ചെയ്ത ഈ കേസിൽ മായ കോഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കുറ്റവിമുക്തയാക്കിയത്. 28 വർഷം ജീവപര്യന്തം തടവിനു ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലായിരുന്നു വിധി.

യു പി ഐ ഇടപാടുകൾ മരവിപ്പിക്കൽ കൈമലർത്തി അധികാരികൾ, പിന്നിൽ സംഘടിത സംഘങ്ങളോ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ പ്രകാരം വ്യാപകമായി യു പി ഐ അക്കൌണ്ടുകൾ മരവിപ്പിക്കുമ്പോൾ ഇതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ അധികാരികൾ കൈ മലർത്തുന്നു. തെരുവ് കച്ചവടം ചെയ്യുന്നവരുടെ നിത്യ ചിലവിനുള്ള അക്കൌണ്ടുകൾ മരവിപ്പിക്കപ്പെടുമ്പോൾ ഇതിനു പിന്നിൽ സംഘടിത സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് വ്യക്തമാവുന്നത്. ഗുജറാത്ത്, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്

National Payments Corporation of India (NPCI), RBI, and Reserve Bank Information Technology Pvt Ltd (ReBIT) എന്നിവയൊന്നും ഇതു സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടില്ല. വ്യാജ ഐഡികൾ ഉപയോഗിച്ച് National Cyber Crime Reporting Portal (NCCRP) വഴിയാണ് പരാതികൾ ഉണ്ടാവുന്നത്. എന്നാൽ പരാതിക്കാരുടെ വിവരങ്ങൾ വ്യക്തവുമല്ല. പൊലീസിന് പരാതി അന്വേഷിക്കാതെയും എഫ് ഐ ആർ ഇടാതെയും അക്കൌണ്ട് മരവിപ്പിക്കാൻ നിർദ്ദേശിക്കാനാവില്ല.

കൈ മലർത്തി പൊലീസ്

സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പോലീസ് നിര്‍ദ്ദേശം നല്‍കാറുള്ളത്.

തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ കേരള പോലീസ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്.

 യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം.

ബാങ്കുകൾക്ക് സ്വന്തമായി മരവിപ്പിക്കാൻ തീരുമാനിക്കാമോ

എങ്കിൽ പിന്നെ ബാങ്കുകൾ സ്വയം അക്കൌണ്ടുകൾ മരവിപ്പിക്കയാണോ എന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. ഇതിന് ഇതുവെ ഉത്തരം ഉണ്ടായില്ല. അധികാരികളുടെ മൌനവും തുടരുന്നു. ഇതോടെ ചെറുകിട ഇടപാടുകൾക്ക് യു പി ഐ സൌകര്യം ഉപയോഗിക്കുന്ന നിത്യവൃത്തി സേവനങ്ങളിലും ജോലികളിലും ഇടപെടുന്നവരാണ് പെട്ടുപോവുന്നത്.