ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പ്രസവിച്ച കുട്ടിയുടെ വീടിന് തീയിട്ടു, രണ്ടു കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് ആക്രമിച്ച് തീയിട്ടു. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ  പെൺകുട്ടിയുടെ ആറുമാസംപ്രായമുള്ള കുഞ്ഞിനും വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു.

കഴിഞ്ഞദിവസം പെൺകുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടി 2022 ഫെബ്രുവരിയിലാണ് പീഡനത്തിനിരയായത്. 11 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. സെപ്റ്റംബറിൽ പ്രസവിച്ചു.

പ്രതികൾക്കൊപ്പം ചേർന്ന് ബന്ധുക്കളെ രംഗത്ത് ഇറക്കിയും കേസ് പിൻവലിക്കണമെന്ന് പല കോണുകളിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു. ഈ മാസം 13 നാണ് ഇവർ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചത്.

ബലാത്സംഗക്കേസിലെ രണ്ടുപ്രതികൾ ഈയിടെ ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച ഇവർ ഗുണ്ടകളെയുംകൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് അക്രമം അഴിച്ചുവിടുകയും വീടിന് തീയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയെ മർദിച്ചശേഷമാണ് വീടിന് തീവെച്ചത്. ആൺകുഞ്ഞിന് 35 ശതമാനവും പെൺകുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. രണ്ടുപേരെയും കാൺപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയമവും ഭരണ സംവിധാനങ്ങളും സാക്ഷി

സാക്ഷി മഹാരാജ് എം പിയായിട്ടുള്ള ഉത്തർ പ്രദേശിലെ മണ്ഡലമാണ് ഉന്നാവ്. 2017 ലെ ഉന്നാവ് പീഡനക്കേസുമായി സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. ബങ്കർമൗവിൽ നിന്നുള്ള എംഎൽഎയായ കുൽദീപ് സിങ് സെൻഗറിനും സഹോദരനും എതിരായ കൂട്ടബലാത്സംഗ കേസ് ഒതുക്കാൻ അന്ന് എല്ലാ സംവിധാനങ്ങളും രംഗത്ത് ഇറങ്ങിയാതായി ആരോപണം ഉയർന്നിരുന്നു. നിയമവും ജനാധിപത്യ സംവിധാനങ്ങളും നാണിക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയും കുടുംബവും അന്ന് ഇരയായത്. 

പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്നു പിതാവു മരിച്ചു.

2017 ജൂണിൽ 9 ദിവസത്തെ പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എംഎൽഎക്കെതിരെ കേസ് നൽകിയതിനു പിന്നാലെ സെൻഗറിന്റെ സഹോദരനും മറ്റും പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു; പഴയ കേസുകൾ പൊടിതട്ടിയെടുത്തു. ഒടുവിലാണ് അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെടുന്നത്.

പരാതിയുമായി മുന്നോട്ടുപോയ പെൺകുട്ടിയെ അപായപ്പെടുത്താൻ അന്ന് ശ്രമമുണ്ടായി. പെൺകുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ 2019 ജൂലൈ 29ന് ലോറി ഇടിച്ചു. അപകടത്തിൽ അമ്മായി മരിച്ചു. 

ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്കു മാറ്റി. കേസിനിടയിൽ എം പി സാക്ഷി മഹാരാജിൻ്റെ ഇടപെടൽ വാർത്തയായിരുന്നു. പ്രതിയുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായും പുറത്തു വന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, 2019 ഡിസംബറിൽ സെൻഗറിനു ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും സെൻഗർ കുറ്റക്കാരനെന്ന് 2020 മാർച്ചിൽ കോടതി കണ്ടെത്തി. 

കണ്ണൂർ സിപിഎമ്മിലെ വിവാദത്തിൽ വെളിച്ചപ്പെട്ട വൈദേകം റിസോർട്ട് ഓഹരികൾ കേന്ദ്രമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കൈകളിൽ

വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ്
കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ് അവകാശം പൂര്‍ണമായും നിരാമയ റീട്രീറ്റ്‌സിന് കൈമാറി.

ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള റിസോര്‍ട്ടായിരുന്നു ഇത്. അതേസമയം റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്കാലികമായി നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇപിയുടെ ഭാര്യ പികെ ഇന്ദിര പറഞ്ഞു. റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം പി.കെ ഇന്ദിര നിഷേധിച്ചിരുന്നു.

ഓഹരി വില്‍ക്കുമെന്ന് ഇപി യുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സങ്കീര്‍ണതകള്‍ കാരണമാണ് നടത്തിപ്പിന് കരാര്‍ നല്‍കിയത്. കഴിഞ്ഞ ആറുമാസമായി ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് വിവരം. എത്ര രൂപയ്ക്കാണ് കരാര്‍ ഒപ്പുവെച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന ഘട്ടത്തിൽ; അപ്രഖ്യാപിത കട്ടുകളിൽ ഗ്രാമങ്ങൾ

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു. തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില്‍ 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന് 100.30 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. ഏപ്രില്‍ 11-ന് 95.57 ദശലക്ഷം യൂണിറ്റായിരുന്നതാണ് രണ്ടു ദിവസത്തിനുള്ളില്‍ നൂറ് ദശലക്ഷം കടന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്.

സംസ്ഥാനത്ത് വേനല്‍ചൂടിന് ഉടന്‍ ശമനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരണ നിലയില്‍ നിന്ന് രണ്ടു മുതല്‍ നാലു ഡിഗ്രി വരെ കൂടുതലാണ് മിക്ക ജില്ലകളിലും താപനില. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളില്‍ മൂന്ന് ദിവസം മുമ്പ് വരെ 42 ശതമാനമുണ്ടായിരുന്ന സംഭരിച്ചുവച്ചിരുന്ന ജലത്തിന്റെ അളവ് നിലവില്‍ 40 ശതമാനമായി കുറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ 38 ശതമാനമായിരുന്നത് 36 ശതമാനമായി.

4,800 മെഗാവാട്ടില്‍ അധികമായി വൈദ്യുതി ആവശ്യകതയും ഉയര്‍ന്നിട്ടുണ്ട്. തത്കാലം ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകില്ലെന്നാണ് വൈദ്യുതി ബോര്‍ഡും വകുപ്പും വ്യക്തമാക്കുന്നത്. അവധി ദിവസങ്ങളിലാണ് വൈദ്യുതി ഉപയോഗം കുറവ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 20 വരെ വൈദ്യുതി ഉത്പാദനത്തിനുള്ള ജലമാണ് അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത്. 1,300 ലധികം ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുക.

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഘത്തിലെ പ്രതികളെ വെറുതെ വിട്ട കേസ് ഫയലുകൾ മറച്ചു വെച്ച് ഗുജറാത്ത് സർക്കാർ; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ മറച്ചു വെച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫയല്‍ കോടതിക്ക് കൈമാറാന്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്‌നയും അടങ്ങിയ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് ആരാഞ്ഞു.

ഫയല്‍ കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാഹര്‍ജി ഫയല്‍ ചെയ്യുകയാണെന്ന്‌ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയിൽ നിലപാട് എടുത്തു.

എന്താണ് മറച്ചു വെക്കാനുള്ളത്

ഇതിലും രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാരുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് അറിയാനാണ് ഫയലുകള്‍ കാണണമെന്ന്‌ പറയുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫയലുകള്‍ ഹാജരാക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗോപ്യമായ നിലപാടുകൾ ആയിരുന്നു. ഈ ഉത്തരവിനെതിരെ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു കൊണ്ടിരുന്നത്.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരത്തെ പരോള്‍ അനുവദിച്ചതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിയെ കൊന്ന പ്രതിക്ക് പരോള്‍ അനുവദിക്കുന്നതും കൂട്ടബലാത്സംഗക്കേ
സിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ന് ബില്‍ക്കിസ് ബാനുവിന് എതിരെയാണ് ആക്രമണം ഉണ്ടായത്. നാളെ ആര്‍ക്കെതിരെയും ഇത് ഉണ്ടാകാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ ഇളവിന് എതിരെ ബില്‍ക്കിസ് ബാനു ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി.

കെ റെയിൽ നിലപാട് മാറ്റി കേന്ദ്രം, ഏശാത്ത വിഭാഗീയത വിട്ട് വികസന രാഷ്ട്രീയത്തിലേക്ക്

0

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെ എതിർത്തതിൻ്റെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ. സിൽവർലൈൻ പദ്ധതിക്കെതിരെ കടുത്ത രാഷ്ട്രീയ എതിർപ്പ് ഉയർത്തിയ സംസ്ഥാന നേതൃത്വത്തെ മറികടന്ന് പദ്ധതി തടഞ്ഞിട്ടില്ലെന്ന സൂചനയുമായി റെയിൽവേ മന്ത്രി രംഗത്ത് എത്തി.

അതിവേഗം ലോക നിലവാരത്തിലേക്ക് വളരുന്ന സാമൂഹിക സാഹചര്യമുള്ള കേരളത്തിൽ യുവ തലമുറയുടെ ഏറ്റവവും വലിയ വികസന ആവശ്യമായ പദ്ധതിയെ എതിർത്തതിൻ്റെ അപകടം തിരിച്ചറിയുകയാണ് ഇതിലൂടെ ബി ജെ പിയും. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സിൽവർ ലൈൻ പദ്ധതിയിലും പ്രതീക്ഷ നൽകി. സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര റെയിൽവേ മന്ത്രി ഇതിനെ തള്ളാതെ നിലപാട് എടുത്തു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിർപ്പുകൾക്ക് നേതൃത്വം നൽകിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിൽ എത്തുന്നത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ഒപ്പം വിഭജന രാഷ്ട്രീയത്തിന് അപ്പുറം ചിന്തിക്കുന്ന പുതുതലമുറയിൽ നിന്നും കേരളത്തിലെ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് തുടക്കമിടുക എന്ന ഉദ്ദേശത്തോട് കൂടിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മതാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ വൈകാരിക പ്രയോഗത്തെ ഇവിടെ ജയിപ്പിച്ചെടുക്കുക ശ്രമകരമാവും എന്ന തിരിച്ചറിവ് പ്രകടമാണ്.

സിൽവർ ലൈൻ പദ്ധതിയെ ബി ജെ പിയും കോൺഗ്രസും എതിർത്തിന് പിന്നിനൽ സി പി എമ്മിൻ്റെ തന്നെ പഴയ രാഷ്ട്രീയ തന്ത്രം ആരോപിക്കപ്പെട്ടിരുന്നു. ട്രാക്റ്ററും കമ്പ്യൂട്ടറും എക്സ്പ്രസ് ഹൈവേയും കേരളത്തിൽ അവതരിപ്പിച്ചപ്പോൾ അന്ധമായ രാഷ്ട്രീയ നിലപാടുകളിൽ സിപിഎം തളയ്ക്കപ്പെട്ടിരുന്നു. എന്നാൽ സിൽവർ ലൈൻ പദ്ധതി മുതൽ ഈ നിലപാടുകളിൽ പാർട്ടി പുതു തലമുറയുടെ തിരിച്ചറിവകൾക്ക് ഒപ്പം നിന്നു.

ഇതിനെ പഴഞ്ചൻ രാഷ്ട്രീയ ചിന്തകളും പ്രയോഗവും കൊണ്ട് മറികടക്കാം എന്ന പ്രതിപക്ഷ ശ്രമത്തെ എക്സ്പ്രസ് ഹൈവേ നടപ്പാക്കുക തന്നെ ചെയ്യും എന്ന ആവർത്തിക്കുക വഴി പുതിയ കാലത്തിന് ഒപ്പം എത്തി ചെറുക്കുകയായിരുന്നു പിണറായി സർക്കാർ. പാർട്ടിക്ക് അകത്ത് തന്നെ ബഹുദൂരം പഴയ ചിന്തകളിൽ നിൽക്കുന്നവർ ഉണ്ടെങ്കിലും മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയില്ല.

ഇപ്പോൾ ബി ജെ പി കേന്ദ്ര നേതൃത്വവും കേരളത്തിൻ്റെ നേർക്ക് യാഥാർത്ഥ്യങ്ങൾ മനസിലാക്കി നിൽക്കേണ്ടതുണ്ട് എന്ന നിലപാടിലേക്ക് എത്തുന്നു എന്ന സൂചനയാണ് സിൽവർ ലൈൻ നിലപാടു മാറ്റത്തിൽ.

തിരഞ്ഞെടുപ്പിന് വെള്ളി വെളിച്ചം പകർന്ന് മുൻപ് വികസന വണ്ടി

അതേസമയം വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.

വന്ദേഭാരത് കാസർക്കോട് വരെ – മന്ത്രി

0

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. 

വന്ദേഭാരതിൽ മിനിമം ടിക്കറ്റ് 297 രൂപ; പക്ഷെ അത്രയും ദൂരത്തേക്ക് ടിക്കറ്റും സ്റ്റോപ്പും കാണില്ല

0

വന്ദേഭാരത് എക്‌സ്പ്രസിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയും കൂടിയത് 2150 രൂപയും ആയിരിക്കും. 50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും നികുതികളും ആവും. എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് മിനിമം 502 രൂപയും നികുതിയുമാവും.

വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ്. തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും. തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും വരും. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും.

വന്ദേഭാരതിന്റെ ആദ്യ ട്രയല്‍റണ്‍ വിജയകരമായി. പ്രഖ്യാപിത വേഗം കേരളത്തിലെ നിലവിലുള്ള ട്രാക്ക് വെച്ച് സാധ്യമാവില്ല. എങ്കിലും സംസ്ഥാനത്തിന് ഏറെ കാലം കൂടി ഒരു തെക്ക് വടക്ക് ട്രെയിൻ കൂടി ലഭിക്കയാണ്.

ഈമാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അതിനുമുമ്പ് ഒരു ട്രയല്‍റണ്‍കൂടി നടത്തിയേക്കും. ആദ്യ ട്രയല്‍റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായാവും വീണ്ടും ട്രയല്‍റണ്‍ നടത്തുക. ടിക്കറ്റ് നിരക്കും ഔദ്യോഗികമായി നിശ്ചയിക്കേണ്ടതുണ്ട്.

അട്ടപ്പാടിയിൽ വീണ്ടും ആനയുടെ ആക്രമണം, ആദിവാസി യുവാവ് കൊല്ലപ്പെട്ടു

0

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് കൊല്ലപ്പെട്ടത്. ഊരിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തെയും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞത്.

കോളനിയില്‍ രാത്രിയും പകലും ആന ശല്യം രൂക്ഷമാണ്. ജനവാസ മേഖലകളിലേക്കടക്കം എത്തുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാനാവാതെ വനം വകുപ്പും നിസ്സഹായമാണ്.

രണ്ടുമാസം മുൻപും സമാനമായ ആക്രമണത്തിൽ കുടുംബനാഥന് ജീവൻ നഷ്ടമായി.

അട്ടപ്പാടി ഷോളയൂ‍ർ ഊത്തുകുഴി ഊരിൽ ലക്ഷ്മണൻ (45) ആണ് മരണപ്പെട്ടത്. ആനയുടെ ശബ്ദം കേട്ടതിനെ തുട‍ർന്ന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.പുലർച്ചെ അഞ്ച് മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടെ അഞ്ച് മനുഷ്യ ജീവനുകൾ ആന കശക്കി എറിഞ്ഞു.

അമിത്ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യഘാതമേറ്റ് മരിച്ചവരുടെ എണ്ണം 13 ആയി

0

മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായി. ഇതിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് എൻസിപി ആരോപിച്ചു.

മഹാരാഷ്ട്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങാണ് ദുരന്തമായത്. പരിപാടിക്കായി ആയിരക്കണക്കിന് ആളുകൾ എത്തി. പക്ഷെ കൊടും ചൂടിൽ ഇത്രയും വലിയ ജനക്കൂട്ടം വരുന്നതിന് മുന്നൊരുക്കം ഉണ്ടായിരുന്നില്ല. രാവിലെ എട്ടരയോടെ തന്നെ മൈതാനം നിറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി തുടങ്ങിയത്.

ഖാർഘറിലെ തുറന്ന ഗ്രൗണ്ടിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടന്ന ചടങ്ങിലേക്ക് അപ്പാസാഹെബ് ധർമാധികാരിയുടെ പതിനായിരക്കണക്കിന് അനുയായികളാണ് പങ്കെടുത്തത്. 42 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിർജലീകരണത്തെ തുടർന്ന് പലരും ഛർദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങാണ്.

പ്രസംഗത്തിനിടെ ഇപ്പോൾ ചൂട് 42 ഡിഗ്രിയാണെന്ന് അമിത് ഷാ തന്നെ പറയുന്നുണ്ട്. ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ വിമർശിച്ചു. ജീവന്‍റെ വിലയാണോ അഞ്ച് ലക്ഷമെന്ന് സംസ്ഥാന സർക്കാറിനോട് സുലേ ചോദിച്ചു.

ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ലക്ഷങ്ങൾ വാങ്ങി; യുവതിയും കൂട്ടാളിയും അറസ്റ്റിൽ

ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും കൂട്ടാളിയും പിടിയിൽ. തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32), മരട് മച്ചിങ്ങൽ മുഹമ്മദ് അമീൻ (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നസീമ കടവന്ത്ര പുതിയറോഡിൽ മുഴീക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പിന് കളം ഒരുക്കിയത്. എറണാകുളം സ്വദേശിയായ ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്താൻ സാഹചര്യം ഒരുക്കി. ഇരുവരും അടുപ്പമായതോടെ സ്വകാര്യത വർധിച്ചു. ഈ ദൃശ്യങ്ങൾ മുഹമ്മദ് അമീൻ എന്ന കൂട്ടാളിയുടെ സഹായത്തോടെ മൊബൈൽഫോണിൽ ചിത്രീകരിച്ചു.

ദൃശ്യങ്ങൾ കാണിച്ച് 5,44,000 രൂപ വാങ്ങിച്ചെടുത്തു എന്നാണ് കേസ്. ഡോക്ടറുടെ കാർ ഇരുവരും സ്വന്തം ആവശ്യത്തിന് കൈക്കലാക്കുകയും ചെയ്തു. കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നതോടെ ഡോക്ടർ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അസി. കമ്മിഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് അമീനെ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തപ്പോൾ നസീമയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടി. ചോദ്യംചെയ്യലിൽ കിട്ടിയ പണം ഇരുവരും വീതിച്ചെടുത്തതായി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.