ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്

0

സംസ്ഥാനത്ത് താപനില ഏറ്റവും ഉയർന്ന നിലയിൽ. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാർച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്

ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.

തുടർച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു. കടുത്ത ക്ഷീണവും നിർജലീകരണവുമെല്ലാം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണം.

പ്രമേഹവും ബ്ലഡ് പ്രഷറുമുള്ളവർ മാസ്ക് ധരിക്കണം – മന്ത്രി

രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George). സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു .

ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. {People with high blood pressure and diabetes should wear masks: Health Minister}

ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു.

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നു. പ്രാഥമിക തലത്തില്‍ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ സബ്‌സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വളരെ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുവതിയെ പോക്സോ കേസിൽ കുരുക്കാൻ പതിനേഴുകാരനെ പീഡിപ്പിച്ച സംഘം പിടിയിൽ

യുവതിയുടെ പേരില്‍ വ്യാജ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂർ വേലൂപ്പാടം പൗണ്ട് സ്വദേശി കാട്ടാളന്‍ വീട്ടില്‍ ജിബിന്‍ (33), കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ നിഖില്‍ (34), വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടില്‍ ശ്രീജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്.

വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പ്രതികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. യുവതിക്കെതിരേയുള്ള പരാതി പോക്‌സോ വകുപ്പില്‍പ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൊഴി നൽകാനായി പ്രേരിപ്പിച്ചു. നിഷേധിച്ചതോടെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. സംഘത്തിലുണ്ടായിരുന്ന സുമന്‍ എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ എട്ടോടെ കുറുമാലിപ്പുഴയോരത്തേക്ക് വിളിച്ചുവരുത്തിയ സംഘം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു.

ഇ പി ജയരാജൻ്റെയും കുടുംബത്തിൻ്റെയും വൈദേകം ഓഹരി സ്വന്തമാക്കാൻ രാജീവ് ചന്ദ്രശേഖർ എം പിയുടെ പങ്കാളിത്ത കമ്പനിയും

0

വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള ഓഹരി വാങ്ങാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയും. ഈ കമ്പനിയുമായി കരാര്‍ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഇതുൾപ്പെടെ വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിഇഒ തോമസ് ജോസഫ് സമ്മതിച്ചു.

ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. കേന്ദ്രമന്ത്രി എ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പാണ് റിസോര്‍ട്ട് ഏറ്റെടുക്കുന്നത്. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം 15 ന് കരാര്‍ ഒപ്പിടുമെന്നാണ് വിവരം.

ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാർത്തയായതോടെ ഇപി ജയരാജന്‍റെ ഭാര്യ പി.കെ ഇന്ദിര നിഷേധിച്ചു. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം.

വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ അടക്കം ഇപി ജയരാജന്‍ പ്രതിസന്ധിയിലായിരിക്കെയാണ് റിസോര്‍ട്ട് വില്‍പ്പന നീക്കം

ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും നിക്ഷേപത്തിൽ സംശയം പ്രകടിപ്പിച്ച് പി ജയരാജൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദമുയർന്നത്.

നടക്കുന്നത് കൊടുക്കൽ വാങ്ങൽ – വി ഡി സതീശൻ

താന്‍ റിസോര്‍ട്ടിന്റെ ആരുമല്ല എന്നായിരുന്നു വിവാദങ്ങളോടുളള എൽഡിഎഫ് കൺവീനറുടെ പ്രതികരണം. റിസോര്‍ട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച് നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അത് നശിപ്പിക്കണമെന്നുണ്ടാകുമെന്നായിരുന്നു ഇ പിയുടെ പ്രതികരണം.

റിസോർട്ട് വിറ്റ് വിവാദത്തിന് അന്ത്യം കുറിയ്ക്കാനാണ് ഇ പി ജയരാജൻ ശ്രമിക്കുന്നത്. റിസോർട്ട് വിൽക്കുന്നതോടെ ഇ പിയുടെ ഭാര്യ അടക്കമുള്ള നിലവിലെ ഓഹരി ഉടമകൾ കമ്പനിയിൽ നിന്ന് പൂർണ്ണമായും ഒഴിവാകും. ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജൻ.

അതേസമയം എല്‍ഡിഎഫിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് കൈമാറുന്നത് കൊടുക്കല്‍ വാങ്ങലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബുദ്ധിമുട്ട് ആയപ്പോള്‍ രക്ഷിക്കാന്‍ മറ്റ് അദ്ദേഹം വന്നു. പരസ്പരം സ്‌നേഹമുണ്ട്. യഥാര്‍ത്ഥ കൂട്ടുകാരന്‍ ആര് എന്ന് തെളിയിച്ചുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഇരുപത്തൊന്നുകാരനെ ആന ചവിട്ടിക്കൊന്നു

ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് രക്തം ഛർദ്ദിച്ച നിലയിൽ വനാതിർത്തിയിലെ കൃഷിയിടത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

എബിന്റെ നെഞ്ചിൽ ആന ചവിട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം. കേരളത്തിൽ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കയാണ്.

കണ്ണൂർ ആറളം ഫാമിൽ മാർച്ച് 17 ന് വിറക് ശേഖരിക്കാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂരിൽ മാത്രം 12 പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ഭാഗത്ത് ആനമതിൽ പണിയുന്നു എന്നത് വാർത്തയിൽ ഒതുങ്ങി.

സ്കൂട്ടർ യാത്രികരായ സഹോദരങ്ങളുടെ മരണം, കെ എം മാണി ജൂനിയറെ അറസ്റ്റ് ചെയ്തു

സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. 19കാരനായ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ പുനലൂർ പാതയിൽ മണിമല ബിഎസ്‌എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കേസ് മാറ്റാൻ ശ്രമിച്ചു എങ്കിലും ദൃക്സാക്ഷി മൊഴികൾ വരെ എതിരായി. ‘ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നു; ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി’; എന്ന് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.

കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു.മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും.

മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ബൈക്ക് യാത്രികർ. എതിർ ദിശയിൽ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിർദിശയിലേക്ക് കറങ്ങി തിരിഞ്ഞ് സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കയായിരുന്നു. ഇതിൻ്റെ സി സി ടിവി ദൃശ്യങ്ങളും പ്രചരിച്ചു. ഇത് ഓടിച്ചത് കെ.എം മാണി ജൂനിയർ ആയിരുന്നു. സാധാരണ ഗൾഫ് രാജ്യങ്ങളിൽ ഒക്കെ കണ്ടു വരുന്ന ഡ്രൈവിങ് അഭ്യാസമാണ്. അമിത വേഗതയിൽ ബ്രേക്ക് ചവിട്ടി വണ്ടി തിരിക്കുക എന്നത്. പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം.

ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശസ്ത്രക്രിയക്കിടെ സർജിക്കൽ തുണി ഗർഭപാത്രത്തിൽ നിന്നു നീക്കിയില്ല; മാസങ്ങളോളം വേദന തിന്ന് യുവതി

പ്രസവശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയ കാരണം യുവതി മാസങ്ങളോളം വേദന തിന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ദുരനുഭവം. തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. പല തവണ പരാതിപ്പെട്ടിട്ടും ഡോക്ടർ ഇത് പരിശോധിച്ചറിഞ്ഞില്ല. മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തുണി കണ്ടെത്തി‌. മണിക്കൂറുകൾനീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്.

നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ്‌ (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞവർഷം ജൂലായ് 26-നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ നിന്നും മാറ്റാതെ അശ്രദ്ധമായി ശരീരം തുന്നിച്ചേർത്തു. ആറുദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയതോടെ ഇവർക്ക് സ്ഥിരം ആരോഗ്യപ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകുമെന്ന് മറുപടി നൽകി തിരിച്ചയച്ചു.

പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ വിദഗ്ധ ചികിത്സതേടി. ഇവിടെ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. ഡോക്ടർ സുജാ അഗസ്റ്റിനെതിരെ വകുപ്പ് തല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പൊലീസ് എഫ് ഐ ആർ ഇട്ടു.

എ എ പി ദേശീയ പാർട്ടി, സി പി ഐയ്ക്ക് സ്ഥാനം നഷ്ടമായി

ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ദേശീയ പാര്‍ട്ടി പദവി അനുവദിച്ചു കിട്ടി . സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ഇനി അവ പ്രാദേശിക പാര്‍ട്ടികൾ മാത്രമായിരിക്കും. പൊതു ചിഹ്നം ഉണ്ടാവില്ല.

ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടണം. അല്ലെങ്കില്‍ ലോക്‌സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണം.

ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവർക്കും പൊതുവായ ചിഹ്നം ലഭിക്കില്ല.

ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., ബി.എസ്.പി., നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ. ഇവയോടൊപ്പം എ.എ.പിയും അംഗീകാരം നേടി എത്തി.

നവ ഫാസിസം അരമന കയറുന്നത് പരിഭ്രാന്ത്രി കൊണ്ട് : കെ ഇ എൻ

കോഴിക്കോട് : ചരിത്രം തിരുത്തപ്പെടുന്ന രാജ്യത്ത് വെറുപ്പിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്നു. ബിബിസി ഡോക്യുമെന്ററിയോടെ ഇന്ത്യയിലെ നവ ഫാസിസം സാർവദേശീയമായി ചോദ്യം ചെയ്യപ്പെടുകയാണ്. സെക്കുലർ മേലങ്കിയണിയാൻ ചിലർ അരമന കയറുന്ന കാഴ്ച ഈയൊരു പരിഭ്രാന്തി കൊണ്ടാണെന്നും കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു.
ഐ എൻ എൽ സെക്കുലർ ഇന്ത്യ റാലി ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാർ ലക്ഷ്യമിടുന്നത് ഹിന്ദു മത രാഷ്ട്രമെന്ന് തെറ്റിദ്ധരിക്കരുത്. അവർ ജാതി മേൽക്കോയ്മ രാഷ്ട്രം പടുത്തുയർത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.

ചരിത്രം പാഠപുസ്തകങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടതിന്റെ അപകടം ഗുജറാത്തിൽ നാം കണ്ടു. ചരിത്രം തിരുത്തിയ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന കേരളത്തിന്റെ തീരുമാനം ജനാധിപത്യ – മതേതര സമൂഹത്തിനുള്ള പ്രതീക്ഷയാണെന്നും കെ ഇ എൻ പറഞ്ഞു.

കെ എം ഡി സി ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ലോഗോ ഏറ്റുവാങ്ങി. കെ പി ഇസ്മായിൽ അധ്യക്ഷനായിരുന്നു. എൻ കെ അബ്ദുൾ അസീസ്, കെ കെ മുഹമ്മദ് മാസ്റ്റർ, ഒ പി റഷീദ്, റഫീഖ് അഴിയൂർ, ബഷീർ ബഡേരി, ഷർമ്മദ് ഖാൻ , എം എസ് മുഹമ്മദ്, സാലിഹ് മേടപ്പിൽ എന്നിവർ സംസാരിച്ചു.

കത്തീഡ്രൽ സന്ദർശനം, പ്രധാനമന്ത്രിയെ ട്രോളി മുഖ്യമന്ത്രി

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണെങ്കില്‍ നല്ല കാര്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

എല്ലാ വിഭാഗവും മനസ്സില്‍ കുളിര്‍മയോടെയാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. നല്ല കാര്യം തന്നെ. ‘എങ്ങനെയാണെങ്കില്‍’ എന്ന ആനുഷംഗിക പ്രയോഗം നടത്തിയാണ് മുഖ്യ മന്ത്രിയുടെ കമൻ്റ്.

എങ്ങനെയാണെങ്കിൽ- “ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍. പക്ഷെ രുചിയറിഞ്ഞ പുലി ആ വഴിക്കുതന്നെയല്ലേ സഞ്ചരിക്കുക” എന്നും മുഖ്യമന്ത്രി വലിയ രാഷ്ട്രീയ ചോദ്യം ഉന്നയിച്ചു.

സംസ്ഥാനത്ത് സംഘപരിവാര്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷം ഇന്ത്യയിലെ ആദ്യ സന്ദർശനം

ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദർശിച്ചത്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു. തന്റെ ദേവാലയ സന്ദർശനം സമൂഹത്തിൽ സന്തോഷവും സൗഹാർദ്ദവും പരത്താൻ ഇടയാക്കട്ടെയെന്ന് സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മോഡി ട്വീറ്റു ചെയ്യുകയും ചെയ്തു.

കേരളത്തിൽ അടക്കം ക്രൈസ‌്‌തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബി.ജെ.പിയുടെ നിർണായക നീക്കങ്ങൾക്കിടെയാണ് മോദിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

കനത്ത സുരക്ഷയിലാണ് ഡൽഹി സീറോമലബാർ സഭയുടെ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ മോഡി എത്തിയത് വൈകിട്ട് 5.30ന് ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, കത്തീഡ്രൽ വികാരി ഫ്രാൻസിസ് സ്വാമിനാഥൻ തുടങ്ങിയവർ സ്വീകരിച്ചു.

കത്തീഡ്രലിനുള്ളിൽ പ്രവേശിച്ച പ്രധാനമന്ത്രി അൾത്താരയ്‌ക്കു മുന്നിൽ പ്രതിഷ്ഠിച്ച തിരുരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു. ബിഷപ്പുമാർക്കൊപ്പമിരുന്ന് കൊയർ സംഘത്തിന്റെ ഗാനങ്ങളിൽ പങ്കെടുത്തു. വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം പള്ളി അങ്കണത്തിൽ ചെടി നടുകയും ചെയ്തു. 

2019ലെ ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനത്തിൽ 250പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലെ കൊച്ചിക്കാഡെ പള്ളിയാണ് മോഡി ആദ്യമായി സന്ദർശിച്ച ക്രിസ്തീയ ദേവാലയം.

ഏതാനും മാസം മുൻപു രാഷ്ട്രപതി ദ്രൗപദി മുർമുവും സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു. 1986ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയ്‌ക്കൊപ്പം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.

ട്രോളിയത് രാഷ്ട്രീയം

ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗലാൻഡിലും മേഘാലയിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കുതിപ്പ് നടത്തി. കേരളത്തിൽ ക്രിസ്‌ത്യൻ വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ കാര്യമായ നീക്കത്തിലാണ്. ആദ്യ മോഡി മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകി. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പാർട്ടി അംഗത്വ നൽകി. ക്രിസ്‌തീയ പുരോഹിതൻമാരുമായി ചർച്ചകൾക്ക് തുടക്കമിട്ടു.