മദനിക്ക് കേരളത്തിലേക്ക് പോകാം, കർണ്ണാടക പൊലീസിന് ചിലവ് നൽകണം

ബെംഗളൂരു സ്ഫോടന കേസില്‍ ജയിലിൽ നിന്ന് ഇറങ്ങി ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ഇതിനായി സുപ്രീം കോടതി അനുമതി നല്‍കി. ജാമ്യ വ്യവ്യസ്ഥയിലെ അനുവദിച്ച ഇളവ് പ്രകാരം ജൂലായ് എട്ട് വരെ കേരളത്തിൽ നിൽക്കാം.

അതേസമയം കര്‍ണാടക പോലീസിന്റെ സുരക്ഷയിലാകണം മദിനി കേരളത്തിലെക്ക് പോകേണ്ടത്. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2017-ല്‍ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മഅദനിയുടെ സുരക്ഷയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്കാണ് മഅദനിക്ക് കേരളത്തത്തിലേക്ക് പോകാന്‍ അന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷയ്ക്കായി 15 ലക്ഷം രൂപയായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആദ്യം ചോദിച്ചിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുകയായിരുന്നു.

കേസിന്റെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ആരോഗ്യം മോശമാകുകയാണെന്നും, അതിനാല്‍ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലുള്ളപ്പോള്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയെ അറിയിച്ചു.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇനി സുപ്രീം കോടതി ജൂലായ് പത്തിന് പരിഗണിക്കും.

ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികാണ്. രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ ബി.എ. വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട രോഷിണി അഹിര്‍വാര്‍ (21). 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് നാടന്‍ തോക്കുപയോഗിച്ച്‌ യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നാട്ടുകാര്‍ ഓടിയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തെളിവുകള്‍ ലഭിച്ചതായും അന്വേഷണം തുടരുന്നതായും ജൗലാന്‍ പോലീസ് സൂപ്രണ്ട് ഡോ. ഇരാജ് രാജ അറിയിച്ചു.

മുന്‍ എം.പിയും ഗുണ്ടാനേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ ഉയരുന്നത്. കോളേജ് യൂണിഫോമില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗോദി മാധ്യമങ്ങളിലേയും ബി.ജെ.പിയിലേയും കഴുകന്മാര്‍ ഇതും ആഘോഷിക്കുമോയെന്ന് ആര്‍.ജെ.ഡി. ചോദിച്ചു.

നന്ദിനി ഗുപ്ത മിസ് ഇന്ത്യ

0

രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ്  നന്ദിനി ഗുപ്തയുടെ നേട്ടം. ദില്ലിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്‌ട്രേല ലുവാങ് സെക്കന്‍റ് റണ്ണറപ്പും ആയി. ഇതോടെ നന്ദിനി ഗുപ്ത യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്മെന്‍റില്‍ ഡിഗ്രി നേടിയിട്ടുണ്ട് 

അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് കുട്ടികൾ ഒഴുക്കിൽപ്പെട്ടു, രണ്ടു പേർ മരിച്ചു

ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.

പിന്നീടാണ് രണ്ടു പേർ കൂടി മുങ്ങിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത്. ഇവരെ പുറത്ത് എടുക്കുമ്പോഴേക്കും വൈകി. ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.

അവധി ആഘോഷത്തിനായി കുടുംബസമേതം എത്തിയതായിരുന്നു കുട്ടികള്‍. സംഘത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്.

അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു തൂക്കുപാലത്തിനുള്ള അനുമതിയും നൽകിയിരുന്നു.

അശ്വന്ത് കൃഷ്ണ സാവിയോ ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിയായിരുന്നു. സഹോദരി: അശ്വതി. അഭിനവ് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അഭിദേവ്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അരിപ്പാറയിൽ ഇരുപതിൽ അധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

CBI,ED രാഷ്ട്രീയത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നടപടികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിക്കുകയാണ്. ഒപ്പം വ്യാജ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതിനെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്.

സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇ.ഡി.യും സി.ബി.ഐ.യും. ദിവസവും ഓരോരുത്തരെ പിടിച്ച് കെജ്‌രിവാളിന്റെയും സിസോദിയയുടെയും പേരു പറയാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ അഴിമതിക്കാരനാണെങ്കില്‍ സത്യസന്ധനായി ലോകത്ത് ആരുമുണ്ടാകില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷയുടെ കിരണമായാണ് എഎപി കടന്നുവന്നത്. അതുകൊണ്ടാണ് എഎപിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. എഎപി ആക്രമിക്കപ്പെട്ടതുപോലെ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ മറ്റൊരു പാര്‍ട്ടിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

100 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ പണം എവിടെ. നാനൂറില്‍ അധികം റെയ്ഡുകള്‍ നടന്നു. എന്നിട്ടും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗോവയിലെ തിരഞ്ഞെടുപ്പ് ആ പണം ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഗോവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും ചോദ്യംചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും കെജ്‌രിവാള്‍പറഞ്ഞു.

പുൽവാമ ആക്രമണം നരേന്ദ്ര മോഡിക്ക് എതിരായ വെളിപ്പെടുത്തൽ ഏറ്റെടുത്ത് കോൺഗ്രസ്

പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിൻ്റേത് ഗൗരവമേറിയ തുറന്ന് പറച്ചിലാണെന്നും കേന്ദ്ര സർക്കാർ നടപടിക്ക് തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ റാം രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യം നടുങ്ങിയ വെളിപ്പെടുത്തൽ

പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തില്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തൽ. പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിച്ചു. സംഭവത്തിന് ശേഷം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയോട് ധരിപ്പിച്ചിരുന്നു. എന്നാൽ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

300 കിലോ ഗ്രാം ആര്‍.ഡി.എക്‌സ്. പാകിസ്താനില്‍നിന്ന് എത്തി. ജമ്മു കശ്മീരില്‍ 10-15 ദിവസത്തോളം റോഡിലൂടെ ഓടിച്ച് നടന്നു. അതിന് ശേഷം ആര്‍ക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി ഇത് അസാധാരണമാണ്. ഇന്റലിജന്‍സ് എന്താണ് ചെയ്തത്.

കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയമെന്ന് ജയ റാം രമേശ് വിമര്‍ശിച്ചു. സത്യം മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍, കോണ്‍ഗ്രസ് പിന്‍തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യപാല്‍ മാലിക്കിന്റെ സുരക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനേതും ആശങ്ക രേഖപ്പെടുത്തി. ടിവി ആങ്കര്‍മാരും സിനിമാ സംവിധായകരും നടീനടന്‍മാരുമെല്ലാം ഉയര്‍ന്ന സുരക്ഷ ലഭിക്കുമ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ മാത്രം സുരക്ഷയില്‍ സത്യപാല്‍ മാലികിന് വാടകവീട്ടില്‍ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.

2019 ഫെബ്രുവരിയില്‍ 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമ ഭീകരാക്രമണ സമയത്തും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരില്‍ സത്യപാല്‍ മാലിക് ആയിരുന്നു ഗവര്‍ണര്‍.

ഉത്തർ പ്രദേശിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പെലീസ് സാന്നിധ്യത്തിൽ വിചാരണ തടവുകാരെ വെടിവെച്ച് കൊന്നു

ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. ഇതിനു പിന്നാലെ മൂന്നു പേരെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു.

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നാണ് വിശദീകരിക്കപ്പെട്ടത്.

തത്സമയ ക്യാമറകള്‍ക്ക് മുന്നില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകമായിരുന്നു സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും. ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് നടന്നത്.

തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. പക്ഷെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കൊല്ലപ്പെട്ടു. പോലീസ് റിമാന്‍ഡിലിരിക്കെയാണ്‌ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്.

മകന്റെ അന്ത്യകര്‍മങ്ങളിലെ അതിഖ് അഹമ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.തുടര്‍ന്ന് 14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. മാധ്യമപ്രവര്‍ത്തരെന്ന് വ്യാജേനയാണ് അക്രമികള്‍ അതിഖിനും സഹോദരനും സമീപമെത്തിയതെന്നാണ് വിവരം. കൊലപാകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. അക്രമികളെ വെടിവെപ്പിന് ശേഷം പോലീസ് കീഴടക്കുകയായിരുന്നു. സണ്ണി ലോവേഷ്, അരുണ്‍ എന്നിങ്ങനെയാണ് അക്രമികളുടെ പേരെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി.യായ ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് അവകാശപ്പെടുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

കൊലപാതകത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ സി ബി ഐ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചത് എന്നാണ് വിശദീകരണം.

ഓഗസ്റ്റ് 17-ന് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍. റിപ്പോര്‍ട്ടില്‍ കെജ്‌രിവാളിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതിന് തുടർച്ചയായി കെജ്‌രിവാളിൻ്റെ പേരും കേസിൽ ഉൾപ്പെടുത്തി. ഇതില്‍ വ്യക്തത വരുത്താൻ എന്ന പേരിലാണ് വിളിപ്പിക്കുന്നത്.

കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയ അടക്കമുള്ള നിലവില്‍ ജയിലിലാണ്‌

നാഗാലാൻ്റിൽ 14 ഗ്രാമീണരെ വെടിവെച്ച് കൊന്ന സൈനികർക്ക് എതിരായ കേസിൽ നടപടി വിലക്കി

നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സൈനികർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം. പൊലീസ് പ്രത്യേകാന്വേഷണം സംഘം കുറ്റക്കാരെന്ന് കണ്ടെത്തിയ 30 പേർക്കെതിരെയാണ് നടപടി നിഷേധിച്ചത്.

നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.) വെടിവെപ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പോലീസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിൽ 14-ഓളം പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട 30 സൈനിർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാൻഡ് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജോലി കഴിഞ്ഞ് ട്രക്കിൽ വരുന്നവർക്ക് എതിരെ വെടിയുതിർത്താണ് ദുരന്തം.

കൊല്ലുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈന്യം ഖനിത്തൊഴിലാളികൾക്കുനേരെ വെടിവെച്ചതെന്നാണ് എസ്.ഐ.ടി. അന്വേഷണത്തിൽ കണ്ടെത്തിയത്. 30 പേർക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കിൽ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയത്.

2021 ഡിസംബർ 4-നായിരുന്നു സംഭവം. മ്യാന്‍മറുമായി അതിര്‍ത്തിപങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരായി. തുടർന്ന് സൈനികരുടെ വാഹനങ്ങൾ കത്തിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായി സൈനികർക്കുള്ള പ്രത്യേകാധികാര നിയമത്തിന് എതിരെ പ്രതിഷേധം വ്യാപിച്ചു. ഇറോം ശർമ്മിള 14 വർഷത്തോളം നിരാഹാരം അനുഷ്ഠിച്ച് പിൻവാങ്ങേണ്ടി വന്ന നിയമമാണ്.

വണ്ടി ഓടിക്കാറുണ്ടോ, 726 ക്യാമറകൾ നിരീക്ഷണം തുടങ്ങി

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി ക്യാമറകള്‍ കൺ തുറുന്നു. അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോള്‍ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതല്‍ പിഴയീടാക്കി തുടങ്ങും.

24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാല്‍ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. 232.25 കോടി ചെലവിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും ക്യാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. കാമറാദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.

ദിവസം 25 കോടി ജനം പിഴയടക്കണം

ഇതേ കണക്കാണെങ്കില്‍ കോടികളാണ് ഖജനാവിലേക്ക് എത്തുക. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാല്‍ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക.

അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതില്‍ മാറ്റം വരുത്തണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.

726 ക്യാമറകളിലെയും ദൃശ്യങ്ങള്‍ അഞ്ചുവര്‍ഷം വരെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഡാറ്റാ സെന്ററുകളിലുണ്ട്. എന്നാല്‍ നിലവില്‍ ഇവ ഒരുവര്‍ഷം സൂക്ഷിച്ചുവയ്ക്കാനാണ് തീരുമാനം. പൊലീസോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ ഇവ നല്‍കുകയും ചെയ്യും. ആളുകള്‍ നിയമം പാലിച്ചുതുടങ്ങുമ്പോള്‍ പിഴയീടാക്കുന്നതില്‍ കുറവുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.

ക്യാമറകൾ എവിടെ ഒക്കെയാണ്

പിഴത്തുക ഈടാക്കുന്നത്

  • ഹെല്‍മെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ
  • പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
  • മൂന്നുപേരുടെ ബൈക്ക് യാത്ര – 1000
  • ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000
  • നാലുചക്ര വാഹനങ്ങളില്‍ സീറ്റ്ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500
  • അമിതവേഗം – 1500
  • അനധികൃത പാര്‍ക്കിംഗ് – 250

വണ്ടി ആരോടിച്ചാലും പിഴ വീട്ടിലെത്തും

വാഹനങ്ങളുടെ സൈലന്‍സര്‍ പരിഷ്‌കരിച്ച് കൂടിയ ശബ്ദമുണ്ടാക്കി ഓടിക്കുന്നതും വാഹനങ്ങള്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമൊക്കെ ക്യാമറ പിടികൂടും. അമിത ശബ്ദം റെക്കോര്‍ഡ് ചെയ്യാനും ക്യാമറകളില്‍ സംവിധാനമുണ്ടെന്നാണ് വിവരം. ഒരു ക്യാമറയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പരമാവധി ആറുമണിക്കൂറിനുള്ളില്‍ വാഹന്‍ സൈറ്റിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കുറ്റക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ പിഴ സംബന്ധിച്ച സന്ദേശമെത്തും. പിന്നാലെ ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പിഴയുടെ വിശദാശങ്ങള്‍ ചിത്രങ്ങള്‍ സഹിതം നോട്ടീസായി എത്തും.

ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്റെ ഡാറ്റാ സെന്റര്‍ ബാങ്കിലാണ് ശേഖരിക്കുക. അവിടെനിന്ന് ദൃശ്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് നല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഇവ നാഷണല്‍ ഡാറ്റാ ബേസിന് കൈമാറി ഇ- ചെലാന്‍ സൃഷ്ടിക്കും. പിന്നാലെ വാഹന ഉടമയുടെ മൊബൈലിലേക്ക് നിയമലംഘനം നടത്തിയതിന്റെ പിഴയേപ്പറ്റിയുള്ള സന്ദേശം അയക്കും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ക്യാമറയുടെ പരിപാലനവും സര്‍വീസുമൊക്കെ കെല്‍ട്രോണിന്റെ ചുമതലയാണ്.

നോട്ടം ഹെൽമെറ്റിൽ, ബസ്സുകളുടെ മരണപ്പാച്ചിൽ ആരു കാണും

ആകെ 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനായാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളുണ്ട്. അമിത വേഗം തിരിച്ചറിയുന്ന നാല് ക്യാമറകളും ലൈന്‍ തെറ്റിക്കല്‍, ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കല്‍ എന്നിവ കണ്ടെത്താന്‍ 18 ക്യാമറകളുമാണ് നിലവിലുള്ളത്. നിരീക്ഷണം, തെളിവ് ശേഖരിക്കല്‍ എന്നിവയാണ് എഐ ക്യാമറകളുടെ ദൗത്യങ്ങള്‍.