ലൈംഗിക ചൂഷണത്തിനെതിരെ ഗുസ്തിതാരങ്ങൾ വീണ്ടും സമര രംഗത്ത്, മുഖം തിരിച്ച് പൊലീസ്

ലൈംഗിക ചൂഷണ പരാതിയുമായി ഗുസ്തി താരങ്ങള്‍ വീണ്ടും സമരമുഖത്ത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വീണ്ടും താരങ്ങൾ സമര രംഗത്ത് എത്തിയത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡൽഹിയിലെ ജന്ദര്‍ മന്തറില്‍ പുതിയതായി സമരം. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ല.

ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരങ്ങൾ. സമരം ചെയ്യുന്നവർക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും
പുറത്ത് പോയ താരങ്ങളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. ഡൽഹി പൊലീസ് എന്ത് ചെയ്താലും സമരത്തിൽ നിന്നും പിന്മാറില്ലെന്ന് താരങ്ങൾ പറഞ്ഞു. എന്തു കൊണ്ട് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ നടപടി എടുക്കുന്നില്ലെന്നും താരങ്ങൾ ചോദിച്ചു. ( Wrestlers Protest Back In Delhi )

‘ഭക്ഷണവും വെള്ളവും ഒന്നും ലഭിച്ചില്ലെങ്കിലും സമരം തുടരും. നീതിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്താലും സമരം തുടരും’ ഗുസ്തി താരങ്ങൾ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾ അല്ലാതെ ഒന്നുമുണ്ടായില്ല. ഈ
സാഹചര്യത്തിലാണ് പ്രതിഷേധം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്. ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.

മൂന്ന് മാസം മുന്‍പായിരുന്നു സമാനമായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് പീഡനപരാതിയില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ചു. എം.സി. മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. അന്വേഷണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല.

സമിതി രൂപവത്കരിച്ചതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്ന് ബജ്‌റംഗ് പൂനിയ വെളിപ്പെടുത്തി. കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സാക്ഷി മാലികും ആവശ്യപ്പെട്ടു.

താരങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ചു.

സഹോദരൻ്റെ പന്ത്രണ്ട് വയസായ മകന് വിഷം കലർത്തിയ ഐസ്ക്രീം നൽകി, താഹിറ ലക്ഷ്യമിട്ടത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ

സഹോദരൻ്റെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ ഐസ്ക്രീം പാക്കിൽ എലിവിഷം കലർത്തിയത് എന്ന് പെലീസ് നിഗമനം. ഇതിനായി ഫാമിലി പായ്ക്ക് ഐസ്‌ക്രീം പാക്കറ്റ് വാങ്ങി. അതിൽ വിഷംകലർത്തിയാണ് സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.

ഈ സമയത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വെച്ചുനീട്ടിയ ഐസ്‌ക്രീമിന്റെ ചെറിയൊരുഭാഗം മാത്രമാണ് പന്ത്രണ്ടു വയസുകാരൻ കഴിച്ചത്. രുചിവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. ഈ അടുത്താണ് അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അതിലേക്ക് താമസംമാറ്റിയത്. കുട്ടികളെല്ലാം ചങ്ങരോത്ത് എം.യു.പി. സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. മരിച്ച അഹമ്മദ് ഹസൻ റിഫായി ആറാംക്ലാസ് വിദ്യാർഥിയാണ്.

മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു എന്നു പറയുന്നു. ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും കട സീൽചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ കണ്ടെത്തിയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്‌ഫേറ്റിന്റെയും അംശം കൂടുതലായിരുന്നു എന്ന് പറഞ്ഞിരുന്നു.

ഐസ്‌ക്രീമിൽ ഒരു കാരണവശാലും ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്‌ഫേറ്റ്. മനഃപൂർവം ചേർക്കാതെ ഇതൊരിക്കലും ഐസ്‌ക്രീമിൽ എത്തില്ല. ഇതോടെ ഐസ്‌ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.

എന്നാൽ, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പർമാർക്കറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോൾ താഹിറതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി. തുടർന്നാണ് അറസ്റ്റ്.

വെള്ളിയാഴ്ച പുലർച്ചെയാണ് താഹിറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട്, അരിക്കുളത്തെത്തിച്ച് താഹിറ താമസിക്കുന്ന വീട്ടിലും മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ വീട്ടിലും ഐസ്‌ക്രീം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. സഹോദരൻ മുഹമ്മദാലിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സഹോദരന്റെ കുടുംബവുമായുളള ബന്ധം പുനഃസ്ഥാപിക്കാനെന്ന വ്യാജേനയാണ് താഹിറ ഇവരുടെ വീട്ടിലെത്തിയതും വിഷംകലർത്തിയ ഐസ്‌ക്രീം കുട്ടിക്ക്‌ നൽകുന്നതും. എന്നാൽ, ആ സമയത്ത് അഹമ്മദ് ഹസൻ റിഫായിയും വലിയുമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ പേരാമ്പ്രയിൽ സാധനങ്ങൾ വാങ്ങാൻപോയതായിരുന്നു.

ഐസ്ക്രീം സ്വന്തംവീട്ടിൽ എത്തിച്ചാണ് അതിൽ എലിവിഷം കലർത്തിയത്. എലിവിഷത്തിന്റെ ഒഴിഞ്ഞ പാക്കറ്റ് പിന്നീട് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്ക്‌ എറിഞ്ഞു. തെളിവെടുപ്പിനായി പോലീസ് താഹിറയെ സ്വന്തം വീട്ടിലെത്തിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം അവർ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പോലീസ് കിണറ്റിൽനിന്ന് എലിവിഷത്തിന്റെ പാക്കറ്റ് കണ്ടെടുത്തു. സൂപ്പർമാർക്കറ്റിൽനിന്ന് ഐസ്‌ക്രീം വാങ്ങിയശേഷം സ്വന്തംവീട്ടിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യവും പോലീസ് ശേഖരിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

ഈ മാസം 16-നാണ് സംഭവം നടന്നത്. ഐസ്‌ക്രീം കഴിച്ചതോടെ തുടർച്ചയായ ഛർദിയെത്തുടർന്ന് അഹമ്മദ് ഹസൻ റിഫായിയെ പിതാവ് ആദ്യം മേപ്പയ്യൂരിലെ ആശുപത്രിയിലും പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ അമോണിയ, ഫോസ്‌ഫറസ് എന്നിവ കൂടിയ അളവിൽ കുട്ടിയുടെ ശരീരത്തിൽ എത്തിയതായി കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. പ്രതി താഹിറയെ ആദ്യംതൊട്ടേ പോലീസിന് സംശയമുണ്ടായിരുന്നു. ലൈബ്രറി സയൻസിൽ ബിരുദധാരിയാണ് താഹിറ. ഇവർ വിവാഹബന്ധം വേർപെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ. കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, പയ്യോളി സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. വി. അനീഷ്, പി.എം. ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ. കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

കേരള കോൺഗ്രസ് നേതാവ് വിക്ടർ തോമസ് ബിജെപിയിൽ ചേർന്നു

0

പാര്‍ട്ടി വിട്ട മുന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റും മുൻ യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി. തോമസ് ബി.ജെ.പിയില്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

യു.ഡി.എഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യമുള്ളതെന്ന് വിക്ടര്‍ തോമസ് ആരോപിച്ചു. പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിശദീകരണം. സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂ. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു.

അവസരം തേടിയാത്ര

20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായ വിക്ടര്‍ കോഴഞ്ചേരി പഞ്ചായത്തില്‍ 10 വര്‍ഷം പ്രസിഡന്റായിരുന്നിട്ടുണ്ട്. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവെച്ചത്. ചില നേതാക്കളുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടി എന്നതിനാലാണ് തന്റെ രാജിയെന്നായിരുന്നു വിക്ടര്‍ ടി. തോമസിന്റെ വിശദീകരണം. ജില്ലയിലെ യു.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചായിരുന്നു രാജി.

മിന്നൽ മുരളി ബാക്കിവെച്ച കഥ പറയാൻ വരുന്നു, സൂചനയുമായി നിർമ്മാതാവ്

സൂപ്പർ ഹീറോ മിന്നൽ മുരളി മലയാള സിനിമയിൽ തൻ്റെ തുടർ ജീവിതവുമായി എത്തുന്നു. ഏവരും ചോദിക്കുന്ന ചോദ്യമാണ് മിന്നൽ മുരളിക്ക് രണ്ടാം ഭാ​ഗം വരുമോ എന്ന്. ഈ ചോദ്യം ഇപ്പോൾ വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോൾ ഞായറാഴ്ച പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് മിന്നൽപ്പിണർ സൃഷ്ടിച്ചിരിക്കുന്നത്.

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നൽ എന്ന ഹാഷ് ടാ​ഗും രണ്ട് മിന്നൽ ചിഹ്നങ്ങളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. മിന്നൽ മുരളിക്ക് രണ്ടാം ഭാ​ഗം വരികയാണെങ്കിൽ വലിയ ക്യാൻവാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് സംവിധായകൻ ബേസിൽ ജോസഫ് അടക്കമുള്ള അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് സോഫിയാ പോൾ മിന്നൽ മുരളി നിർമിച്ചത്.

അന്ന് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിക്ക് ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. 2021-ലെ ക്രിസ്മസ് റിലീസായി നെറ്റ്ഫ്ളിക്സിൽ നേരിട്ടെത്തുകയായിരുന്നു ചിത്രം. ഓ.ടി.ടിയിലാണെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കാൻ ചിത്രത്തിനായിരുന്നു.

​ഗുരു സോമസുന്ദരം എന്ന നടൻ മലാളത്തിൽ ചുവടുറപ്പിച്ച ചിത്രംകൂടിയായിരുന്നു മിന്നൽ മുരളി. മിന്നൽ ഷിബു എന്ന വില്ലൻ കഥാപാത്രമായി അദ്ദേഹം കയ്യടി നേടി. ഫെമിന, ഷെല്ലി, സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. ഛായാ​ഗ്രഹണം സമീർ താഹിറും സം​ഗീതസംവിധാനം ഷാൻ റഹ്മാനും നിർവ​ഹിച്ചു.

യൂത്ത് കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്, ലിംഗവിവേചന പരാതി നൽകിയ അങ്കിതയെ പുറത്താക്കി

0

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അങ്കിതയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ശ്രീനിവാസ് അടക്കമുള്ള നേതാക്കളില്‍ നിന്നും ലിംഗവിവേചനവും മാനസിക പീഡനവും നേരിട്ടതായി അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ മേധാവി അങ്കിത ദത്ത ആരോപിച്ചത്. ‘വിദ്യാ സമ്പന്നയെന്ന നിലയിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തിയെന്ന നിലയിലും എനിക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം’. ഇപ്പോള്‍ തന്റെ ആത്മാഭിമാനം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നുമായിരുന്നു അങ്കിത ദത്തയുടെ പ്രതികരണം.അതേസമയം ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിഷേധിച്ചു. ദേശീയ അധ്യക്ഷനെയും മറ്റ് യുവ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് അങ്കിത നടത്തുന്നതെന്നാണ് പാര്‍ട്ടിയുടെ വാദം. വിഷയത്തില്‍ അങ്കിതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയിരുന്നു.അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ നേതാവിന്റെ ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് അങ്കിതയ്‌ക്കെതിരെ ദേശീയ നേതൃത്വം നടപടിയെടുത്തത്.

വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമമായി

0

വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടും. ഉച്ചയ്ക്ക് 1.25-ന് കാസര്‍കോട്ട് എത്തും. 8.05 മണിക്കൂറാണ് റണ്ണിങ് ടൈം. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും.

ഷൊര്‍ണൂറില്‍ കൂടി സ്റ്റോപ്പ് അനുവദിച്ചു. ആകെ സ്‌റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂര്‍ ഒഴിവാക്കിയാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. ചെങ്ങന്നൂരിലും സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണില്‍ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ടുമിനിറ്റുമാണ് നിര്‍ത്തുക.

വിവിധ സ്റ്റേഷനുകളും സമയക്രമവും

തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20634)

തിരുവനന്തപുരം: രാവിലെ 5.20
കൊല്ലം: 6.07
കോട്ടയം: 7.25
എറണാകുളം: 8.17
തൃശൂര്‍: 9.22
ഷൊര്‍ണൂര്‍: 10.02
കോഴിക്കോട്: 11.03
കണ്ണൂര്‍: 12.03
കാസർകോട്:1.25

കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20633)

കാസര്‍കോട്: ഉച്ചയ്ക്ക് 2.30
കണ്ണൂര്‍: 3.28
കോഴിക്കോട്: 4.28
ഷൊര്‍ണൂര്‍: 5.28
തൃശൂര്‍: 6.03
എറണാകുളം: 7.05
കോട്ടയം: 8.00
കൊല്ലം: 9.18
തിരുവനന്തപുരം: 10.35

കോഴിക്കോട് സ്വദേശിനിയായ നഴ്സ് മക്കയിൽ മരണപ്പെട്ടു

0

കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്.

തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാഴ്ച മുൻപാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്.

മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഇവർക്കുണ്ട്. അന്തരിച്ച കൊടക്കാട്ടകത്ത് കോയക്കുട്ടിയാൻ പിതാവ്. ,മാതാവ് കദീജ ഇവരൊപ്പം മക്കയിലാണ് താമസം. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും .

മദ്രാസ് ഐഐടിയിൽ വിദ്യാർഥി മരിച്ചു, ഈ വർഷം ജീവനൊടുക്കുന്നത് നാലാമത്തെ വിദ്യാർഥി

0

മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ഹോസ്റ്റൽ റൂമിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ഐഐടി മദ്രാസിൽ ഇത് നാലാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്..

തനിക്ക് വേണ്ടി നീക്കിവെക്കാൻ ആർക്കും സമയമില്ല എന്ന് വിദ്യാർത്ഥി പലപ്പോഴും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം മൂന്നിന് പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പ്രണയ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ എതിർപ്പ് ക്ഷണിച്ച് പരസ്യപ്പെടുത്തുന്ന രീതിക്കെതിരെ സുപ്രീം കോടതി

 സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ റജിസ്ട്രാർ ഓഫീസുകളിൽ നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ അറിയുന്ന നടപടി എന്തിനെന്ന് സുപ്രീംകോടതി. ദമ്പതിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നടപടി. ഇത് പുരുഷമേധാവിത്വത്തിൽനിന്നുണ്ടാകുന്നതാണെന്ന് സ്വവർഗവിവാഹ വിഷയം പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

മത നിയമങ്ങളിൽ പോലും കാണാത്ത നടപടി

വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ 30 ദിവസം മുമ്പ്‌ പബ്ലിക് നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ മാര്യേജ് ആക്ടിലെ അഞ്ചും ആറും ഏഴും വകുപ്പുകളെക്കുറിച്ച് വ്യാഴാഴ്ച സുപ്രീംകോടതി ചർച്ച ചെയ്തു. ദമ്പതിമാരുടെ പേര്, ഫോൺ നമ്പറുകൾ, ജനനത്തീയതി, പ്രായം, ജോലി, വിലാസം തുടങ്ങി അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളെല്ലാം നോട്ടീസിലുണ്ടാകും.

വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങളിലൊന്നും ഇത്തരം നടപടിയില്ലെന്ന് കേസിൽ ഹർജിക്കാർക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി ചൂണ്ടിക്കാട്ടി. ദമ്പതിമാരുടെ സ്വകാര്യതയിലേക്ക് നേരിട്ട് കടന്നുകയറുന്ന വകുപ്പുകൾ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു. ഇതിനോട് യോജിക്കുന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ചത്.

വിവാഹം കഴിക്കാനുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുമായി കൂട്ടിവായിക്കേണ്ടതാണെന്ന് മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും വാദിച്ചു. അതിനാൽ ഇത്തരം നോട്ടീസുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ തട്ടിപ്പുകൾ തടയാനാണ് ഈ നോട്ടീസെങ്കിൽ അത് പരമാവധി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുള്ളതായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ദമ്പതിമാരിൽ ഒരാൾ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നാണെങ്കിൽ അവരെ വളരെയധികം ബാധിക്കുന്ന വകുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

ചാവേർ ആക്രമണ ഭീഷണി, പിതാവിനെ ചതിച്ചതെന്ന് മകൾ

 പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണ മുന്നറിയിപ്പുമായി കത്തയച്ചത് വ്യക്തി വൈരാഗ്യമെന്ന് മകൾ. പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണ് എന്നാണ് ആരോപണം. കലൂര്‍ സ്വദേശിയായ ജോസഫ് ജോണിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പോലീസ് എത്തി കൈയക്ഷരം പരിശോധിക്കുകയും മറ്റ് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

പള്ളിയിലെ ഫാമിലി യൂണിറ്റിലെ തർക്കം

കത്തിലെ കൈയക്ഷരം തിരിച്ചറിയാം. ആരാണെന്നുള്ള കാര്യം പോലീസ് കണ്ടെത്തട്ടേയെന്നും മകള്‍ പറഞ്ഞു. ശസീനിയര്‍ സിറ്റിസണ്‍ ആയ പിതാവിനെ കുടുക്കാനാണ് അദ്ദേഹത്തിന്റെ പേരും അഡ്രസും ഫോണ്‍ നമ്പറുമടക്കം കൊടുത്തിരിക്കുന്നതെന്നും മകള്‍ പറഞ്ഞു.

പള്ളിയിലെ ഫാമിലി യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു കാറ്ററിങ് സ്ഥാപന ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നു. അയാളാണ് കത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ആഴ്ച പിതാവുമായി ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ജോണിന്റെ മകള്‍ പറഞ്ഞു.

അതേസമയം, പള്ളി കമ്മിറ്റിയിലെ തര്‍ക്കത്തിന്റെ പേരില്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് ആരോപണം ഉന്നയിക്കപ്പെട്ട മഞ്ചാടിക്കല്‍ സേവ്യര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ തര്‍ക്കങ്ങളൊക്കെ ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് രണ്ടാഴ്ചയോളമായി. ഇത്രയും ചെറിയ തര്‍ക്കത്തിന് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമില്ലെന്നും സേവ്യര്‍ പറഞ്ഞു.