ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ഇ.ഡിയോട് ഹൈക്കോടതി

ലൈഫ് മിഷന്‍ കേസില്‍ എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ഇ.ഡിയോട് ഹൈക്കോടതി. കുറ്റകൃത്യത്തില്‍ സജീവമായ പങ്കാളിത്തം സ്വപ്‌നയ്ക്കുണ്ട് എന്നാണ് അവരുടെ തന്നെ മൊഴിയിൽ. ശിവശങ്കറിൻ്റെ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം

ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സര്‍ക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അത് സര്‍ക്കാരിനു മേല്‍ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി അംഗീകരിച്ചു. അതിനാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി സ്വീകരിച്ചത്.

ലൈഫ്മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ് എന്നും സ്വപ്‌നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമര്‍ശിച്ചു. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസില്‍ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തു കൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു.

പ്രധാനമന്ത്രി 24 ന് കേരളത്തിൽ എത്തും, രാഷ്ട്രീയ റാലികൾക്ക് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. ഏപ്രില്‍ 24-ലേക്കാണ് മാറ്റിയത്. കര്‍ണാടകയില്‍ പ്രചാരണപരിപാടി ഉള്ളതിനാലാണ് മാറ്റം എന്നാണറിയിപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

തിരഞ്ഞെടുപ്പ് കടുക്കും, രാഷ്ട്രീയ റാലികൾക്ക് തുടക്കം

അതിനിടെ, പ്രധാനമന്ത്രിയുടെ യുവജന സമ്മേളനത്തിന് ബദലൊരുക്കാന്‍ കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐ.യുടെയോ ബാനറിലായിരിക്കും റാലി. വന്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും.

ശ്രീറാം വെങ്കിട്ടരാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കും, വഫ ഫിറോസിനെ ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി. വഫ ഫിറോസിനെ കേസിൽനിന്ന് കോടതി ഒഴിവാക്കുകയും ചെയ്തു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.

ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നായിരുന്നു വ്യക്തമാക്കത്. പരിശോധന നടത്തിയില്ല എന്നത് മദ്യപിച്ചിട്ടില്ല എന്നതിന് തെളിവല്ലെന്ന് കോടതി പറഞ്ഞു.

കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കിലും, മദ്യത്തിന്റെ അളവിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചെന്ന് മൊഴിയുണ്ട്. അമിതവേഗതയിലാണ് വാഹനം ഓടിച്ചത് എന്നതിനും തെളിവുണ്ട്. അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

2019-ആ​ഗസ്റ്റിലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തിനു ശേഷം ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് ജാമ്യമില്ല

 ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിന് ജാമ്യമില്ല. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. കേസില്‍ ഒന്‍പതാം പ്രതിയാണ് ശിവശങ്കര്‍. അറസ്റ്റിലായതിന് പിന്നാലെ കീഴ്‌ക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും തനിക്കെതിരേ കൃത്യമായ തെളിവുകളില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മറ്റൊരു കേസില്‍ (സ്വര്‍ണക്കടത്ത്) ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനാല്‍തന്നെ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഈ വാദഗതികളെ എതിര്‍ത്തു. ശിവശങ്കറിന് ജാമ്യം നല്‍കരുതെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി. പറഞ്ഞു. സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇ.ഡി. പറഞ്ഞു. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ ബി ബി സിക്ക് എതിരെ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ്

ബിബിസിക്കെതിരേ ഫെമ നിയമപ്രകാരം കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കാലപക്കേസിലെ പങ്കാളിത്തം ചർച്ച ചെയ്യുന്ന ഡോക്യുമെൻ്ററി പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു റെയിഡ്. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിബിസി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ചാനല്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വന്‍വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; യു പി പൊലീസിൻ്റെ പുത്തൻ നിയമപാലനത്തെ അഭിനന്ദിച്ച് ഉപമുഖ്യമന്ത്രി

ഉമേഷ് പാൽ കൊലക്കേസില്‍ പോലീസ് തിരയുന്ന അസാദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ച പ്രത്യേക ദൗത്യസംഘത്തെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പോലീസ് നടപടി ക്രിമിനലുകള്‍ക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് മൗര്യ അവകാശപ്പെട്ടു. ‘ഇത് പുതിയ ഇന്ത്യയാണ്. യു.പി ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല’ – അദ്ദേഹം പറഞ്ഞു. ഉമേഷ് പാലിന്റെ ഘാതകര്‍ക്ക് അവരെ കാത്തിരിക്കുന്ന വിധി നേരിടേണ്ടിവരുമെന്ന് മൗര്യ ഏറ്റുമുട്ടൽ കൊലപാതകത്തിന് മുൻപ് തന്നെ ട്വീറ്റ് ചെയ്തിരുന്നുവെന്ന് എ.എന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഉമേഷ് പാല്‍ കൊലക്കേസില്‍ പോലീസ് തിരയുന്ന ഗുലാം എന്നയാളും ആസാദ് അഹമ്മദുമാണ് വ്യാഴാഴ്ച ഝാന്‍സിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസിനുനേരെ വെടിവെപ്പുണ്ടായതോടെ തിരിച്ചു വെടിവച്ചതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മൗര്യ പറഞ്ഞു. വിദേശ നിര്‍മിത ആയുധങ്ങള്‍ കൊല്ലപ്പെട്ടവരില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് അവകാശപ്പെട്ടത്. ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതികളായ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.

കേസില്‍ മുന്‍ എം.പി ആതിഖ് അഹമ്മദിനെയും സഹോദരനെയും വ്യാഴാഴ്ച രാവിലെ പ്രയാഗ്‌രാജിലെ സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേദിവസം തന്നെയാണ് മകന്‍ ആസാദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത്.

ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു കൊല്ലപ്പെട്ട ഉമേഷ് പാല്‍ സിങ്. 2005-ല്‍ രാജുപാല്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. 2006-ല്‍ ഉമേഷിനെ തട്ടിക്കൊണ്ടുപോയി. ഈ കേസില്‍ 2007-ല്‍ അതിഖ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 24-നാണ് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്.

പി എസ് സി പരീക്ഷാ തട്ടിപ്പ്, നേതാക്കളെ രക്ഷിക്കാൻ പൊലീസ്; കുറ്റപത്രം കോടതി മടക്കി

 പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകള്‍ വ്യക്തമല്ല എന്നാണ് കണ്ടെത്തല്‍.

അഞ്ച് എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട കേസിൽ നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ബുധാനാഴ്ചയും വ്യാഴാഴ്ചയുമായാണ് കോടതി പരിശോധിച്ചത്. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കുറ്റപത്രം അപൂര്‍ണമാണെന്ന് കാട്ടി കുറ്റപത്രം അന്വേഷണസംഘത്തിന് മടക്കി അയച്ചു.

ഭരണപക്ഷ ഇടപെടലുകൾ കേസിൽ ആരോപിക്കപ്പെട്ടിരുന്നു. കുറ്റപത്രം വൈകിപ്പിച്ചത് തന്നെ കേസ് ദുർബലമാക്കാനുള്ള മനപൂർവ്വമായ ഇടപെടലിൻ്റെ ഭാഗമാണെന്നും വിമർശനമുണ്ടായി. കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ഫോണടക്കമുള്ള തൊണ്ടിമുതലുകളേ പറ്റിയുള്ള രേഖകളിലെ അവ്യക്തത പ്രതികളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് എന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു.

നാലു വര്‍ഷം മുമ്പാണ് പി.എസ്.സി ചോദ്യപേപ്പര്‍ തട്ടിപ്പു നടക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളായ അഞ്ച് എസ്.എഫ്.ഐ നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ തട്ടിപ്പിലൂടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് പരീക്ഷാത്തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ പരീക്ഷയെഴുതുകയും യഥാക്രമം ഒന്ന്, രണ്ട്, 28 റാങ്കുകള്‍ നേടുകയും ചെയ്തിരുന്നു.

. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളില്‍ ഇവരെഴുതിയ പരീക്ഷയില്‍ ഇവര്‍ക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാഹാളില്‍നിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പര്‍ ഫോട്ടോയെടുത്ത് പോലീസുകാരനായ ഗോകുലിന് അയച്ചുനല്‍കി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേര്‍ന്ന് ഇവയുടെ ഉത്തരങ്ങള്‍ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു. പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങള്‍ പകര്‍ത്തി എന്നായിരുന്നു കേസ്.

ഡൽഹി കടലാസു പൂക്കളുടെ ഉത്സവത്തിന് തുടക്കമിടുന്നു

രാജ്യ തലസ്ഥാനത്തിന് മാറ്റായി ബോഗണ്‍വില്ല ഫെസ്റ്റിവലിന് തുടക്കമിട്ട് ഡൽഹി ടൂറിസം വകുപ്പ്. ഡല്‍ഹിയിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ കടലാസ് പൂക്കളുടെ മാത്രമായി കൂറ്റൻ ഫെസ്റ്റിവൽ നടക്കും.

ബോഗണ്‍വില്ലയുടെ വ്യത്യസ്ത നിറത്തിനും രൂപത്തിലുമുള്ള പൂക്കള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ബോഗണ്‍വില്ലയുടെ ബോണ്‍സായി ചെടികളും ഗാര്‍ഡന്‍ ട്രേയിലുള്ള ചെടികളും ഉൾപ്പെടെ വൈവിധ്യ പൂർണ്ണമായി പരീക്ഷണങ്ങളും പ്രദർശനത്തിന് എത്തും.

തെക്കേ അമേരിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ബോഗണ്‍വില്ല. കടലാസുപിച്ചകം, കടലാസുചെടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ദലങ്ങൾ കനം കുറഞ്ഞതും കടലാസ് പോലുള്ളതുമായതിനാലാണ് കടലാസ്പൂവ് എന്ന പേരുവന്നത്.

1768 ല്‍ ബ്രസീലിലാണ് ആദ്യമായി ഈ സസ്യം തിരിച്ചറിയപ്പെടുന്നത്. ചെടി കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ് ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്.

മുള്ളുകളുള്ള ഈ ചെടി നല്ല ഉയരത്തില്‍ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ് . പിങ്ക്, മജന്ത, പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ കാണുന്നു. ഇപ്പോൾ ഒരേ ചെടിയിൽ തന്നെ വിവിധ നിറങ്ങളും നിർമ്മിത നിറവും ആകൃതിയും ഉള്ളവയും ഉണ്ട്.

സി പി ഐയുടെ പേമെൻ്റ് സീറ്റ് വിവാദത്തിൽ ലോകായുക്ത ഇടപെടൽ തള്ളി ഹൈ കോടതി

 രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.

വിധി സി പി ഐ പേമെൻ്റ് സീറ്റ് കേസിൽ

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ. ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് സീറ്റ് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഒരു സ്വകാര്യവ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് സി.പി.ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ അത് ലോകായുക്ത അംഗീകരിച്ചില്ല. ഇതിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്, ഖാർഗെയുടെ വീട്ടിൽ തേജസ്വിയും രാഹുലും നിതീഷും

 പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. ഖർ​ഗെയുടെ വീട്ടിൽ നിതീഷ് കുമാറും തേജസ്വി യാദവും രാ​ഹുൽ‌ ​ഗാന്ധിയും ചേർന്ന് ചർച്ച നടത്തി. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്. 

പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയും ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട് അവർ അറിയിച്ചു.

പ്രതിപക്ഷ ഐക്യത്തിനായി നിതീഷിനെ വിളിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നത്. ബിജെപി സർക്കാരിനെ നേരിടാൻ ശക്തമായ പ്രതിപക്ഷത്തെ രൂപീകരിക്കാൻ കോൺഗ്രസിനും മറ്റും പാർട്ടികൾക്കും ഇടയിലുള്ള ഒരു പാലമായി നിതീഷ് മാറിയേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ തന്റെ സഖ്യകക്ഷിയായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദുമായി നിതീഷ് ചൊവാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവിനെ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചുവരുത്തിയതിനാൽ ഡൽഹിയിൽ തന്നെ ഉണ്ടായിരുന്നു.