പണിഷ്മെൻ്റ് ട്രാൻസ്ഫർ നേടി എത്തി വീണ്ടും കൈക്കൂലിക്ക് കൈനീട്ടി, എസ് ഐ അറസ്റ്റിൽ

അപകടത്തിലായ വാഹന ഉടമയിൽ നിന്നും കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ. വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍നിന്ന് വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് 2000 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തു.

കഴിഞ്ഞദിവസം ആര്‍പ്പൂക്കര തൊണ്ണംകുഴിയില്‍ പരാതിക്കാരൻ്റെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. 10,000 രൂപ നല്‍കി ഈ കേസ് ഒത്തുതീര്‍പ്പാക്കി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ അരലിറ്റര്‍ വിദേശമദ്യം ഉണ്ടായിരുന്നത് മുൻ നിർത്തി വീണ്ടും വിലപേശി കൈക്കൂലി ആവശ്യപ്പെട്ടു.

തൃക്കൊടിത്താനം സ്റ്റേഷനില്‍നിന്ന് നടപടിക്ക് വിധേയനായി ഗാന്ധിനഗറില്‍ സ്ഥലം മാറിയെത്തിയതായിരുന്നു നസീര്‍.

5G വെറും നെറ്റ് വേഗമല്ല, കാത്തിരിക്കുന്നത് രണ്ട് കോടിയിൽ അധികം തൊഴിൽ അവസരങ്ങൾ

5ജി വെറും കമ്മ്യൂണിക്കേഷൻ സൌകര്യങ്ങളിലെ വിപ്ലവമല്ല. ഈ രംഗത്ത് ഇപ്പോൾ തന്നെ ഒരു ലക്ഷത്തിൽ അധികം സാങ്കേതിക വിദഗ്ധരുടെ കുറവുണ്ട്. ഫൈവ് ജിയും അനുബന്ധ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട നൈപുണ്യവികസനത്തില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ. രാജാരാമന്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ ഈ രംഗത്ത് 1.4 ലക്ഷം തൊഴിലാളികളുടെ കുറവുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ടെലികോം വകുപ്പ്. അതിനാല്‍, കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമാണ്. ഡല്‍ഹി ആസ്ഥാനമായ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ (ടി.എസ്.എസ്.സി.) കണക്കുപ്രകാരം, 2025ഓടെ രണ്ടുകോടിയിലധികം വിദഗ്ധരെ ആവശ്യമാണ്.

ഈ മേഖലയുമായി ബന്ധപ്പെട്ട് 58 കോഴ്‌സുകള്‍ ടി.എസ്.എസ്.സി. വികസിപ്പിച്ചിട്ടുണ്ട്. അതിനുപുറമേ, ബിരുദ വിദ്യാര്‍ഥികള്‍ക്കായി 5ജി അധിഷ്ഠിത ഓപ്ഷണല്‍ കോഴ്‌സ് എ.ഐ.സി.ടി.ഇ. ആരംഭിച്ചു. പോളിടെക്‌നിക്കുകളിലും ഐ.ടി.ഐ.കളിലും നടത്തുന്ന ചില കോഴ്‌സുകള്‍ 5ജിക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്ന് നൈപുണ്യവികസന മന്ത്രാലയത്തോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

5ജി സേവനങ്ങള്‍ വ്യാപകമാക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ബോധവൽക്കരണം ആവശ്യമാണ്. ഏത് സംസ്ഥാനമാണ് ആദ്യം ഈ രംഗത്തെ ആവശ്യങ്ങൾ മനസിലാക്കി കോഴ്സുകൾ രൂപകല്പന ചെയ്യുന്നത് എന്നത് പ്രധാനമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അനവധി സാധ്യകളുണ്ട്. പക്ഷെ എത്ര പെട്ടെന്ന് എത്രമാത്രം ആസൂത്രണത്തോടെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പ്രതിയായ ലഖിംപൂർ കൂട്ടക്കൊല കേസ് പൂർത്തിയാക്കാൻ അഞ്ച് വർഷം വേണമെന്ന് വിചാരണ കോടതി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് അവകാശപ്പെട്ട് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ ഇത്രയും ദൈർഘ്യമേറിയ കാലം ആവശ്യപ്പെട്ടിരിക്കുന്നത്.

208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും ആണ് അവകാശം. 171 രേഖകളും, 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്.

എന്നാൽ ഇതിനെതിരെ കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്നുപേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തു. ആശിഷ് മിശ്ര നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13-ലേക്ക് മാറ്റി.

അരവണയിൽ ഗുരുതര കീടനാശിനി സാന്നിധ്യം, വിതരണം വിലക്കി ഹൈക്കോടതി ഉത്തരവ്

0

ശബരിമല അരവണയില്‍ ഗുരുതരമായ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിതരണം തടഞ്ഞ് ഹൈക്കോടതി. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. എലക്കായിലാണ് കീടനാശിനികളുടെ അധിക അംശങ്ങൾ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡിന് ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.

കരാറുകാരുടെ മത്സരമെന്ന് ബോർഡ്

ശബരിമല അരവണയിലെ ഏലക്കയില്‍ ഗുരുതരമായ വിഷാംശമുണ്ടെന്ന കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. കരാറുകാരുടെ കിടമത്സരമാണ് പരാതിക്കു പിന്നില്‍. പരാതിക്കാരന്റെ ഏലക്കയ്ക്കും ഗുണനിലവാരമില്ലായിരുന്നെന്നും അനന്തഗോപന്‍ പറഞ്ഞു. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നും വ്യക്തമാക്കി.

റിപ്പോർട്ട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ലാബിൽ

എന്നാൽ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ അളവില്‍ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. പതിന്നാലിനം കീടനാശിനികളുടെ അനുവദനീയമായതിലുമധികം അളവില്‍ ഈ ഏലക്കയിലുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.

എഫ്.എസ്.എസ്.എ.ഐ.യുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഏലക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കുന്നുണ്ടോ എന്നും എത്ര അരവണ സ്‌റ്റോക്കുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. ആറു ലക്ഷത്തോളം ടിന്‍ അരവണ ശബരിമലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഇതിന് മറുപടി അറിയിച്ചു. തുടര്‍ന്ന് ഇവ ഇനി വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തീര്‍ഥാടകരുടെ താത്പര്യം സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ പ്രധാനമാണെന്നും കോടതി പറഞ്ഞു.

. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിൽ കോടതി ലാബ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ഒന്നരക്കോടിയുടെ പുകയില ഉല്പന്നങ്ങളുമായി സിപിഎം നേതാവിൻ്റെ ലോറി; ഒത്താശയ്ക്ക് കുട്ടി നേതാക്കൾ; വിവാദം കൊഴുക്കുന്നു

ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേർ പ്രാദേശിക നേതാക്കളാണെന്ന വാർത്ത പുറത്തു വന്നതോടെ പ്രതിസന്ധിയിലായി സി പി എം . മുഖ്യപ്രതി ഇജാസ്  സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവും സജാദ്, ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. കൗണ്‍സിലര്‍ എ ഷാനവാസിന്‍റെ പിറന്നാൾ ആഘോഷത്തിൽ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഷാനവാസിൻ്റെ ലോറിയാണ് നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിച്ചത്.

ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തില്‍ സിപിഎം കൗണ്‍സിലർ ഷാനവാസാണ് ആരോപണ വിധേയനായിട്ടുള്ളത്. ലോറി ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കേസില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കന്നത് ഇജാസ് ഇക്ബാലാണ്. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. നാല് മാസം മുമ്പ് സമാനമായ കേസില്‍ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ല. ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ് മൂന്നാം പ്രതിയായ സജാദ്. ഇതിനിടെ മുഖ്യപ്രതി ഇജാസുമായി കൗണ്‍സില്‍ എ ഷാനവാസിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.

കഴിഞ്ഞ ജനുവരി നാലിന് ആലപ്പുഴ നഗരത്തിലെ കാബിനറ്റ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന എ ഷാനവാസിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒന്നരക്കോടിയുടെ പാന്‍മസാല പിടികൂടുന്നതിന് നാല് ദിവസം മുമ്പാണ് പരിപാടി നടന്നത്. കൂടെ നിരവധി യുവനേതാക്കളുമുണ്ട്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സൗരവ് സുരേഷ്, ഡിവൈഎഫ്ഐ തുമ്പോളി മേഖലാ സെക്രട്ടറി സൽമാൻ, ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ സെക്രട്ടറി സിനാഫ്, എസ്എഫ്ഐ ആലപ്പുഴ ഏരിയാ സെക്രട്ടറി അമല്‍ നൗഷാദ് എന്നിവരെയും ദൃശ്യങ്ങില്‍ കാണാം.

പ്രതികളുമായി തനിക്ക് ഒരു ഇടപാടുമില്ലെന്നായിരുന്നു സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ ഷാനാവാസ് വിശദീകരിച്ചത്. യോഗത്തില്‍ പങ്കെുടത്ത് സിപിഎം ജില്ലാ സെക്രട്ടിറി ആര്‍ നാസര്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന് ഇന്ന് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ്  ചേരുമെന്നും യോഗത്തെ അറിയിക്കുകയായിരുന്നു. ഷാനവാസില്‍ നിന്ന് ലോറി വാടക്കക്കെടുത്ത കാര്യം പുത്തന് പുരക്കല്‍ ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് താനല്ലെന്നും ഷാനവാസിന്റെ സുഹൃത്തായ ഇജാസാണെന്നുമാണ് പറയുന്നത്.

ഷാനവാസിനും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ ഷാനവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

55 യാത്രക്കാരെ മറന്നു വെച്ച് വിമാനം പറന്ന് പോയി; ഡിജിസിഎ റിപ്പോർട്ട് തേടി

അൻപത്തി അഞ്ച് യാത്രക്കാരെ കയറ്റാൻ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി. ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു ബസിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മറന്നായിരുന്നു ടേക് ഓഫ്. സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടി.

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട, തിങ്കളാഴ്ച രാവിലെ 6.30 ന്റെ ജി8 116 വിമാനത്തിലാണ് സംഭവം. വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതിൽ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതർ മറന്ന് പോയത്.

യാത്രക്കാർ പരാതി നൽകിയതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം അടുത്ത 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തി കയറ്റി വിട്ടു..

സംഭവത്തിൽ ഗോ ഫസ്റ്റ് അധികൃതർ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ഡി ജി സി എ റിപ്പോർട്ട് തേടി

ലോക് സഭയിലേക്ക് പ്രതിപക്ഷത്തിൻ്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർഥി സാധ്യത തള്ളി യെച്ചൂരി

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ  പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു .എന്നാൽ കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി രൂപപ്പെട്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമുള്ളതിനാൽ സാധ്യത വളരെ കുറവാണ്. അതിനു കഴിയാതെ പോകുന്നത് പോരായ്മയാണെന്നും യെച്ചൂരി പറയുന്നു. പ്രാദേശിക കക്ഷികളിൽ ചിലർ കോൺഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. ഇൗ സാഹചര്യം നിലനിൽക്കുന്ന കാലത്തോളം ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി സാധ്യമായേക്കില്ല.

നിർണ്ണായകമാവുന്നത് കോൺഗ്രസ് ശേഷി ആർജ്ജിക്കുമോ എന്നത് തന്നെ

​പ്രതിപക്ഷ സഖ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിയാർജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സർക്കാരുകളെ താഴെയിറക്കിയത് കോൺഗ്രസാണ്. ആ സാഹചര്യം ഇപ്പോഴില്ല. ലോക്‌സഭയിലെ രണ്ടക്ക സംഖ്യകൾ കോൺഗ്രസ് മറികടന്നാൽ, 2004-ലേതോ 2009-ലേക്കോ പുനഃസൃഷ്ടിക്കാനാകുമോ എന്നതാണ് പ്രധാനം.

ഛിന്നഭിന്നമായ ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്.എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്നത്ര സീറ്റുകൾ നേടാൻ ആഗ്രഹിക്കുകയാണ്. പ്രാദേശിക പാർട്ടികൾക്ക് സീറ്റുകൾ നേടുന്നതിലെ പരിമിതി നമുക്ക് മനസിലാക്കാം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ ബിജെപി ഇതര സഖ്യത്തെ നയിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് പ്രധാനം. കോൺഗ്രസ് സീറ്റ് വർധിപ്പിക്കുകമാത്രമാണ് പോംവഴി- യെച്ചൂരി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. പ്രതികരണങ്ങൾ എത്രത്തോളം അവർക്ക് സംഘടനപരമായി ഗുണകരമെന്നത്  കാത്തിരുന്നു കാണേണ്ടി വരും. പാർലമെന്‍റില്‍ മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി ഇപ്പോൾ സിപിഎം ആണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം റദ്ദാക്കി, അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമെന്ന് കോടതി

0

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി.

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിൻ്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. പ്രകൃതിക്കും ജീവനും ഭീഷണിയായി ഇവയുടെ അനിയന്ത്രിത ഉപയോഗം വഴിവെച്ചിരുന്നു.

കടകളിൽ ഉപയോഗിക്കുന്നവയുടെ നിരോധനം റദ്ദാവില്ല

സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ‍‍‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരിക. 

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം. ഇത്തരം ക്യാരി ബാഗ് നിർമാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്.  കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്.

സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരും. നശിക്കുന്നില്ല എന്നതുമാത്രമല്ല  പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുഎന്നതുമാണ് പ്രധാന കാരണം.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി അംഗീകരിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണ ചർച്ച മുന്നോട്ട്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഎം സഹകരണം സംബന്ധിച്ച ചർച്ച തുടങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിച്ചു വരികയാണ്. പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരായ വോട്ട് വിഭജിക്കപ്പെടാതെ പ്രതിപക്ഷ മുന്നണി രൂപപ്പെടുത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസിലും സിപിഎമ്മിലും സജീവമാണ്. കേരളത്തില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ആശയ കുഴപ്പമുണ്ട്. ഇന്നും നാളെയുമായി ചേരുന്ന ത്രിപുര സിപിഎം സംസ്ഥാന സമിതി യോഗത്തില്‍  ഇതിനുള്ള തന്ത്രങ്ങൾ രൂപം കൊള്ളും.

കോണ്‍ഗ്രസ് വിട്ട് തിപ്ര മോത പാര്‍ട്ടി രൂപികരിച്ച  പ്രത്യുദ് ദേബ്‍ബർമനുമായി കോണ്‍ഗ്രസ് നേതൃത്വം ച‍ർച്ച നടത്തുന്നുണ്ട്. പ്രിയങ്കഗാന്ധിയുമായി നല്ല ബന്ധം പുലർത്തുന്ന പ്രത്യുദിന്‍റെ പാര്‍ട്ടിക്ക് ഇരുപതോളം ഗോത്രവിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ട്. പ്രത്യുദിനെ ഒപ്പം നിര്‍ത്തി ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഹകരണത്തിനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ത്രിപുര,നാഗാലാൻ്റ്, മേഘാലയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ജീവൻമരണ പോരാട്ടമാണ്.

കോണ്‍ഗ്രസുമായി സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സഖ്യം വേണ്ട എന്നുമായിരുന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. പക്ഷെ ബംഗാളില്‍ ഇതു പ്രകാരം നീക്കുപോക്കുണ്ടാക്കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

എന്നാല്‍ ത്രിപുരയിലെ സ്ഥിതി അങ്ങനെയല്ലെന്നാണ് ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി സീറ്റ് വിഭജനത്തെ കുറിച്ച്  ചർച്ച നടത്തിയെന്നു വരെ വാർത്തകൾ ഉണ്ടായി. ത്രിപുരയുടെ ചുമതലുയുള്ള എഐസിസി അംഗം അജോയ് കുമാറുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തിയതാണ് വാർത്തകൾക്ക് അടിസ്ഥാനമായത്. ഞായറാഴ്ചയായിരുന്നു ഡൽഹിയിലെ കൂടിക്കാഴ്ച.


 

കോഴിക്കോടും തൃശൂരും 5G എത്തി, ചെയ്യേണ്ട കാര്യങ്ങൾ

റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിലവിൽ ലഭ്യമായി കഴിഞ്ഞു.

ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ ഉപയോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും. ഫൈവ് ജി ഫോൺ ഉള്ളവർക്ക് ഓഫർ സ്വീകരിക്കാം. 4ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്വര്‍ക്കാണ് ജിയോയുടേത്.

സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം എന്നു മാത്രമാണ് നിബന്ധന. ഇതുവഴി അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വര്‍ക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങള്‍ സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. സിം 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹത കൂടിയിരിക്കും.