വന്യജീവികൾ ഭീഷണമായി വർധിക്കുന്നു, ജനന നിയന്ത്രണം പരിഗണനയിലെന്ന് മന്ത്രി

0

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. അത് കൈവിട്ട് പോകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു. 

സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹർജി നൽകും. മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കം നടപടികൾ ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും. വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്കൊപ്പമാണ് സർക്കാർ. വനപ്രദേശത്തിന് ഉൾക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച്  പഠനം വേണം. എങ്കിലെ പുനർവിന്യാസം, കള്ളിങ് എന്നിവ സാധ്യമാകൂ
കൂടുതൽ മൃഗ ഡോക്ടർമാരുടെ സേവനം വയനാട്ടിൽ ഉറപ്പാക്കും. കുരങ്ങൻമാരുടെ വന്ധ്യംകരണം ഊർജിതമാക്കും. മഞ്ഞക്കൊന്ന എന്ന മരം വെട്ടിമാറ്റും. ഇത് പുൽമേടുകളെ ഇല്ലാതെയാക്കുന്നതാണ്. വയനാട്ടിലേക്ക് ആവശ്യമെങ്കിൽ ദ്രുത കർമ്മ സേനയെ അയക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. 

”മുഖ്യമന്ത്രിമാര തടഞ്ഞിട്ട് നടക്കാൻ വയ്യ” ഷാഫി പറമ്പിൽ

മുഖ്യമന്ത്രിമാരെ തട്ടി നടക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. നിർവാഹക സമിതിയിൽ ആയിരുന്ന പരാമർശം. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. സമുദായ നേതാക്കളെ കാണുന്നു.

ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണമെന്നും നിർവാഹക സമിതിയിൽ ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്നും ആരും സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി യോഗത്തിൽ പറഞ്ഞു. നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ ആലോചിക്കേണ്ട. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമാണ് വേണ്ടതെന്നും സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആ ജെ ഡി നേതാവ് ശരത് യാദവ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരത് യാദാവ് (75) അന്തരിച്ചു. യാദവിന്റെ മകൾ സുഭാഷിണി വാർത്ത സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനായിരുന്നു. 2022ൽ ആർ ജെ ഡിയിൽ എത്തി. ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ്.

1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി. 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.

2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി. നിതീഷിനൊപ്പം പോവാത്തതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ്‌ യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു

മധ്യപ്രദേശിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: രേഖ യാദവ്‌.

വയനാട്ടിൽ ഭീതി വർധിക്കുന്നു, കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

0

വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. പതിവ് പോലെ കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെയാണ് ആക്രമണം. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്‍റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. 

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. വനപാലകരെ നാട്ടുകാർ തടഞ്ഞു.  കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

പക്ഷിപ്പനി, പരിസരത്തെ വിദ്യാലയങ്ങൾക്ക് അവധി

0

കോഴിക്കോട് ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നാളെ അവധി പ്രഖ്യാപിച്ചത്. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍ ഇ സി ഗവണ്‍മെന്‍റ് വി എച്ച് എസ് എസ്, ആര്‍ ഇ സി ഗവണ്‍മെന്‍റ് എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ചാത്തമംഗലത്തെ റീജിയണല്‍ പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് തീവ്ര വ്യാപന ശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ സ്ഥീരകരിച്ചത്. അയ്യായിരം കോഴികളില്‍ ആയിരത്തി എണ്ണൂറ് കോഴികള്‍ ഇതിനകം ചത്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തമംഗലം പൗൾട്രി ഫാം അടച്ചു. പ്രതിരോധ നടപടിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് ഇവിടെ കള്ളിയിങ് തുടങ്ങും. നാളെ മുതല്‍ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെയാകും കൊന്നൊടുക്കുക. പത്തു കിലോമീറ്ററ്‍ പരിധിയിലുള്ള പക്ഷികളെ മറ്റിടത്തേക്ക് കൊണ്ടു പോകുന്നതിന് ജില്ലാ ഭരണ കൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലെ അവശേഷിക്കുന്ന കോഴികളെ കൊല്ലുന്നതിനൊപ്പം സമീപ പ്രദേശങ്ങളിലെ പക്ഷികളില്‍ രോഗമുണ്ടോയെന്ന കാര്യം പരിശോധിക്കും. രോഗം സ്ഥിരീകരിച്ചാല്‍ മറ്റിടങ്ങളിലേക്കും പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

കർണ്ണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച; പൊലീസിൻ്റെ കൺമുൻപിൽ യുവാവ് പ്രധാനമന്ത്രിക്കു നേരെ എത്തി

കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഹുബ്ലിയിലെത്തിയപ്പോഴാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ നിന്നും ഓരു വിദ്യാർഥി ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി.

ഹുബ്ലി വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്ക് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി എത്തിയത്. വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് മോദി പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ഇതിനിടെ, ആൾക്കൂട്ടത്തിനിടയിൽ നിന്നും കുട്ടി ബാരിക്കേഡ് മറി കടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് ഓടിയെത്തിയത്.

മാല പ്രധാനമന്ത്രിയുടെ കയ്യിൽ ഉടക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ബലം പ്രയോഗിച്ച് നീക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി റോഡിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. 11 കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കർണാടകയിൽ പ്രധാനമന്ത്രി ന്ദര്‍ശനം നടത്തുന്നത്. കർണാടകയിലെ ഹുബ്ളിയിൽ നടക്കുന്ന ഇരുപത്തിയാറാമത്‌ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി. അഞ്ച് ദിവസം നീളുന്ന യുവജനോത്സവത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നായി 7500 പേരാണ് പങ്കെടുക്കുന്നത്. മോദിക്കൊപ്പം ഗവർണർ തവർചന്ദ് ഗെഹലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 

ഗോൾഡൻ ഗ്ലോബുമായ് കീരവാണിയുടെ നാട്ടു നാട്ടു…. കാണുകയും കേൾക്കുകയും വായിക്കയും ചെയ്യേണ്ട പാട്ട്

പതിനാല് വർഷത്തിന് ശേഷമാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എ ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. 2023 ലെ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുമ്പോൾ അതിൽ അഭിമാനിക്കാൻ ഏറെയുണ്ട്.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് ആണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ നാട്ടു നാട്ടു എന്ന തകർപ്പൻ ഗാനമാണ് ലോക ശ്രദ്ധ നേടിയത്. ബുധനാഴ്ച ലോസ് ആന്‍ജലിസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.

എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മലയാളത്തിലും ഏറെക്കാലമായി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് കീരവാണ്. 2009 ൽ സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടീഷ് ചത്രത്തിൻ്റെ സംഗീത സംവാധനത്തിനാണ് ആദ്യമായി എ ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഡാനി ബോയിൽ ആയിരുന്നു സംവിധായകൻ.

127 അവേഴ്സ് എന്ന ചിത്രത്തിന് 2011 ൽ റഹ്മാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.

ഇത്തവണ ഒരു ഗാനമാണ് ആ ലോക സംഗീത കവാടം കടന്നത്. അത്രയും ആകർഷമായി ഒരുക്കിയിരിക്കുന്നു ആ പാട്ട്. ലോകത്തിലെ വ്യത്യസ്തരായ എല്ലാവിധ സംഗീത ആസ്വാദകരെയും കയ്യിലെടുക്കുന്നതാണ് അതിൻ്റെ ശാരീരം. 20 ട്യൂണുകൾ ചിട്ടപ്പെടുത്തിയ ശേഷം ആർആർആർ അണിയറപ്രവർത്തകർ വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടുവിലേക്കെത്തിയത്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.

നട്ടു നട്ടു ഊര നട്ടു….ആടാം നമുക്കാടാം വട്ടു പിടിച്ചാടാം…. പാട്ട് തർജ്ജമ

ലോക പ്രശസ്തരെ മറികടന്നെത്തിയ അംഗീകാരം

വേർ ദി ക്രോഡാഡ്‌സ് സിംഗിൽ നിന്നുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോയിൽ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ എന്നിവയെ പിന്തള്ളിയാണ് ആർആർആറിലെ ഗാനം പുരസ്ക്കാരം നേടിയത്.

ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ RRR, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച സംവിധായകനുള്ളത് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. RRRന് വിവിധ വിഭാഗങ്ങളിൽ ഓസ്ക്കാർ നോമിനേഷനായി സമർപ്പിച്ചിട്ടുണ്ട്.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

രണ്ടു നോമിനേഷനുകൾ

ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്. ഇംഗ്ലീഷ്‌ ഇതര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയിലും  ആർആർആര്‍ ഇടം നേടിയെങ്കിലും “അര്‍ജന്റിന 1985′ എന്ന ചിത്രമാണ് അവസാനം ഇതര ഭാഷാ ചിത്രങ്ങളിൽ ഇടം പിടിച്ചത്.

കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണി ആന്ധ്രപ്രദേശിലെ കൊവ്വൂരിലാണ് ജനിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലേറെ ​ഗാനങ്ങളൊരുക്കി. ബാഹുബലിയിലെ ​ഗാനങ്ങള്‍ ശ്രദ്ധ നേടിയവയാണ്. എറ്റവും പ്രിയപ്പെട്ട രാഗത്തിന്റെപേരിൽ മകൻ അറിയപ്പെടണമെന്നാഗ്രഹിച്ച അച്ഛൻ ശിവശക്തിദത്തയാണ് കൊഡൂരി മരഗതമണിയെ കീരവാണിയെന്നു വിളിച്ചത്. കീരവാണി എന്നാൽ കിളിമൊഴി എന്നാണ് മലയാള അർത്ഥം.

നീലഗിരി, ദേവരാഗം, സൂര്യമാനസം, സ്വർണച്ചാമരം തുടങ്ങിയവയാണ് ഇദ്ദേഹം പാട്ടുകൾക്ക് ഈണം നൽകിയ മലയാള ചിത്രങ്ങൾ

രാജമൌലി തിരഞ്ഞെടുത്ത പാട്ട് ഇതല്ല

അടുത്തിടെ ചിത്രം ലോസ് ഏഞ്ചൽസിലെ ഡിജിഎ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയും കയ്യടിയുമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ എസ് എസ് രാജമൗലിയ്‌ക്കും ജെആർ എൻടിആറിനും മികച്ച സ്വീകരണം ലഭിച്ചു. ശേഷം ഇവർ കാണികളുമായി സംവദിച്ചു. ചിത്രത്തിന്റെ പ്രദർശന വേളയിൽ ഇരുവരും തിയേറ്ററിൽ ഉണ്ടായിരുന്നു. പ്രേക്ഷകരുമായുളള ഇവരുടെ ചർച്ച വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരുമായി സംസാരിച്ചതിനിടയിൽ സംവിധായകൻ തന്റെ ചിത്രത്തിലെ ഇഷ്ട ഗാനങ്ങളെ കുറിച്ചും വെളിപ്പെടുത്തി. ‘നാട്ടു നാട്ടു’ എന്ന ഗാനമല്ല തനിക്ക് പ്രിയപ്പെട്ടതെന്നും ‘കൊമുരം ഭീമുറോ’ എന്ന ഗാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ തരക് തകർത്താടിയ ഗാനമാണ് കൊമുരം ഭീമുറോ. ഞാൻ ഇത് വരെ സംവിധാനം ചെയ്തതിൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമകളിലെ മികച്ച രംഗമാണ് ഇതെന്നും സംവിധാന വേളയിൽ തരകിന്റെ പുരികത്തിൽ മാത്രം ക്യാമറ വെച്ചാൽ ആ പുരികം കൊണ്ടുമാത്രം മികച്ച പ്രകടനം കാഴ്ച വെക്കാൻ അവനു കഴിയും’ – രാജമൗലി പറഞ്ഞു. ആരാധകരുമായി സംവദിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചുണ്ടായിരുന്ന അഭിമുഖത്തിലാണ് ഇക്കാര്യം രാജമൗലി വെളിപ്പെടുത്തിയത്.

യുക്രൈൻ പ്രസിഡൻ്റിൻ്റെ വസതി

യുദ്ധത്തിനുമുമ്പുള്ള യുക്രൈനില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗികവസതിയായ മരീന്‍സ്‌കി കൊട്ടാരത്തിനുമുമ്പിലാണ് ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ‘നാട്ടു നാട്ടു’ പാടിയാടിയത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടമാണ് മരീന്‍സ്‌കി കൊട്ടാരം. 2021 ഓഗസ്റ്റിലായിരുന്നു ഗാനചിത്രീകരണം.

ഹാസ്യനടനില്‍നിന്ന് യുക്രൈന്റെ യുദ്ധകാല പ്രസിഡന്റായി മാറിയ വൊളോദിമിര്‍ സെലെന്‍സ്‌കി 80-ാം ഗോള്‍ഡന്‍ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു. യുക്രൈനില്‍നിന്നുള്ള സെലെന്‍സ്‌കിയുടെ പ്രസംഗം വേദിയില്‍ കാണിച്ചു. യുദ്ധം മൂന്നുഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതര പുരസ്കാരങ്ങൾ

ഫാബിൾസ്‌മാൻസ്‌ എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനുള്ള ​ഗോള്‍ഡന്‍​ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാർഡും ചിത്രം നേടി. നടി (ഡ്രാമ)–- കെയ്‌റ്റ്‌ ബ്ലാചെറ്റ്, നടൻ (ഡ്രാമ)–- ഓസ്‌റ്റിൻ ബട്‌ലർ, നടി (സംഗീതം/ കോമഡി)–- മിഷേൽ യോ, നടൻ (സംഗീതം/ കോമഡി)–- കൊളിൻ ഫാരൽ,  ഇംഗ്ലീഷ്‌ ഇതര ചിത്രം–- അർജന്റീന 1985, തിരക്കഥ–-  മാര്‍ട്ടിന്‍.

നയനയുടെ കൊലപാതകത്തിന് പിന്നാൽ ആരാണ്; പൊലീസ് ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്

യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റിരുന്നു. ഇതിൻ്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ പരാതപ്പെട്ടിരുന്നു. ഇതോടെ നയനയുടെ മരണം കൊലപാതകമാണെങ്കിൽ തന്നെ അതിൽ പൊലീസിൻ്റെ താത്പര്യം എന്തായിരുന്നു എന്നതു കൂടി ദുരൂഹത വർധിപ്പിക്കയാണ്.

മരണ ശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ കൊലപാതക സൂചന വ്യക്തമായിരുന്നു എന്നാണ് വ്യക്തമാവുന്നത്. എന്നിട്ടും പൊലീസ് എന്തിന് ഇത് മറച്ചു വെച്ചു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കൊലപാതകയുമായി നിയമപാലകരുടെ ബാന്ധവം എന്തായിരുന്നു എന്നതും ദുരൂഹമായി തുടരുകയാണ്.

മരണത്തിന് ഒരാഴ്ച മുൻപ് നയനയെ മർദ്ദിച്ചത് ആരാണ്

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട്് തന്നെ ഒരാൾ മർദിച്ചതാണെന്ന് നയന പറയുകയും ചെയ്തു. നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മർദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ആൽത്തറ ജങ്‌ഷന്‌ സമീപത്തെ ഈ വാടക വീട്ടിലായിരുന്നു നയനയെ (28) 2019 ഫെബ്രുവരി 24-ൽ മരിച്ച നിലയിൽ കണ്ടത്.

മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഫോണിൽവിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഗുരുവും സംവിധായകനുമായ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേർന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. താൻ മരണപ്പെടുകയാണെങ്കിൽ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടിൽ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തു. മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാൻ ചെന്നപ്പോൾ പോലീസ് തടഞ്ഞു. ഒടുവിൽ സഹോദരൻ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങൾ കണ്ടെടുക്കുകയും മൃതദേഹത്തിൽ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു.

പൊലീസ് ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത്

അതേസമയം നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരമൊരു മരണത്തിൽ പോലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി. ലാപ്‌ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക്് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല.

നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിണ്ടോ എന്നാവും പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.

ഫോറൻസിക്ക് മേധാവിയുടെ റിപ്പോർട്ട് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആരായിരുന്നു

ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് ന ൽകിയിട്ടില്ലെന്നും കൊലപാതക സാധ്യ തയെന്നായിരുന്നു തന്റെ ആദ്യ നിഗമ നമെന്നുമാണ് ഫോറൻസിക്ക് മേധാവി കെ ശശികല വെളിപ്പെടുത്തിയത്. തന്റേതെന്ന പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞിരുന്നു

നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് അന്നത്തെ ഫോറൻസിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന മൊഴിയിൽ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമർശമാ ണുണ്ടായിരുന്നത്. അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയിൽ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി.

എന്നാൽ ഇത്തരത്തിലുള്ള മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്ന് ശശികല പറയുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള കഴുത്തിന്റെ ഇടതുഭാ ഗത്ത് 31.5 സെന്റിമീറ്റർ നീളത്തിൽ ഉര ഞ്ഞുണ്ടായ മുറിവ് പൊലീസിന്റെ ഇ ൻക്വസ്റ്റിലില്ല. താടിയെല്ലിൽ 6.5 സെന്റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുൻവശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളു ണ്ടായിരുന്നു.

കഴുത്തിന് മുൻഭാഗത്തും താഴെയും നെഞ്ചിന്റെ ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായി രുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടി മുണ്ട്. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയന സൂര്യനെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹ പരിശോധന ഫലത്തിലുള്ളത്.

അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായിക സുഹൃത്തുക്കൾ പരാതിയുമായി രംഗ ത്തെത്തുകയായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധാ യികയായിരുന്നു.

സർക്കാർ ഫാമിലും പക്ഷിപ്പനി, 1800 കോഴികൾ ചത്തു

0

ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ വിമാനമാർഗം കൊടുത്തയച്ച സാമ്പിളുകൾ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്.

ജനുവരി ആറ് മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപെട്ടിരുന്നു. മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികൾക്ക് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വർധിച്ചതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചത്.

5000ല്‍ പരം കോഴികളുള്ള ഫാമില്‍ നിലവിൽ 1800 എണ്ണം ചത്തു. ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസ്, എ.ഡി.ജി.പി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായി മന്ത്രി അറിയിച്ചു.

തുടർ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യുന്നതാണ്. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളാന്‍ മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

തമിഴ് നാട്ടിൽ നിന്നും എത്തിച്ച 400 കിലോ ചത്ത കോഴിയുടെ ഇറച്ചി പിടികൂടി

കൊച്ചിയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ ഇറച്ചിയും 150 കിലോ പഴകിയ എണ്ണയും പിടികൂടി. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തിരുന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞു. ഫ്രീസറിനകത്താണ് ദുർഗന്ധം വമിക്കുന്ന ഇറച്ചി സൂക്ഷിച്ചിരുന്നത്.

കളമശ്ശേരി ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മാസങ്ങൾ പഴക്കമുള്ളതാണ് ഇതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തമിഴ്നാട്ടിൽനിന്നാണ് ഇറച്ചി എത്തിച്ചതെന്നാണ് കണ്ടെത്തൽ. അവിടെയുള്ള കോഴിഫാമുകളിൽനിന്നുള്ള ചത്ത കോഴികളെ ശേഖരിച്ച് ഇറച്ചിയാക്കി രഹസ്യമായി ഇവിടേക്ക് എത്തിച്ചതായാണ് കരുതുന്നത്. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകക്കെടുത്ത് ഇറച്ചി കച്ചവടം നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണ്.