മാതാപിതാക്കൾക്ക് ഒപ്പം പേനവിറ്റതിന് ശിശുഭവനിലാക്കിയ കുട്ടികളെ മോചിപ്പിച്ചു; ബാലാവകാശ നിയമം കുട്ടികളുടെ ക്ഷേമത്തിനാണെന്ന് ഓർമ്മപ്പെടുത്തി ഹൈക്കോടതി

മാതാപിതാക്കൾക്ക് ഒപ്പം വഴിയോരത്ത് പേനയും എഴുത്തുപകരണങ്ങളും വിറ്റതിന് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു. നവംബര്‍ 29 മുതല്‍ പള്ളുരുത്തിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഏഴും ആറും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയാണ് മോചിപ്പിച്ചത്.

മാലയും വളയും പേനയുമൊക്കെ വിറ്റു ജീവിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മക്കളായിരുന്നു ഇവര്‍. മാതാപിതാക്കളെ സഹായിക്കാനായി റോഡില്‍ പേനയും മറ്റും വില്‍ക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് ചോദിച്ചുകൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണ്‍ കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയക്കാന്‍ ഉത്തരവിട്ടത്.

കുട്ടികള്‍ ഹര്‍ജിക്കാരുടേതുതന്നെയോ എന്നതടക്കമുള്ള സംശയമാണ് ശിശുക്ഷേമ സമിതിയടക്കം ഉന്നയിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസാണ് കുട്ടികളെ പിടികൂടിയത്. രക്ഷിതാക്കള്‍ ഷെല്‍ട്ടര്‍ ഹോമിലെത്തിയെങ്കിലും കുട്ടികളെ കാണാൻ അനുവദിച്ചില്ല എന്നും പരാതിയുണ്ടായി. ഭാഷപോലും അറിയാത്ത രക്ഷിതാക്കള്‍ അയല്‍വാസിയെന്നനിലയില്‍ പരിചയമുള്ള അഡ്വ. മൃണാളിനെ സമീപിക്കയായിരുന്നു. ഇദ്ദേഹത്തിൻ്റെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയിലെത്തിയത്.

കുട്ടികള്‍ ശരിയായരീതിയില്‍ വളരാന്‍ അവരുടെ സംസ്‌കാരത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും അതിനാല്‍ ഡല്‍ഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാന്‍ തീരുമാനിച്ചതായുമാണ് ശിശുക്ഷേമസമിതി അറിയിച്ചത്. അതോടെയാണ് കുട്ടികളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

എന്താണ് പരിഹാരം, എല്ലാവരും അവ്യക്തതയിൽ

ബാലാവകാശ നിയമപ്രകാരമുള്ള എല്ലാ തീരുമാനങ്ങളും കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുക എന്നതാണ്.

മാതാപിതാക്കളോടൊപ്പം റോഡില്‍ അലഞ്ഞുതിരിയേണ്ടവരല്ല കുട്ടികള്‍. സ്‌കൂളില്‍ വിടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത മാതാപിതാക്കള്‍ എങ്ങനെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കും എന്നറിയില്ല. എന്നിരുന്നാലും പോലീസിനോ ശിശുക്ഷേമസമിതിക്കോ കുട്ടികളെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളില്‍നിന്ന് അകറ്റാനോ അധികാരമില്ല -കോടതി പറഞ്ഞു.

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർമാർക്കറ്റ് ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു, മൂന്നു സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ്  ഉടമ ഷാൻ പറഞ്ഞു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. 

നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാൻ പറയുന്നു.  പ്രദേശത്ത് ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് ആരോപണമുണ്ട്. 

എന്നാൽ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മർദിച്ചിരുന്നു എന്നാണ് സിഐടിയുവിന്റെ വാദം. ഷാനിനെ മർദിച്ച സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അഞ്ച് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ചടയമംഗലം പൊലീസ് അറിയിച്ചു.

സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ചെന്ന പരാതി അന്വേഷിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിനെ  ചുതലപ്പെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു. തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കും എന്നും ജയമോഹൻ പറഞ്ഞു. 

ഭക്ഷ്യ വിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തിൽ ഫ്രീസർ മലീമസമെന്ന് കണ്ടെത്തി; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി

 ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച കേസിന് തുടർച്ചയായി അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്‍റെ പരാതി.

മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മരിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് ആവശ്യപ്പെട്ടു.

മൂന്നുപേർ കസ്റ്റഡിയിൽ

കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ (19) പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. 

ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്. 

നരബലിനടത്തി മാംസം ഭക്ഷിച്ചു; ഇലന്തൂർ കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്നതടക്കം കുറ്റങ്ങൾ ചൂണ്ടികാട്ടിയാണ് കുറ്റപത്രം. 

പ്രതികൾ മനുഷ്യമാംസം കഴിച്ചതിനും തെളിവുകൾ നിരത്തുന്നു. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസെന്നും കുറ്റപത്രത്തിലുണ്ട്

തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവത്സിംഗിനെ സമീപിക്കുന്നത്. ഇതിലെ ചാറ്റും മറ്റ് ഡിജിറ്റൽ തെളിവുകളുമുണ്ട്. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ ക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റ് ദൃക്സാഷികളില്ല. എന്നാൽ മറ്റ് സത്രീകളെ അടക്കം സമീപിച്ചതിൽ ശക്തമായ സാക്ഷി മൊഴികളുണ്ട്. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ശക്തമാണ്.166 പേരാണ് ആകെ സാക്ഷികൾ. 3017 രേഖകൾ,143 സാഹചര്യ തെളിവുൾ എന്നിവയുമുണ്ട്. കൊച്ചി സെന്‍ട്രൽ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ സി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ കുറ്റപത്രം സമർപ്പിച്ചത്. റോസ്‍ലിന്‍ കേസിലെ കുറ്റപത്രവും തയ്യാറാവുകയാണ്.

സുരേന്ദ്രൻ കരുത്തനായ പോരാളി, മാറ്റുന്ന പ്രശ്നമില്ലെന്ന് മുന്നറിയിപ്പ് നൽകി ജാവഡേക്കർ

ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിൻ്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. അദ്ദേഹം നല്ല പോരാളിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വം തന്നെയാവും എന്നും ജാവഡേക്കര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമാണ് മാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ചിലര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. എന്നു പറഞ്ഞു കൊണ്ട് സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരും ഉണ്ടെന്ന സൂചനയും ജാവഡേക്കര്‍ നല്‍കി. അവർക്കുള്ള മുന്നറിയിപ്പു കൂടി നൽകിയായിരുന്നു പ്രഖ്യാപനം. കേരളത്തിൻ്റെ ചുമതലക്കാരൻ എന്ന നിലയ്ക്കാണ് പറയുന്നത് എന്നും ഓർമ്മപ്പെടുത്തി. ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജാവഡേക്കർ.

കഴിഞ്ഞ മാസം 31-ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റുമെന്ന ചർച്ചകൾ ഉയര്‍ന്നത്.

മോദിയുടെ പ്രഭാവം കേരളത്തിലും വിജയം കാണുമെന്ന് ഭയന്നാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പിന്നിലെന്നും ജാവഡേക്കര്‍ അവകാശപ്പെട്ടു.

പ്രതിഷേധം കനത്തു, അരി തേടി നാട്ടിലിറങ്ങിയ ഒറ്റയാനെ മയക്കു വെടി വെക്കാൻ ഉത്തരവ്

അരിതേടി അലയുന്ന ഒറ്റയാനെ അവസാനം മയക്കുവെടി വെക്കാൻ തീരുമാനം. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ ഈ കാട്ടാനയെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മയക്കുവെടി വെയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് ഉത്തരവ് നൽകി. ബത്തേരിക്കടത്തുള്ള വനമേഖലയിലാണ് നിലവില്‍ കാട്ടാനായുള്ളത്. നാളെ പുലര്‍ച്ചയോടെ ആനയെ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറെ അപകടം വിതച്ചിട്ടുള്ള കൊലയാളി കാട്ടാനയെന്ന് കുപ്രസിദ്ധി നേടിയിട്ടുള്ള ആനയാണിത്.

അരിതിന്നാനായി പത്തുവയസ്സിനിടെ ‘അരസിരാജ’ ഗൂഡല്ലൂര്‍ മേഖലയില്‍ നൂറോളം വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞമാസം അക്രമണത്തിനിടെയാണ് ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്. മറ്റൊരു സ്ത്രീ ചവിട്ടേറ്റും മരിച്ചു. പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരംഭീഷണിയായി തീര്‍ന്നതോടെ തമിഴ്നാട്ടിലെ വനംവകുപ്പ് പിടികൂടിയശേഷം റേഡിയോകോളര്‍ ഘടിപ്പിച്ച് മുതുമല ഫോറസ്റ്റില്‍തന്നെ തുറന്നുവിടുകയായിരുന്നു. ഒരുമാസം മുന്‍പ് യാത്രതുടങ്ങിയ ആന 170 കിലോമീറ്റര്‍ താണ്ടിയാണ് സുല്‍ത്താന്‍ബത്തേരിയിലെത്തിയത്. ഇതിനിടെ രണ്ടാഴ്ചമുന്‍പ് വനംവകുപ്പ് മുത്തങ്ങയില്‍നിന്ന് ഇതിനെ തിരികെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡും നടപ്പാതയും തമ്മില്‍ വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ട് ഭാഗ്യത്തിലാണ് സുബൈര്‍കുട്ടി രക്ഷപ്പെട്ടത്.

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിനുനേരെയും ചീറിയടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നാടിറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്. പന്തല്ലൂരില്‍ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകള്‍ ആക്രമിച്ചുതകര്‍ക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്.

മുതുമല വന്യജീവിസങ്കേതത്തിലെ സത്യമംഗലം വനത്തില്‍നിന്ന് പുറപ്പെട്ട് ബന്ദിപ്പൂര്‍ ഫോറസ്റ്റിലൂടെ കേരള അതിര്‍ത്തി കടന്ന് ആദ്യം കുപ്പാടിയിലെത്തി. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലേക്ക് പ്രവേശിച്ചു. മൂന്നുദിവസം കുറിച്യാട് മേഖലയിലുണ്ടായിരുന്നു. കട്ടയാട്ടുനിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി ടൗണിലേക്ക് കടന്നതും വഴിയാത്രക്കാരനെ അക്രമിക്കുന്നതും. രാത്രിയില്‍ ഒരു ജൂവലറിയുടെ മതിലും ആന തകര്‍ത്തിട്ടുണ്ട്. അക്രമത്തിനുശേഷം വീണ്ടും വനത്തിനുള്ളിലൂടെ താഴെകുപ്പാടിക്ക് സമീപത്തെത്തി. വൈകീട്ട് കട്ടയാട്ട് വനത്തിനോട് ചേര്‍ന്ന ഒരു റിസോര്‍ട്ടിന്റെ നാനൂറുമീറ്ററോളം അടുത്തെത്തി.

വിമാനയാത്രയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രം ഒഴിച്ച കേസിൽ കമ്പനി വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ

സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നുമാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസോ എയർപോർട്ട് അലേർട്ടോ പുറപ്പെടുവിച്ചിരുന്നു.

സഹോദരിയുടെ വീട് ബെംഗളൂരുവിലാണുള്ളത്. നേരത്തെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ ഡൽഹി പോലീസ് ഒരു സംഘത്തെ വിന്യസിച്ചിരുന്നു.

ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് നിയന്ത്രണം വിട്ടതായായിരുന്നു ആദ്യത്തെ വാർത്ത. സൂരജ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ശങ്കർ മിശ്ര ഭാര്യയ്ക്കും രണ്ട് വയസായ മകൾക്കും ഒപ്പം മുംബെയിലായിരുന്നു താമസം.

ഇയാൾ ഒളിവിൽ പോയതിന് പിന്നാലെ ശങ്കർ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. എങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇതുവഴിയാണ് പിടികൂടുവാൻ പോലീസിന് സാധിച്ചതെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. 34കാരനായ മിശ്ര ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നു ഇതും പോലീസിനെ സഹായിച്ചിരുന്നു.

മകൻ നോർമൽ ആയിരുന്നില്ലെന്ന് പിതാവ്

കേസിൽ ശങ്കർ മിശ്രയെ പിന്തുണച്ച് പിതാവ് ശ്യാ മിശ്ര രംഗത്തുവന്നിരുന്നു.

‘ഇത് പൂർണമായും തെറ്റായ ഒരു കേസാണ്. എന്റെ മകൻ യുഎസിൽ നിന്നും വരികയായിരുന്നു. യാത്രക്ക് മുൻപുള്ള 72 മണിക്കൂർ അവൻ ഉറങ്ങിയിരുന്നില്ല. യാത്രക്കിടെ അവൻ ചിലപ്പോൾ മദ്യപിക്കുകയും ഉറങ്ങുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ, അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് അവന് അറിയില്ല. അത് തെളിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്.’ ശ്യാം മിശ്ര പറഞ്ഞു.

പരാതി നൽകിയത് 72 കാരി

അതിന് പുറമെ, തന്റെ മകൻ യുവതിയെ മൂത്രമൊഴിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. “അയാൾ അത് ചെയ്യുമെന്ന് കരുതുന്നില്ല. ആ സ്ത്രീക്ക് 72 വയസ്സുണ്ട്. അവർ അവന് ഒരു അമ്മയേപ്പോലെയാണ്” സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“പരാതിക്കാരി കുറച്ച് പ്രതിഫലം ആവശ്യപ്പെട്ടിരുന്നു, അത് നൽകുകയും ചെയ്തിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അവർ പറഞ്ഞ ആവശ്യങ്ങൾ സാധിക്കാതെ വന്നിട്ടുണ്ടാകാം. അതിൽ ഉണ്ടായിരിക്കുന്ന ദേഷ്യം ഉണ്ടാകുകയോ അഭിമാനക്ഷതമുണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. അതുപയോഗിച്ച് മകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ്,” അഭിഭാഷകൻ കൂടിയായ ശ്യാം മിശ്ര പറഞ്ഞു.

കേസ് വിവാദമായതോടെ 34 കാരനായ ശങ്കർ മിശ്രയെ വെൽഡ് ഫാർഗോ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോഴിക്കോടിന് കലോത്സവ കിരീടം, കണ്ണൂരും പാലക്കാടും തൊട്ട് തൊട്ട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടമണിഞ്ഞു. ആതിഥേയരായ കോഴിക്കോടിന് തൊട്ടു പിറകെ കണ്ണൂരും പാലക്കാടുമാണ്. നേരിയ നിലയിൽ മാറിമറിഞ്ഞ പോയിൻ്റ് നില അവസാന മത്സരങ്ങളോടെ കോഴിക്കോടിന് അനുകൂലമായി.

 945 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ്.കണ്ണൂരിനും പാലക്കാടിനും  925 പോയിൻ്റ് വീതമാണ്.  . 

തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാമത്തെ ദിവസമാണ് മത്സര മികവിൽ ഇടർച്ചയുണ്ടായത്. കോഴിക്കോടാവട്ടെ ഒരേ പോലെ മികവിൽ മുന്നേറ്റം തുടർന്നു. ഏഴാം തവണയാണ് കലോത്സവത്തിന് കോഴിക്കോട് ആതിഥ്യമരുളുന്നത്. ഇരുപതാം തവണയാണ് കിരീടമണിയുന്നത്.

നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിൻറ കുതിപ്പിന് ആക്കം കൂട്ടിയത്. കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാമ്പ്യൻ സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാമ്പ്യൻമാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി. പത്താം തവണയാണ് പാലക്കാട് ഗുരുകുലം സ്കൂൾ ഒന്നാം സ്ഥാനം നേടുന്നത്..

ആലത്തൂർ ഗുരുകുലവും തിരുവനന്തപുരം കാർമലും

സ്കൂളുകളിൽ 156 പോയിന്‍റുമായി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂൾ മുന്നിട്ട് നിന്നപ്പോൾ 142 പോയിന്‍റുമായി തിരുവനന്തപുരത്തെ കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസ് വഴുതക്കാടാണ് രണ്ടാമതായി

എച്ച്എസ്എസ് വിഭാഗത്തില്‍ 71 പോയിന്‍റുമായി ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് ഒന്നാമതെത്തി. 66 പോയിന്‍റ് നേടിയ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 

സംസ്‌കൃതോത്സവത്തില്‍ 95 പോയിന്‍റ് വീതം നേടി കൊല്ലവും എറണാകുളവും ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്‍റുമായി തൃശൂരും കോഴിക്കോടും രണ്ടാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റ് വീതം നേടി പാലക്കാടും കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്‍റുകളുമായി എറണാകുളം മലപ്പുറം ജില്ലകള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

അതെസമയം ഇന്നലെ കലോത്സവത്തിൽ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകര്‍ തടഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്ന് സംഘാടകർ പറയുന്നത്. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവർ ഓൾ പോയന്റിൽ ഉൾപ്പെടില്ല. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നത്.

2018 ന് ശേഷം വീണ്ടും കോഴിക്കോട്ടേക്ക്

2018ന് ശേഷം ഇതാദ്യമായാണ് കോഴിക്കോടിന് സംസ്ഥാന സ്കൂൾ കിരീടം ലഭിക്കുന്നത്. തുടർച്ചയായ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം രണ്ട് കലോത്സവങ്ങളിൽ പാലക്കാടിന് മുന്നിലാണ് കോഴിക്കോടിന് കിരീടം നഷ്ടമായിരുന്നത്. പിന്നീട് കൊവിഡ് കാരണം രണ്ട് വർഷം കലോത്സവം നടന്നില്ല. ഇത്തവണ കോഴിക്കോടിന്‍റെ മണ്ണിൽ നടനന്ന കലോത്സവത്തിൽ കിരീടം തിരിച്ച് പിടിക്കുകയും ചെയ്തു.

ജനുവരി 3 ചൊവ്വാഴ്ചയാണ് കോഴിക്കോട് കലോത്സവം ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 105 ഇനങ്ങളിലുമാണ് മത്സരം നടന്നത്. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങളിലുമാണ് മത്സരം നടന്നത്.

ഖത്തറിൽ ഇനി ക്രിക്കറ്റ് ജ്വരം, ലെജൻ്റ്സ് ലീഗ് ഫെബ്രുവരിയിൽ

0

ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍ മഹരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നിവരാണ് കളിക്കുക. പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. 

കഴിഞ്ഞ സീസണില്‍ നാല് ടീമുകളാണ് കളിച്ചത്. 85 താരങ്ങള്‍ ലീഗിന്റെ ഭാഗമായിരുന്നു. ഇത്തവണ 60 മുന്‍താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. ഗൗതം ഗംഭീര്‍ നയിച്ച ഇന്ത്യ കാപിറ്റല്‍സാണ് കഴിഞ്ഞ തവണ ചാംപ്യന്മാരായത്. ഇര്‍ഫാന്‍ പത്താന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബില്‍വാര കിംഗ്സിനെയാണ് ടീം തോല്‍പ്പിച്ചത്. 

വിദ്യാർഥികൾക്കും പ്രത്യേക ആവശ്യങ്ങൾക്കായി മൊബൈൽ ആവാം, സ്കൂളുകളിൽ സൂക്ഷിക്കാൻ ഇടവും വേണം- ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കര്‍ശനമായി ഒഴിവാക്കണം. കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്ന് ബാലാവകാശ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ സ്‌കൂള്‍സമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. .

വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍, അഗംങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകന്‍ രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളില്‍ കൊണ്ടുപോയ മൊബൈല്‍ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ചികിത്സാ വിവരങ്ങള്‍ അടക്കമുണ്ടായിരുന്ന ഫോണ്‍ വിട്ടുകിട്ടുന്നതിനായാണ് കമ്മിഷനെ സമീപിച്ചത്.

ഫോണ്‍ മൂന്നുദിവസത്തിനകം വിട്ടുനല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതല്‍കൂട്ടാമെന്നും 2010-ല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.